സമരാഹ്വാനം നടത്തിയ കത്തോലിക്കാ സഭയോട് ഒരു എക്‌സ് കത്തോലിക്കന് ചോദിക്കാനുള്ളത്

ഓഖി ദുരന്തത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും സമരാഹ്വാനം ചെയ്യുകയും ചെയ്ത സഭയെ വിമര്‍ശിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറലാകുന്നു. നഷ്ടപരിഹാരം കുറഞ്ഞത് കൊണ്ട് മത്സ്യത്തൊഴിലാളികളുടെ ശവവും കൊണ്ട് മാര്‍ച്ച് നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന പിതാവിന് ബോട്ടു മുതലാളിയുടെ വീട്ടിലേക്ക് ഒരു മാര്‍ച്ച് നടത്താനാകുമോ എന്നാണ് കുറിപ്പിലൂടെ ജിതിന്‍ദാസ് ചോദിക്കുന്നത്.

യുവാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നഷ്ടപരിഹാരം കുറഞ്ഞോണ്ട് മത്സ്യത്തൊഴിലാളികളുടെ ശവവും കൊണ്ട് മാര്‍ച്ച് നടത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന പിതാവേ,
മതമില്ലാത്ത ജീവന്‍ ആയി ജനിച്ചെങ്കിലും സഭയുടെ എയ്ഡഡ് സ്‌കൂളില്‍ ചേര്‍ന്ന കാലം രണ്ടു വര്‍ഷം കുഞ്ഞാടായ ഒരാള്‍ എന്ന അവകാശത്തില്‍ ഒന്നു പറഞ്ഞോട്ടെ; ഒരു എക്‌സ് കത്തോലിക്കനല്ലേ ഞാന്‍.

പഴയ എന്രിക്കാ ലെക്‌സിയെ അന്താരാഷ്ട്ര സമുദ്രത്തില്‍ ഓടിച്ചു പിടിച്ച ഐ. എന്‍ എസ്. കാബ്ര അടക്കം അഞ്ചു കാര്‍ നിക്കോബാര്‍ ഫാസ്റ്റ് അറ്റാക് കപ്പലുകള്‍ കടലില്‍ മത്സ്യത്തൊഴിലാളികളെ തിരയുകയാണ് ഇപ്പോഴും. ഇവയ്ക്കു നാലുമണിക്കൂറില്‍ എത്താന്‍ കഴിയാത്ത ഒരിടത്തും, തിരുവനന്തപുരം വിമാനത്താവളം ബെയ്‌സ് ആക്കി പറക്കുന്ന റെസ്‌ക്യൂ വിമാനങ്ങള്‍ക്കു ഒന്നര മണിക്കൂറില്‍ എത്താന്‍ പറ്റാത്ത ഒരിടത്തും കേരളത്തില്‍ നിന്നുള്ള ബോട്ടുകള്‍ക്ക് മീന്‍ പിടിക്കാനോ നിയന്ത്രണം വിട്ട് ഒഴുകിപ്പോയോ എത്താന്‍ കഴിയില്ല.

എന്നിട്ടും കാറ്റടിച്ചു ഒരാഴ്ച ആയിട്ടും രക്ഷാപ്രവര്‍ത്തനം തീര്‍ന്നിട്ടില്ല. എല്ലാവരും തിരിച്ചെത്തിയിട്ടില്ല.

നിയമം കൊണ്ട് നിര്‍ബന്ധമാക്കിയ, സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന വെസല്‍ ട്രാക്കിംഗ് എക്വിപ്‌മെന്റുകള്‍ ബോട്ടുകളില്‍ ഘടിപ്പിക്കാത്തതാണു കാരണം. അതുണ്ടായിരുന്നെങ്കില്‍ ഒന്നു രണ്ടു ദിവസം കൊണ്ട് ജീവന്‍ ബാക്കിയായ സകലരും ഇന്നു തിരിച്ചെത്തിയേനെ.
ട്രാക്കിംഗ് സിസ്റ്റം ഇല്ലാതെ സര്‍വ്വ്യിലന്‍സ് കൊണ്ട് സ്‌പോട്ട് ചെയ്ത് കണ്ടു പിടിക്കാന്‍ വളരെ ബുദ്ധിമുട്ടാണു പിതാവേ. വെഞ്ചരിക്കാന്‍ കടപ്പുറത്തു നിന്നു നോക്കുമ്പോള്‍ കാണുന്ന പോലെ അല്ല, കടല്‍ വളരെ വലിയ ഒരിടം ആണു. പുറങ്കടലില്‍ പോയാല്‍ തലമണ്ടക്കു മേലേ നീല ബക്കറ്റ് എടുത്തു കമിഴ്ത്തിയ പോലെ ഇരിക്കും- ഒരു തേങ്ങേം ഇല്ലാത്ത അനന്തത. പഞ്ഞിക്കെട്ടില്‍ സൂചി തിരയുമ്പോലെ ആണു അവിടെ സര്‍വ്വെയിലന്‍സ്.

ട്രാക്കര്‍ വയ്ക്കാനായി ഒരു ശവവും കൊണ്ട് ഒരു ബോട്ടു മുതലാളിയുടെ വീട്ടിലേക്ക് ഒരു മാര്‍ച്ച്? പണ്ടു ജനം തിരഞ്ഞെടുത്ത സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ക്രിസ്റ്റഫര്‍മ്മാരെ ഇറക്കിയ കരുത്തന്മാരല്ലേ.

പോട്ട്, സഭയുടെ കാശുകൊണ്ട് കടല്‍ കോപിച്ചയിടത്ത് സൗജന്യ അരി വിതരണം? സഭയ്ക്കു എന്തു കാശുണ്ടെന്ന് ഒരു ഏകദേശം ഐഡിയ ഉള്ളോണ്ട് ചോദിച്ചതാ.

https://www.facebook.com/jithin.das.5458/posts/2009933952579680