പേമാരിയെ വക വെയ്ക്കാതെ ജോലിയെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സല്യൂട്ടടിച്ച് സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുകയാണ് അസമിലെ ഈ പൊലീസ് ഉദ്യോഗസ്ഥന്‍. ഗുവാഹത്തിയിലെ പൊലീസ് ഉദ്യോഗസ്ഥനായ മിഥുന്‍ ദാസാണ് തന്റെ തൊഴിലിനോടുള്ള സമര്‍പ്പണം കൊണ്ട് എല്ലാവരുടെയും കൈയടി നേടുന്നത്. ഇടിവെട്ടി മഴ പെയ്യുമ്പോള്‍ അതൊന്നും വക വെയ്ക്കാതെ ട്രാഫിക് നിയന്ത്രിക്കുന്ന ഇദ്ദേഹത്തിന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

അസം പൊലീസ് അവരുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ മിഥുനെ അഭിനന്ദിച്ച് വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. വഴിയാത്രക്കാരിലൊരാള്‍ വാഹനത്തിലിരുന്ന് എടുത്ത വീഡിയോ ആണ് പൊലീസ് ഉള്‍പ്പെടെ ഷെയര്‍ ചെയ്തിരിക്കുന്നത്. ഗുവാഹത്തിയിലെ ബാസിസ്ത ട്രാഫിക് ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

തൊഴിലിനോടുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥതയെ സല്യൂട്ട് ചെയ്യുന്നു എന്നും ഏത് പെരുമഴയേയും ഒന്നുമല്ലാതാക്കാന്‍ സമര്‍പ്പണബോധത്തിന് സാധിക്കുമെന്നും വീഡിയോയിലൂടെ അസം പൊലീസ് പറയുന്നു.


ഐപിഎസ് ഉദ്യോഗസ്ഥനായ കുലദാര്‍ സെയ്ക്യായും അദ്ദേഹത്തെ പ്രശംസിച്ച് വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. മിഥുനിനെ പോലെയുള്ള ഉദ്യോഗസ്ഥര്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാണെന്നും താന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നുവെന്നും ഐപിഎസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഔദ്യോഗികമായി റെക്കോഡുകളില്‍ രേഖപ്പെടുത്താത്ത ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന എത്രയോ ഉദ്യോഗസ്ഥര്‍ അസം പൊലീസില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.