ഫെയ്‌സ്ആപ്പ് ചാരനോ? ആശങ്കയോടെ സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായി കഴിഞ്ഞ ഫെയ്‌സ് ആപ്പ് റഷ്യയുടെ ചാരനാണെന്ന് അമേരിക്ക. ആപ്പിനെതിരേ അന്വേഷണം ആവശ്യപ്പെട്ടിരിക്കുകയാണ് യു.എസ്. സെനറ്റര്‍. അമേരിക്കയ്ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ നടത്താറുള്ള റഷ്യയില്‍ നിന്നുള്ള ആപ്പിന് യു.എസ് പൗരന്മാരുടെ സ്വകാര്യവിവരങ്ങള്‍ ലഭിക്കുമെന്നത് ആശങ്കാജനകമാണെന്നും അതിനാല്‍ എഫ്.ബി.ഐ. അന്വേഷണം നടത്തണമെന്നും സെനറ്റിലെ ന്യൂനപക്ഷ നേതാവായ ചക്ക് ഷമ്മര്‍ ബുധനാഴ്ച ആവശ്യപ്പെട്ടു. ആപ്പുമൂലം ദേശസുരക്ഷയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവും നേരിടുന്ന ഭീഷണി പരിശോധിക്കണമെന്നു കാട്ടി ഉപഭോക്തൃ സംരക്ഷണ സമിതി ഉള്‍പ്പെടെയുള്ള ഏജന്‍സികളോട് അദ്ദേഹം ആവശ്യപ്പെട്ടു.

2020-ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ ഫെയ്‌സ്ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയസമിതി നിര്‍ദേശിച്ചിട്ടുണ്ട്. 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഹാക്കര്‍മാരുടെ ആക്രമണം ഡെമോക്രാറ്റിക് നേതാക്കള്‍ നേരിട്ടിരുന്നു.

അതേസമയം, ഉപയോഗത്തിനു ശേഷം 48 മണിക്കൂറിനകം സെര്‍വറില്‍ നിന്ന് തങ്ങള്‍ ഉപയോക്താവിന്റെ പടം നീക്കാറുണ്ടെന്നും സ്വകാര്യവിവരങ്ങള്‍ സൂക്ഷിക്കാറില്ലെന്നും ഫെയ്‌സ്ആപ്പ് അധികൃതര്‍ വാഷിംഗ്ണ്‍ പോസ്റ്റിനോടു പ്രതികരിച്ചു.

Read more

റഷ്യന്‍ പബ്ലിഷറായ വയര്‍ലെസ് ലാബ് 2017-ല്‍ പുറത്തിറക്കിയതാണ് ഫെയ്‌സ്ആപ്പ്. ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് ആളുകള്‍ ഇപ്പോള്‍ ഫെയ്‌സ്ആപ്പിലൂടെ രൂപമാറ്റം വരുത്തിയ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു വരുകയാണ്. നിലവില്‍ ഗൂഗിളില്‍ ഏറ്റവും അധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട സൗജന്യആപ്പെന്ന ബഹുമതിയും ഫെയ്‌സ്ആപ്പ് സ്വന്തമാക്കി കഴിഞ്ഞു.