നടുറോഡില്‍ മുട്ടയിട്ട് മൂര്‍ഖന്‍ പാമ്പ്; വീഡിയോ വൈറല്‍

Advertisement

സാധാരണഗതിയില്‍ ശല്യങ്ങളൊന്നുമില്ലാത്ത ശാന്തമായ സ്ഥലത്താണ് പാമ്പുകള്‍ മുട്ടയിടാറ്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി തിരക്കുള്ള നടുറോഡില്‍ മുട്ടയിട്ട് അമ്പരപ്പിച്ചിരിക്കുകയാണ് മൂര്‍ഖന്‍ പാമ്പ്. കര്‍ണാടകയിലെ മധുര്‍ പട്ടണത്തിലാണ് സംഭവം. റോഡില്‍ മുട്ടയിടുന്ന മൂര്‍ഖന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നത്. എന്നാല്‍ ഇപ്പോഴാണ് സോഷ്യല്‍ മീഡിയിലൂടെ സംഭവം പുറംലോകമറിഞ്ഞത്. നഗരത്തില്‍ താമസിക്കുന്ന അധ്യാപകന്റെ വീടിനുള്ളില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനെ അദ്ദേഹം റോഡിലേക്ക് എടുത്തിടുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ പാമ്പുപിടുത്തക്കാരെ വിവരം അറിയിച്ചു. എന്നാല്‍ പാമ്പുപിടുത്തക്കാരന്‍ എത്തുംമുമ്പേ മൂര്‍ഖന്‍ തിരക്കുള്ള റോഡിലേക്ക് ഇഴഞ്ഞു നീങ്ങി. അതിനു ശേഷം അവിടെ തന്നെ മുട്ടകളിടാനും തുടങ്ങി.

പാമ്പ് റോഡില്‍ മുട്ടയിടുന്ന ദൃശ്യങ്ങള്‍ അധ്യാപകന്‍ തന്നെയാണ് പകര്‍ത്തിയത്. എന്നാല്‍ ഒരു മാസത്തിന് ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെച്ചതെന്ന് മാത്രം. 14 മുട്ടകളിട്ട പാമ്പിനെ പിന്നീട് പാമ്പുപിടിത്ത വിദഗ്ധനായ പ്രസന്ന പിടികൂടി സമീപത്തുള്ള വനത്തിലേക്ക് തുറന്നുവിട്ടു.

സാധാരണയായി മൂര്‍ഖന്‍ പാമ്പുകള്‍ 20 മുതല്‍ 40 വരെ മുട്ടകള്‍ ഇടാറുണ്ട്. പാമ്പിന്റെ മുട്ടകള്‍ വിരിയുന്നതു വരെ അവയെ സൂക്ഷിക്കുമെന്നും വിരിഞ്ഞ ശേഷം കുഞ്ഞുങ്ങളെ സുരക്ഷിതസ്ഥാനത്ത് തുറന്നു വിടുമെന്നും പ്രസന്ന പറഞ്ഞു.