‘ബാഹുബലി’ ആകാശത്ത് ബാക്കി വെച്ചത് കണ്ട് കണ്ണുതള്ളി വിമാനയാത്രക്കാര്‍

Gambinos Ad
ript>

വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 ഉപഗ്രഹം വഹിച്ചുള്ള ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് ആകാശത്ത് ബാക്കിവെച്ചത് കണ്ട അമ്പരപ്പിലാണ് ഇന്‍ഡിഗോ 6ഇ 314 വിമാനയാത്രക്കാര്‍.  ശ്രീഹരിക്കോട്ടയില്‍ നിന്നാണ് ബാഹുബലി എന്നറിയപ്പെടുന്ന ജിഎസ്എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റിലൂടെ ജിസാറ്റ് 29 ഉപഗ്രഹം വിക്ഷേപിച്ചത്.

Gambinos Ad

റോക്കറ്റ് ഉപഗ്രഹവുമായി കുതിച്ചതിന് തൊട്ടു പിന്നാലെ ഇതുവഴി പോയ വിമാനത്തിലെ യാത്രക്കാര്‍ക്കാണ് അത്ഭുത കാഴ്ച കാണാന്‍ സാധിച്ചത്. നാഗ്പൂരിനും ചെന്നൈയ്ക്കും ഇടയിലുള്ള ഇന്‍ഡിഗോയുടെ 6ഇ 314 വിമാനം ശ്രീഹരിക്കോട്ടയ്ക്കു സമീപമെത്തിയപ്പോള്‍ പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്നാണ് യാത്രക്കാര്‍ പുറത്തേക്ക് നോക്കിയത്.

പത്ത് മിനിറ്റു മുമ്പ്  ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്നു ജിസാറ്റ്29 ഉപഗ്രഹ ദൗത്യവുമായി പറന്നുയര്‍ന്ന ജിഎല്‍എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് പോയതിന്റെ ബാക്കിപത്രമായിരുന്നു ആകാശത്ത്. ശ്രീഹരിക്കോട്ടയുടെ മുകളിലൂടെ ഇന്നലെ പറന്ന ഇന്‍ഡിഗോ 6ഇ 314 വിമാനത്തില്‍ നിന്ന് പകര്‍ത്തിയ ദൃശ്യം ചെന്നൈ സ്വദേശിയായ സ്ഫടികയാണ് ഇന്നലെ ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചത്.

ഇന്ത്യയില്‍ നിന്ന് വിക്ഷേപിക്കുന്ന ഭാരമേറിയ ഉപഗ്രഹമാണ് ജിസാറ്റ് 29. 3423 കിലോഗ്രാമാണ് ജിസാറ്റ് 29 ന്റെ ഭാരം. ജമ്മുകശ്മീരിലും വടക്ക് കിഴക്കന്‍ മേഖലയിലും ഉള്‍പ്പടെയുള്ള വാര്‍ത്താവിതരണ സംവിധാനങ്ങള്‍ വേഗത്തിലാക്കാന്‍ ജിസാറ്റ് 29ന്റെ പ്രവര്‍ത്തനം ഗുണം ചെയ്യും. ഗജാ ചുഴലിക്കാറ്റ് ഭീഷണി ഉണ്ടായിരുന്നെങ്കിലും വിക്ഷേപണം വിജയകരമാണെന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന വിവരം.