“ഞങ്ങളുടെ പെണ്ണുങ്ങളുടെ വസ്ത്രങ്ങളില്‍ രക്തക്കറയാണ്, മീനിന്റെ മണവും, നിങ്ങള്‍ നിര്‍മ്മിക്കുന്ന ഫ്ലാറ്റുകള്‍ക്ക് താങ്ങാനാവില്ല ഞങ്ങളെ”

ആതിര അഗസ്റ്റിന്‍

പതഞ്ഞ് പൊന്തി വരുന്ന തിരമാലകള്‍. ഉദയാസ്തമയങ്ങളില്‍ കടലിന്റെ പശ്ചാത്തലത്തില്‍ പ്രണയിനിയുടെ കണ്ണില്‍ നോക്കിയിരുന്ന് നേരം പോക്കുന്ന ദിനങ്ങള്‍. പ്രായം മറന്ന് കടലമ്മ കള്ളിയെന്നെഴുതി തിരികെയുള്ള ഓട്ടം. ഇതൊക്കെയാണ് പലര്‍ക്കും കടലിനെ കുറിച്ചുള്ള ഓര്‍മ്മകള്‍.

ഇത്ര കാല്‍പനികവും കാവ്യാത്മകവും അല്ലാത്ത ഒരു കടലുണ്ട്. അത് അടുത്തറിയുന്ന ഒരു ജനതയും. പലപ്പോഴും അവരെ, അവരുടെ പ്രശ്‌നങ്ങളെ ആരും അറിയുന്നുമില്ല. കാലവര്‍ഷം കലിതുള്ളി പെയ്തു തുടങ്ങുമ്പോള്‍, ട്രോളിംഗ് നിരോധനം വരുമ്പോള്‍, കടല്‍ കര കയറി വീടുകള്‍ നിലംപരിശാക്കുമ്പോള്‍, അപ്പോള്‍ മാത്രം വാര്‍ത്തകളിലേക്ക് ഇടം പിടിക്കുന്ന ഒരു വലിയ കൂട്ടം മനുഷ്യര്‍. മത്തിയും അയലയും ഉച്ചയൂണിന് കിട്ടാതിരിക്കുമ്പോള്‍ പോലും നമ്മളാരും ഓര്‍ക്കാത്ത ആ കൂട്ടത്തിന് ചിലത് പറയാനുണ്ട്. ഭരണകൂടത്തിനോടും ജനപ്രതിനിധികളോടും ഇതര മനുഷ്യ വിഭാഗങ്ങളോടും അവര്‍ കടലിനേക്കാള്‍ ഉച്ചത്തില്‍ പറഞ്ഞു കൊണ്ടേയിരിക്കുന്നു.

നിങ്ങള്‍ നിര്‍മ്മിക്കുന്ന എത്ര വലിയ ഫ്‌ളാറ്റുകള്‍ക്കും ഞങ്ങളെ ഉള്‍ക്കൊള്ളാനാവില്ലെന്ന് തീരദേശ മഹിളാവേദി നേതാവും കടലോര ജനതയിലൊരാളുമായ മാഗ്ലിന്‍ പീറ്റര്‍ പറയുമ്പോള്‍ അതില്‍ ചിലതില്ലേ, അതിന് നമ്മള്‍ ഒന്ന് കാതോര്‍ക്കേണ്ടതല്ലേ…..

കേരളത്തിലെ തീരദേശ മേഖലയില്‍ നിന്നും എല്ലാ മഴക്കാലത്തും കേള്‍ക്കാം ഇങ്ങനെ ഉച്ചത്തിലുള്ള ആവശ്യങ്ങള്‍. നമ്മളാണെങ്കില്‍ കേട്ടിട്ടും കേട്ടില്ലെന്ന് നടിക്കുന്ന ആവശ്യങ്ങളാണ് അതൊക്കെയും. എറണാകുളം ജില്ലയിലെ കടലോരമേഖലയായ ചെല്ലാനത്ത് കടല്‍കടയറിയപ്പോള്‍ വാര്‍ത്തകള്‍ ചറപറാന്ന് വന്നു. പുലിമുട്ടില്ലാത്തതു കൊണ്ട് ഈ തീരത്തെ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്തണമെന്നുമൊക്കെ അഭിപ്രായങ്ങള്‍ വന്നു. വര്‍ഷങ്ങളായി ജനപ്രതിനിധികളും മാധ്യമങ്ങളും ഒക്കെ ഇടപെട്ടിട്ടും ഇത്തവണയും കടല്‍ അലറിക്കുതിച്ച് അവരുടെ വീടുകളിലേക്ക് കയറി. വീടുകള്‍ എല്ലാം വെള്ളത്തിനടിയില്‍ തന്നെ. ഒടുവില്‍ താത്കാലിക ആശ്വാസത്തിന് ജിയോബാഗുകള്‍ നിറക്കുകയാണ് പരിഹാരം എന്നതായിരുന്നു വിലയിരുത്തല്‍. മന്ത്രിസഭയാണെങ്കില്‍ കഴിഞ്ഞ ദിവസം മാറിത്താമസിക്കാന്‍ തയ്യാറുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് സ്ഥലം വാങ്ങി വീട് വെയ്ക്കുന്നതിനും അല്ലാത്തവര്‍ക്ക് ഫ്‌ളാറ്റുകള്‍ നിര്‍മ്മിക്കാനും തീരുമാനമെടുക്കുന്നു. ഈ സാഹചര്യത്തില്‍ അവരുടെ പ്രശ്‌നങ്ങളെന്തായിരിക്കും.

തങ്ങള്‍ക്ക് വേണ്ടത് താത്കാലിക ആശ്വാസമല്ല, മറിച്ച് ശ്വാശ്വത പരിഹാരമാണെന്ന് ഇവര്‍ പറയുന്നു. കുറച്ചു കൂടി തെളിച്ച് പറഞ്ഞാല്‍ തടയണകളും ജിയോബാഗുകളും മാറ്റിപ്പാര്‍പ്പിക്കലുമെല്ലാം തത്കാലം ജീവന്‍ രക്ഷിക്കാന്‍ ഉപകരിക്കും. എന്നാല്‍ മനുഷ്യന്‍ തന്നെയുണ്ടാക്കി വെയ്ക്കുന്ന ഇത്തരം പ്രകൃതിദുരന്തങ്ങള്‍ക്ക് അന്ത്യം വേണമെന്ന് അവര്‍ പറയുന്നു. അതിന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് പോലെയും വിഴിഞ്ഞം പദ്ധതി പോലെയുമുള്ളതൊക്കെ നിര്‍ത്തി വെയ്ക്കേണ്ടി വരും. എങ്ങനെയാണ് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുന്നത്. തീരത്ത് നിന്ന് വ്യാപകമായി മണ്ണെടുക്കുകയും ഡ്രഡ്ജിംഗ് പോലെയുള്ളത് ആവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ ദുരന്തഫലം അനുഭവിക്കുന്നത് തീരദേശത്തുള്ളവരാണ്. പുതുവൈപ്പ് പോലെയുള്ള പ്രദേശങ്ങളില്‍ കടലിറക്കവും കയറലും ഉണ്ടായി നിലവിലെ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാതിരിക്കാന്‍ തീരത്ത് നിന്ന് മണലെടുപ്പും നിക്ഷേപവും ഒരുപോലെ നടത്തുന്നു. വ്യാവസായിക ആവശ്യങ്ങള്‍ക്ക് വേണ്ടി ഇത്തരം സുരക്ഷയൊരുക്കുന്നത് പാവപ്പെട്ട തീരദേശ ജനതയുടെ ജീവിതം ഇല്ലാതാക്കി കൊണ്ടാണ്.

ഒരു കടല്‍ഭിത്തികള്‍ക്കും കടലിനെ പിടിച്ചു നിര്‍ത്താനാവില്ലെന്ന് കടലിനെ ഏറ്റവും അടുത്തറിയുന്ന മത്സ്യത്തൊഴിലാളികള്‍ തന്നെ പറയുന്നു. പകരം നിങ്ങള്‍ അവിടെ കണ്ടല്‍ക്കാടുകള്‍ നിര്‍മ്മിച്ചാല്‍ പിടിച്ചു നില്‍ക്കാം. പക്ഷേ, അപ്പോഴും കടലിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെയ്ക്കാതെ ഇതൊന്നും ചെയ്തിട്ട് ഒരു ഫലവും ഉണ്ടാകില്ലെന്നും അവര്‍ ഉറപ്പിച്ചു പറയുന്നു.

ഇനി മത്സ്യത്തൊഴിലാളികളുടെ ജീവിതം എല്ലാവര്‍ക്കും അറിയാവുന്നതു പോലെ തന്നെ കടലിനോടും അതിന്റെ പരിതസ്ഥിതികളോടും ചേര്‍ന്നു കിടക്കുന്നതാണ്. അവര്‍ക്ക് കടലിന്റെ സ്വഭാവം തന്നെയാണെന്ന് പറയേണ്ടി വരും. കടല്‍ നല്‍കുന്നതാണ് അവരുടെ അന്നം. കടലിന്റെ ഗന്ധം, ശബ്ദം, രൂപം, നിറം എന്നിങ്ങനെ പലതില്‍ നിന്നും അവരെ അടര്‍ത്തി മാറ്റി ഫ്‌ളാറ്റുകളിലേക്കും ദൂരെയിടങ്ങളിലേക്കും മാറ്റിപ്പാര്‍പ്പിച്ചാല്‍ ഇല്ലാതാകുന്ന ആവാസ വ്യവസ്ഥയെ കുറിച്ചും ജീവിവര്‍ഗത്തെ കുറിച്ചുമൊക്കെ എല്ലാവര്‍ക്കും നല്ല അവഗാഹമുള്ളതാണ്. അതുകൊണ്ട് സര്‍ക്കാര്‍ മയപ്പെടുത്തി ഇത്തവണ സ്വയം വന്ന് താമസിക്കാന്‍ തയ്യാറാകുന്നവര്‍ എന്ന് എടുത്ത് പറഞ്ഞിട്ടുമുണ്ട്.

ഇനി ഇവര്‍ ഇവിടുന്ന് മാറാന്‍ തയ്യാറായി എന്ന് തന്നെയിരിക്കട്ടെ, അപ്പോഴുണ്ടാകുന്ന ആദ്യപ്രശ്‌നം ഇപ്പോഴില്ലാത്ത തൊഴിലില്ലായ്മ ഒന്നുകൂടി രൂക്ഷമാകുമെന്നത് തര്‍ക്കമില്ലാത്ത കാര്യമാണെന്ന് അവര്‍ പറയുന്നു. പരമ്പരാഗത രീതിയില്‍ കടലില്‍ പോയി മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന പുരുഷന്‍മാര്‍ കുറഞ്ഞു. യന്ത്രവത്കൃത ബോട്ടുകള്‍ തങ്ങളുടെ തൊഴിലിനെ ബാധിച്ചത് ഒരു പ്രശ്‌നം. വലിയ തോതില്‍ മത്സ്യസമ്പത്ത് ഇല്ലാതായി കൊണ്ടിരിക്കുന്നു.

മാഗ്ലിന്‍ പീറ്റര്‍ പറയുന്നു, ‘അപ്പോഴും ഞങ്ങളുടെ സ്ത്രീകള്‍ക്ക് മീനിന്റെ മണമാണ്, രക്തത്തിന്റെ മണവും നിറവും ഞങ്ങളുടെ പെണ്ണുങ്ങളുടെ വസ്ത്രത്തില്‍ ഉണ്ടാകും. കേള്‍ക്കുമ്പോള്‍ വലിയ പ്രശ്‌നങ്ങളാണെന്ന് തോന്നില്ലെങ്കിലും ഈ വസ്ത്രങ്ങള്‍ ഉണക്കുന്നതും കഴുകുന്നതും അതിട്ട് യാത്ര ചെയ്ത് ദൂരസ്ഥലത്തുള്ള ഫ്‌ളാറ്റുകളിലേക്ക് പോകുന്നതും ഒക്കെ പറയുന്ന വാക്കുകളേക്കാള്‍ പ്രവൃത്തിയില്‍ ഏറെ ബുദ്ധിമുട്ടുള്ളതാണ്. ഞങ്ങളുടെ വീടുകള്‍ ചെറുതാണെങ്കിലും കടലമ്മയുടെ മുറ്റത്ത് നീളത്തില്‍ വലകള്‍ വിരിക്കാനും മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കാനും ഒക്കെ സ്ഥലമുണ്ട്. ഫ്‌ളാറ്റുകളിലെ പരിമിതികള്‍ അങ്ങനെ പല ബുദ്ധിമുട്ടും ഉണ്ടാക്കും. ഇനി 18,000 പേര്‍ക്ക് 540 സ്‌ക്വയര്‍ ഫീറ്റിലുള്ള ഫ്‌ളാറ്റുകളാണ് നിര്‍മ്മിക്കുന്നത്. കേള്‍ക്കുമ്പോള്‍ വലിയ സൗകര്യമുണ്ടെന്ന് തോന്നും. എന്നാല്‍ സര്‍ക്കാര്‍ ചേരികളുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് തോന്നും. കാരണം രണ്ട് അംഗങ്ങളുള്ളതല്ല മത്സ്യത്തൊഴിലാളിയുടെ ഒരു വീട്. നേരത്തെ കൊടുത്ത ഫ്‌ളാറ്റുകളില്‍ നിന്ന് 90 ശതമാനം ആളുകളും തിരികെ വന്നു. ഞങ്ങളുടേതായ ആചാര അനുഷ്ഠാനങ്ങളില്‍ ജീവിക്കുന്ന ഞങ്ങള്‍ക്ക് സ്വത്വമില്ലാത്ത അവസ്ഥയാണുണ്ടാകുന്നത്. അത് വലിയ മാനസിക സംഘര്‍ഷങ്ങളിലേക്ക് നയിക്കും. ഞങ്ങളുടേതായ ഭൂമി മറ്റാരൊക്കെയോ കൈയടക്കും. യഥാര്‍ത്ഥ മത്സ്യത്തൊഴിലാളികള്‍ ഇല്ലാതായി മാറും. ‘

‘ ഒരു കൂട്ടമായി ജീവിക്കുന്ന സമയത്ത് ഞങ്ങളുടെ സ്ത്രീകളും കുട്ടികളും സുരക്ഷിതരാണ്. രാത്രിയും പകലും ഭയമില്ലാതെ കഴിയാം. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ഞങ്ങളുടെ വീടുകള്‍ക്ക് മതിലുകള്‍ ഇല്ലാത്തതെന്താണെന്ന്. അടുത്ത വീട്ടിലെ പ്രശ്‌നങ്ങള്‍ ഞങ്ങളുടേതു കൂടിയാണ്. ഞങ്ങളുടെ സ്ത്രീകള്‍ ധൈര്യമുള്ളവരാണ്. അതിന് കാരണം കുടുംബത്തിന്റെ സാമ്പത്തികം കൈകാര്യം ചെയ്യുന്നത് സ്ത്രീകളാണ്. പുരുഷന്‍ കടലില്‍ പോയി അദ്ധ്വാനിച്ചു കൊണ്ടു വരുന്ന പണം അവളുടെ കൈകളിലാണ് ഏല്‍പ്പിക്കുന്നത്. നിശ്ശബ്ദമായ കാടല്ല ഞങ്ങള്‍ക്കരികില്‍ അലറിക്കരയുന്ന കടലാണ്. അതുകൊണ്ട് പരസ്പരം സംസാരിക്കുമ്പോള്‍ പോലും അടിവയറ്റില്‍ നിന്നും ശബ്ദം പുറത്തേക്ക് വരും ഓരോ പെണ്ണില്‍ നിന്നും. എങ്കിലേ പരസ്പരം കേള്‍ക്കൂ. അതുകൊണ്ടാണ് ഞ്ങ്ങള്‍ ധൈര്യത്തോടെ മന്ത്രിമാരെയും ജനപ്രതിനിധികളെയും തടയാന്‍ ആര്‍ജ്ജവമുള്ളവരായി മാറിയത്. അതുകൊണ്ടാണ് ഞങ്ങളുടെ ആവശ്യങ്ങള്‍ ഞങ്ങള്‍ ഉറക്കെ ഉറക്കെ മുദ്രാവാക്യം വിളിക്കുന്നത് ‘.

കര്‍ഷകരെ പോലെ കാലാവസ്ഥക്ക് അനുകൂലമായി ജീവിതം നയിച്ചിരുന്നവരാണ് മത്സ്യത്തൊഴിലാളികള്‍. മുന്‍ കാലങ്ങളില്‍ മഴക്കാലം വറുതിയുടെ നാളുകളാണെങ്കിലും ഉണക്കമത്സ്യങ്ങള്‍ ജീവിതം മുന്നോട്ടു നയിക്കാന്‍ സഹായിച്ചിരുന്നു. ഇത്തരം ഉണക്കമത്സ്യങ്ങള്‍ സൂക്ഷിക്കുന്ന പണ്ടകശാലകള്‍ ഈ പ്രദേശങ്ങളിലുണ്ടായിരുന്നു. ഇന്ന് മത്സ്യലഭ്യതയുടെ കുറവും കാലാനുസൃതമല്ലാത്ത മത്സ്യബന്ധനവും പണ്ടകശാലകള്‍ ഇല്ലതാക്കി.

മറ്റ് സ്ഥലങ്ങളില്‍ തള്ളുന്ന മാലിന്യങ്ങള്‍ മുഴുവനും അടിയുന്നത് കടലിലാണ്. പ്ലാസ്റ്റിക്കും ഇ-വേസ്റ്റും ഒക്കെ അടിയുന്ന കടലിലേക്ക് എത്തുന്ന വലിയ മാലിന്യങ്ങള്‍ വേറെ. ഇതൊക്കെയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ ഇവര്‍ക്കുണ്ട്. മലേറിയ പോലുള്ള രോഗങ്ങള്‍ കൂടുതലും ബാധിക്കുന്നത് തീരപ്രദേശത്തുള്ളവരെയാണ്. ഇനി വിദ്യാഭ്യാസം എടുത്താലും പ്രശ്‌നങ്ങള്‍ തീരില്ല. ഇങ്ങനെ പ്രതിസന്ധികളെ നിരന്തരം വെല്ലുവിളിക്കുന്ന തങ്ങളുടെ ജീവിതം കടല്‍ പോലെ തന്നെയാണെന്ന് അവര്‍ പറയുമ്പോള്‍ അതിന്റെ ഓരത്തിരുന്നെങ്കിലും നമ്മള്‍ ഒന്ന് കേള്‍ക്കണ്ടേ ഇതൊക്കെ…