‘ചുഞ്ചുനായര്‍ എന്ന വന്മരം വീണു’, പകരം ഇനി മുതല്‍ ചുഞ്ചുനായര്‍ ജൂനിയര്‍; ചിരി പടര്‍ത്തി ഫെയ്സ്ബുക്ക് പ്രൊഫൈല്‍

ചുഞ്ചുനായര്‍ എന്ന പൂച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ എഡിഷനില്‍ ചരമവാര്‍ഷിക പരസ്യം വന്നതോടെയാണ് ചുഞ്ചു വൈറലായത്. മുംബൈ മലയാളികളാണ് പരസ്യത്തിനു പിന്നില്‍. പൂച്ചയുടെ ചിത്രത്തിനൊപ്പം മോളൂട്ടി നിന്നെ മിസ് ചെയ്യുന്നു എന്ന അടിക്കുറിപ്പോടു കൂടിയതാണ് പരസ്യം. അമ്മ, അച്ഛന്‍, ചേച്ചിമാര്‍, ചേട്ടന്മാര്‍, സ്നേഹിക്കുന്ന എല്ലാവരും എന്നും നല്‍കിയിട്ടുണ്ട്.

പൂച്ചയുടെ പേരിനൊപ്പമുള്ള വാലിനെ കളിയാക്കി ഒട്ടനവധി പേര്‍ ഈ പരസ്യം ഷെയര്‍ ചെയ്യുകയും ചെയ്തു. പല മൃഗസ്നേഹികളും ചുഞ്ചുനായരുടെ ഓര്‍മ്മദിനത്തില്‍ ദു:ഖം രേഖപ്പെടുത്തി. പിന്നീട് ചുഞ്ചു നായര്‍ ട്രോളില്‍ മുങ്ങുന്ന കാഴ്ചയാണ് കണ്ടത്.

ഇപ്പോഴിതാ ചുഞ്ചുവിന് പകരക്കാരി എത്തിയിരിക്കുന്നതാണ് പുതിയ വാര്‍ത്ത. ചുഞ്ചു നായര്‍ ജൂനിയര്‍ എന്ന് പരിചയപ്പെടുത്തിയുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ‘ചുഞ്ചുനായര്‍ എന്ന വന്മരം വീണു, പകരം ഞാന്‍ തന്നെ എന്ന് കുറിപ്പും ഇട്ടിട്ടുണ്ട് ചുഞ്ചുനായര്‍ ജൂനിയര്‍.