ലാന്‍സറും ഫെരാരിയും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിവില്ലാത്ത പൊലീസുകാരും, അത് വാര്‍ത്തയാക്കാന്‍ മനോരമയും

മോഡിഫൈ ചെയ്ത മിസ്റ്റുബിഷി ലാന്‍സര്‍ ഫെറാറിയെന്ന് പറഞ്ഞ് മലപ്പുറത്തെ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. ഇതിന്റെ വാര്‍ത്ത ചിത്രം സഹിതം മനോരമ ദിനപത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. മനോരമയുടെ തലക്കെട്ട് ഇങ്ങനെ ലാന്‍സറിനെ ഫെരാരിയാക്കി തിരൂരില്‍ വീണ്ടും തട്ടിപ്പ്.

തിരൂര്‍ താഴേപ്പാലത്താണ് സംഭവം നടന്നത്. സ്‌പോയിലറും ബമ്പര്‍സ്‌കേര്‍ട്ടും മാറ്റിയ ലാസന്‍സറാണ് പൊലീസ് ഫെരാരിയെന്ന് വിശേഷിപ്പിച്ചത്. ഇതില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മനോരമ വാര്‍ത്തയാക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്നും മാരുതിയുടെ ബലേനോ മോഡല്‍ ബെന്‍സ് കാറാക്കി മാറ്റിയത് മോര്‍ട്ടോര്‍ വെഹിക്കിള്‍ അധികൃതര്‍ പിടിച്ചെടുത്തിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ഇപ്പോള്‍ കാഴ്ച്ചയില്‍ ലാന്‍സര്‍ തന്നെ എന്ന് തോന്നിപ്പിക്കുന്ന കാര്‍ ഫെരാരിയെന്ന് പറഞ്ഞ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്.

അപകടകരമല്ലാത്ത മോഡിഫിക്കേഷനുകള്‍ അനുവദിക്കണമെന്നും പൊലീസുകാരുടെ ഇത്തരം നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് മോഡിഫൈഡ് കാര്‍ ഉടമകളുടെ ക്ലബായ പ്രൊഫ്എയ്ഞ്ചല്‍സ് മോട്ടോര്‍ ക്ലബ് കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. മോഡിഫൈഡ് കാറുകള്‍ നിയമവിധേയമാക്കണമെന്നാണ് പ്രൊഫഷണല്‍ കാര്‍ ക്ലബുകളുടെ ആവശ്യം. ഇതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ മലപ്പുറത്ത്‌നിന്നുമുള്ള ഈ വാര്‍ത്ത.