തെരുവില്‍ ആക്രമിക്കപ്പെടുന്ന ‘സ്റ്റെതസ്‌കോപ്പിട്ട ദൈവങ്ങള്‍’

 

നമ്മളിലെ അവസാന ശ്വാസം പോകുന്ന നിമിഷത്തെ കുറിച്ച് ഓര്‍മ്മിച്ചുണ്ടോ, വേണ്ട നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ശ്വാസം നിലക്കരുതേയെന്ന് മനമുരുകി ഒരിക്കലും കാണാത്ത ദൈവങ്ങള്‍ക്ക് മുമ്പില്‍ തിരി കത്തിച്ചും വിളക്ക് കത്തിച്ചും നിറകണ്ണുകളോടെ പ്രാര്‍ത്ഥിക്കാത്ത മനുഷ്യന്‍ ഭൂമിയിലുണ്ടാകില്ല. കാണാത്ത ദൈവത്തിനോട് കരഞ്ഞ് പറഞ്ഞ് തളര്‍ന്നിരിക്കുന്ന നിങ്ങള്‍ ആദ്യം എത്തിയിരിക്കുക ജീവിച്ചിരിക്കുന്ന സ്റ്റെതസ്‌കോപ്പിട്ട ഡോക്ടര്‍മാര്‍ക്ക് അരികിലേക്കായിരിക്കും അല്ലേ. പിന്നെ, അവരിലാണ് നിങ്ങളുടെ പ്രതീക്ഷകളത്രയും. എന്നാല്‍ സന്തോഷവാര്‍ത്തക്ക് പകരം ദുഃഖമാണ് തിരിച്ച് കിട്ടുന്നതെങ്കില്‍ കണ്‍മുന്നിലുള്ള ദൈവത്തെ തന്നെ ആക്രമിക്കും. മനുഷ്യസഹജമായ വൈകാരിക നിമിഷം തന്നെയാണത്. അപ്പോഴും തല്ലുകൊള്ളികളാകേണ്ടി വരുന്ന നിസ്സഹായവസ്ഥ അവര്‍ പറയുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ആര്‍.എം.ഒയും മാനസികരോഗ വിഭാഗത്തിന്‍റെ തലവനുമായ ജി.  മോഹന്‍ റോയ് പറയുന്നതിങ്ങനെ ‘ ദൈവത്തിന്റെ പ്രതിപുരുഷനായ ഡോക്ടര്‍ ശാസ്ത്രത്തില്‍ അധിഷ്ഠിതമായ ഒരു ശാസ്ത്ര ശാഖ പ്രയോഗിക്കുന്ന ആളാണെന്ന് ഓര്‍മ്മിക്കുന്നുണ്ട്. സമൂഹം ക്രിയാത്മകമായി ഡോക്ടര്‍മാരോട് പെരുമാറണം എന്നാണ് ആഗ്രഹം. കഴിവുള്ള സമര്‍ത്ഥനായ ആളുകള്‍ എന്നതിനേക്കാളും ഇതൊക്കെയുള്ള അനുതാപമുള്ള ആളുകളെ ഈ മേഖലയിലേക്ക് ആവശ്യമാണ്. രോഗാതുരതകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അര്‍പ്പണബോധമുള്ള പുതുതലമുറയെ ആവശ്യമാണ്.

ഏതൊരു പരീക്ഷയിലും നമ്മള്‍ക്ക് പ്രായോഗിക പരിശോധന ഉണ്ടാകുന്നില്ല. ഒരു വ്യക്തി ഡോക്ടറാവാനുള്ള യോഗ്യനാണോ എന്ന് പരിശോധിക്കുന്നുണ്ടായിരുന്നില്ല. ഈ വര്‍ഷം മുതല്‍ കരിക്കുലത്തില്‍ അതിന് പ്രാധാന്യം കൊടുത്തിട്ടുണ്ട്. അടി കിട്ടുന്നത് പലപ്പോഴും യുവ ഡോക്ടര്‍മാര്‍ക്കാണ്. ആറ്റിറ്റ്യൂട് ആന്റ് കമ്മ്യൂണിക്കേഷന്‍ ആണ് ഡോക്ടര്‍മാര്‍ക്കിടയില്‍ ഉണ്ടാകേണ്ടതുണ്ട്. അതാണ് ഇത്തവണ മുതല്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. സമൂഹത്തില്‍ എല്ലാവരുടെയും സഹായത്താല്‍ നിലനില്‍ക്കുന്ന സംവിധാനമാണ് ആരോഗ്യമേഖല. നിങ്ങള്‍ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ആരെ തല്ലിയാലും അത് പലപ്പോഴും ഒരു സംവിധാനത്തിന്റെ പിഴവാണ്. ഒരു വ്യക്തിയില്‍ മാത്രം ഒതുക്കാവുന്നതല്ല. ഈ സംവിധാനങ്ങളുടെയെല്ലാം മുന്നില്‍ നില്‍ക്കുന്ന ഒരാളെന്ന നിലയില്‍ മാത്രമാണ് ഡോക്ടറെ കാണുന്നത്. ജി.ഡി.പിയുടെ അഞ്ച് ശതമാനം ആരോഗ്യമേഖലയ്ക്ക് കൊടുക്കണം എന്നു പറഞ്ഞു തുടങ്ങിയിട്ട് എത്ര നാളുകളായി. പല കേസുകളിലും വിധി പ്രസ്താവന വരുന്നത് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. സാധാരണ ജനങ്ങള്‍ കാണുന്ന ഒരു ചികിത്സകനെന്ന നിലയില്‍ മാത്രമല്ല വൈവിധ്യമുള്ള മേഖലകളിലൊക്കെ ഡോക്ടര്‍മാരുടെ സേവനം ആവശ്യമാണ്. ‘

തങ്ങള്‍ക്കു വേണ്ടത് സാമൂഹിക സുരക്ഷയാണെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുഗതന്‍ എം. ഇ പറയുന്നു.

”ഐ.എം.എ ഡോക്ടര്‍മാര്‍ക്കും ആശുപത്രിക്കുമെതിരെ നിരന്തരമായി ആക്രമണം നടക്കുന്ന സാഹചര്യത്തില്‍ കേരള സര്‍ക്കാര്‍ 2012- ല്‍ നിയമം കൊണ്ടു വന്നിരുന്നു. പക്ഷേ, അത് നടപ്പാക്കുന്ന രീതിയില്‍ അത്ര വലിയ പുരോഗതി ഉണ്ടാകാറില്ല. പല സംഭവങ്ങളിലും എഫ്‌.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കുറച്ചു സംഭവങ്ങളില്‍ ഇത് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. ഇതിന് അഖിലേന്ത്യ നിയമം കൊണ്ടു വരാനാണ് ഇപ്പോഴുള്ള ശ്രമം നടക്കുന്നത്. ആശുപത്രികളെ സ്‌പെഷ്യലി പ്രൊട്ടക്ടറ്റഡ് സോണ്‍ ആക്കാനും ഇതില്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള നിയമം ആദ്യം വന്നത് ആന്ധ്രാപ്രദേശിലാണ്. ഇപ്പോള്‍ 19 സംസ്ഥാനങ്ങളില്‍ നിയമം നിലനില്‍ക്കുന്നുണ്ട്. മുസഫൂര്‍പൂരിലെ മസ്തിഷ്‌ക മരണത്തില്‍ ഐ.എം.എ ഇടപെട്ടിട്ടില്ലെന്നുള്ള ആരോപണം മുഴുവനായും ശരിയല്ല. കേരളത്തിലെ ഇടപെടല്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് നടത്താന്‍ പലപ്പോഴും ഐ.എം.എക്ക് കഴിയാത്തത് അവിടെയുള്ള സാഹചര്യങ്ങളാണ്. ‘

കഫീല്‍ ഖാന് പിന്നാലെ ഡോ. ഭീംസെന്‍ കുമാറും
ഏറ്റവും അവസാനം പ്രതികളാവുന്നത് ഡോക്ടര്‍മാരാണെന്നതിന് ഏറ്റവും ഉത്തമ ഉദാഹരണങ്ങളാണ് കഫീല്‍ ഖാനും ഭീംസെന്‍ കുമാറും. ഉത്തര്‍ പ്രദേശിലെ ഗൊരഖ് പൂര്‍ മെഡിക്കല്‍ കോളജില്‍ കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ച സംഭവത്തിലൂടെയാണ് കഫീല്‍ഖാന്‍ എന്ന ഡോക്ടര്‍ രാജ്യശ്രദ്ധ നേടിയത്. എന്നാല്‍ അവസാനം ഭരണകൂടത്തിന്റെ കറുത്ത ഇരയായി മാറുകയായിരുന്നു അദ്ദേഹം. ഇതിനു വേണ്ടി ഉയര്‍ന്ന ശബ്ദങ്ങള്‍ എങ്ങും എത്തിയതും ഇല്ല. ഇതു തന്നെയാണ് മുസഫുര്‍പൂരിലെ മസ്തിഷ്ക മരണത്തിലും സംഭവിച്ചത്. സംവിധാനങ്ങളുടെ പരിമിതികള്‍ പുറംലോകത്തേക്ക് എത്താതിരിക്കാന്‍ ചികിത്സിച്ച ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ബിഹാറിലെ വിഷയത്തില്‍ അടിയന്തരമായി ഇടപെടല്‍ നടത്തണമെന്ന് ആദ്യം തീരുമാനമെടുത്തതാകട്ടെ രണ്ട് അഭിഭാഷകരും

സമൂഹത്തിലുണ്ടാകുന്ന അതിവൈകാരികത

അതിവൈകാരിക തലങ്ങളിലൂടെയാണ് മനുഷ്യന്‍ ബന്ധങ്ങളെ കാണുന്നത്. അതുകൊണ്ടു തന്നെ അവനോട് ഏറ്റവും അടുപ്പം തോന്നുന്ന എന്ത് തരം ബന്ധങ്ങളായാലും അത് നഷ്ടപ്പെടുന്നതിനെ കുറിച്ച് ഓര്‍ക്കാന്‍ പോലും കഴിയില്ല. തങ്ങളുടെ ജീവനെ ഡോക്ടര്‍മാരുടെ കൈകളിലേക്ക് നല്‍കിയെന്ന വിശ്വാസത്തിലാവും അവര്‍ ഐ.സി.യുവിന് മുന്നില്‍ നില്‍ക്കുന്നത്. അതില്‍ വീഴ്ച വന്നുവെന്ന് മനസ്സിലാകുമ്പോള്‍ സകല നിയന്ത്രണങ്ങളും അവനില്‍ പിടിവിട്ടു പോകും. അങ്ങനെയാണ് പലപ്പോഴും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഉണ്ടാകുന്നത്. പലപ്പോഴും അവരും മനുഷ്യരാണെന്നും, പരിമിതികള്‍ ഉണ്ടെന്നും ഓര്‍മ്മിക്കാന്‍ അപ്പോള്‍ ശ്രമിക്കാറില്ലെന്ന വിഷമം പങ്കുവെയ്ക്കുന്നുണ്ട് ഡോക്ടര്‍മാര്‍. എല്ലാ സാഹചര്യങ്ങളിലും അങ്ങനെയാണെന്നും പറയാന്‍ കഴിയില്ല. എല്ലാ മേഖലയിലും ഉണ്ടാകുമല്ലോ വ്യാജന്മാര്‍. അതുപോലെയുള്ള സംഭവങ്ങളില്‍ നടപടിയെടുക്കേണ്ടത് തന്നെയാണെന്ന് ഐ.എം.എ ഉള്‍പ്പെടെയുള്ളവര്‍ വ്യക്തമാക്കുന്നുണ്ട്.

എന്തായാലും തെരുവില്‍ തല്ലു കൊള്ളുന്നതില്‍ നിന്നും സംരക്ഷണം വേണമെന്ന ആവശ്യവുമായി ഈ ഡോക്ടര്‍ ദിനത്തിലും മുന്നോട്ട് പോകാനാണ് നമ്മുടെ ജീവന് കാവല്‍ നില്‍ക്കുന്നവരുടെ ശ്രമം.