യാത്രക്കാരനെ കൊണ്ട് ടോളടപ്പിച്ച് യൂബര്‍ ഡ്രൈവര്‍: ഒടുവില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രശ്‌ന പരിഹാരം

യാത്രക്കാരില്‍നിന്നും ഇരട്ടിപണം തട്ടാനായി യൂബര്‍ ഡ്രൈവര്‍മാര്‍ കെണിയൊരുക്കുന്നതായി യാത്രക്കാരന്റെ പരാതി. ബെംഗളൂരിവിലാണ് സംഭവം നടന്നിരിക്കുന്നത്. ജെ.പി. മുദുലി എന്ന യാത്രക്കാരനാണ് യൂബര്‍ ഡ്രൈവര്‍മാരുടെ പുതിയ കെണിയെപറ്റിയുള്ള വിശദാംശങ്ങള്‍ സഹിതം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

“യൂബര്‍ ഡ്രൈവര്‍മാര്‍ പുതിയ വഴികളിലൂടെ യാത്രക്കാരെ പറ്റിക്കാനുള്ള ശ്രമത്തിലാണ്. ചിലപ്പോള്‍ നിങ്ങള്‍ അവരുടെ ഇരകളാകാം. ഒക്ടോബര്‍ 24 ന് ബെംഗളൂരു എയര്‍പോര്‍ട്ടില്‍നിന്ന് യാത്ര ചെയ്യാന്‍ പേടിഎം വഴി യൂബര്‍ ബുക്ക് ചെയ്തിരുന്നു. യാത്രക്കിടയില്‍ ടോള്‍ ഗേറ്റിനടുത്ത് വാഹനം എത്തിയപ്പോള്‍, ഡ്രൈവര്‍ എന്നോട് ടോള്‍ നല്‍കാന്‍ പണം ആവശ്യപ്പെടുകയും പണം നല്‍കാന്‍ കഴിയില്ലെന്ന പറഞ്ഞപ്പോള്‍ യാത്ര തുടരാന്‍ കഴിയില്ലെന്ന് ഡ്രൈവര്‍ പറയുകയും ചെയ്തു.

ആ സമയം ഫൈ്‌ളറ്റ് നഷ്ടമാകുമെന്ന ടെന്‍ഷനിലായിരുന്നു ഞാന്‍. തര്‍ക്കത്തിനൊടുവില്‍ ഞാന്‍ പണം നല്‍കാന്‍ തയ്യാറായി. പേടിഎം വഴി അടച്ച തുക തിരികെ ലഭിക്കുമെന്നായിരുന്നു ഡ്രൈവര്‍ പറഞ്ഞത്. യാത്രക്കൊടുവില്‍ പണം ഞാന്‍ ഡ്രൈവറുടെ കൈയ്യില്‍ നല്‍കി. എന്നാല്‍ പേടിഎം വഴി ട്രാന്‍സ്ഫര്‍ ചെയ്ത തുക എനിക്ക് തിരിച്ച് കിട്ടിയില്ല. തുടര്‍ന്ന് യൂബര്‍ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുകയും പരാതി നല്‍കകുയും ചെയ്തു. എന്നാല്‍ കസ്റ്റമര്‍ കെയറും എന്റെ പരാതി കേള്‍ക്കാന്‍ തയ്യാറായില്ലെന്നും മുദൂലി പറയുന്നു”.

തന്റെ അവസ്ഥ മറ്റൊരാള്‍ക്കും വരരുതെന്ന് പറഞ്ഞുകൊണ്ടാണ് ഈ യാത്രക്കാരന്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഈ അവസ്ഥ നാളെ മറ്റുള്ളവര്‍ക്കും ഉണ്ടാകാം എന്ന് മുന്നറിയിപ്പും മുദുലി നല്‍കുന്നുണ്ട്. രണ്ടു വര്‍ഷമായി യൂബറിന്റെ സ്ഥിരം യാത്രക്കാരാനായിരുന്നു താനെന്നും, ഈ അനുഭവത്തോടെ യൂബര്‍ യാത്രകള്‍ അവസാനിപ്പിച്ചുവെന്നും മുദുലി പറയുന്നു.

Read more

https://www.facebook.com/uber.IND/posts/1016699555134915