#BoycottNetflix; മോദിയെ വിമര്‍ശിച്ച നെറ്റ്ഫ്ളിക്സ് ബഹിഷ്‌കരിക്കാന്‍ സോഷ്യല്‍ മീഡിയ ക്യാമ്പയിനുമായി സംഘപരിവാര്‍

നെറ്റ്ഫ്ളിക്സിനെതിരെ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പയിനുമായി മോദി അനുകൂലികള്‍. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ഹാസ്യതാരം ഹസന്‍ മിന്‍ഹാജ് മോദി സര്‍ക്കാറിനെ വിമര്‍ശിച്ച വീഡിയോയുടെ പേരിലാണ് നെറ്റ്ഫ്‌ളിക്‌സിനെതിരെ #BoycottNetflix എന്ന ഹാഷ്ടാഗില്‍ ട്വിറ്ററില്‍ ക്യാമ്പയിന്‍.

ഹസന്‍ മിന്‍ഹാജ് അവതരിപ്പിക്കുന്ന “ഇന്ത്യന്‍ ഇലക്ഷന്‍സ്/പാട്രിയോട് ആക്ട് വിത്ത് ഹസന്‍ മിന്‍ഹാജ്” എന്ന വീഡിയോ പരിപാടിയാണ് സംഘപരിവാറിനെ പ്രകോപിപ്പിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയായ ശേഷം രാജ്യത്തുണ്ടായ അക്രമങ്ങള്‍ക്ക് മോദിയെ ഉത്തരവാദിയാക്കി കൊണ്ടുള്ളതാണ് വീഡിയോ.

ഇതിന്റെ പേരിലാണ് ഹസനെതിരെ മോദി അനുകൂലികള്‍ രംഗത്തെത്തിയിരിക്കുന്നത്. ഹസന്റെ ഷോ ഏകപക്ഷീയമാണെന്നും ഭാരത സര്‍ക്കാരിനെ അവഹേളിക്കുന്നതാണെന്നുമാണ് ഉയരുന്ന ആരോപണം. ബാലാകോട്ടിലെ തീവ്രവാദ ക്യാമ്പില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ കുറിച്ച് പാക് അനുകൂല കഥയാണ് ഹസന്‍ നല്‍കിയതെന്നും സംഘപരിവാര്‍ ആരോപിക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് മധ്യവയസ്കരോട് ഹസന്‍ ചോദിക്കുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. ഇവര്‍ ഒന്നും തന്നെ വെട്ടിത്തുറന്ന് പറയാന്‍ തയ്യാറാകുന്നില്ല. “നിങ്ങളുടെ പേരെന്താണ്? നിങ്ങളുടെ പേര് ഒരു തീവ്രവാദിയുടേത് പോലുണ്ട്. നിങ്ങള്‍ പാകിസ്ഥാന്‍ ചാരനായിരിക്കാം എന്ന് ഇന്ത്യന്‍ വംശജര്‍ ഹസനോട് പറയുന്നത് വീഡിയോയില്‍ വ്യക്തമായി കാണാം.

ഇന്ത്യന്‍ രാഷ്ട്രീയത്തെ കുറിച്ച് വളരെ വിശദമായി തന്നെ ഹസന്‍ വീഡിയോയില്‍ പറയുന്നുണ്ട്. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതു മുതലുള്ള രാജ്യത്തിന്റെ അവസ്ഥ ഹാസ്യത്തോടെ അവതരിപ്പിക്കുകയാണ്. നോട്ടുനിരോധനം, ദേശീയ പൗരത്വ പട്ടിക, ഇന്ത്യ പാക് സംഘര്‍ഷം, തൊഴിലില്ലായ്മ തുടങ്ങിയ എല്ലാത്തിനെ കുറിച്ചും ഹസന്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറി ഒരു വാര്‍ത്താസമ്മേളനം പോലും നടത്തിയില്ലെന്ന് ഹസന്‍ ചൂണ്ടിക്കാട്ടുന്നു. “അദ്ദേഹം എല്ലാ സമയത്തും പ്രസംഗിക്കും. എന്നാല്‍ അധികാരത്തിലേറിയതിന് ശേഷം ഒരു പത്രസമ്മേളനം പോലും നടത്താത്ത ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദിയെന്ന് ഹസന്‍ പറയുന്നു.