സ്ത്രീപക്ഷവാദികളെ പീകോക്ക് ഫെമിനിസ്റ്റുകള്‍ എന്ന് അധിക്ഷേപിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ 'മുന്‍ഷി'

നടി പാര്‍വതിയുടെ കസബ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ സ്ത്രീപക്ഷവാദികളെ പീകോക്ക് ഫെമിനിസ്റ്റുകളെന്ന് വിളിച്ച് ഏഷ്യാനെറ്റ് ന്യൂസിന്റെ മുന്‍ഷി പ്രോഗ്രാം. കഴിഞ്ഞ ദിവസം പ്രക്ഷേപണം ചെയ്ത എപ്പിസോഡിലാണ് പീകോക്ക് ഫെമിനിസ്റ്റുകളെ കണ്ടം വഴി ഓടിക്കണമെന്ന് മുന്‍ഷിയിലെ കഥാപാത്രം പറയുന്നത്.

സമകാലിക സംഭവങ്ങളെ മൂന്നു മിനിറ്റില്‍ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്ന പരിപാടിയാണ് മുന്‍ഷി. ഓരോ ദിവസും അന്നത്തെ പ്രധാന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് പ്രോഗ്രാം തയാറാക്കാറുള്ളത്. കഴിഞ്ഞ ദിവസം പാര്‍വതിയുടെ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലുണ്ടായ വിവാദമാണ് വിഷയമായി വന്നത്.

നമ്മുടെ ചന്തക്കവലയേക്കാള്‍ കഷ്ടമാണല്ലോ ഇപ്പോ ഫെയ്‌സ്ബുക്കിന്റെ അവസ്ഥയെന്ന് പറഞ്ഞാണ് എപ്പിസോഡ് ആരംഭിക്കുന്നത്. പരാമര്‍ശം വന്നതോടെ ഫെയ്‌സ്ബുക്കും സിനിമാ മേഖലയും രണ്ടു തട്ടായെന്നും പറയുന്നു. എന്നാല്‍, ഡബ്ല്യുസിസിയിലെ ചില അംഗങ്ങളല്ലാതെ പാര്‍വതിയെ പിന്തുണച്ച് ആരും വന്നിട്ടില്ലെന്നും പ്രധാന വാര്‍ത്താ ബുള്ളറ്റിനു മുന്‍പായി പ്രക്ഷേപണം ചെയ്യുന്ന ഹ്രസ്വ ഹാസ്യചിത്രത്തില്‍ പറയുന്നു.

പാര്‍വതി പറയുന്നത് ശരിയായില്ലെന്ന പക്ഷക്കാരാണ് സിനിമാ രംഗത്ത് കൂടുതലും. സംവിധായകന്‍ പറയുന്ന ഡയലോഗ് വള്ളിപുള്ളി വിടാതെ കാശും വാങ്ങി പോവുക എന്നല്ലാതെ നടനു വേറെന്തു ചെയ്യാന്‍ പറ്റും. പാര്‍വതിയും ഇതുതന്നെയല്ലേ ചെയ്യുന്നതെന്നും പ്രോഗ്രാമില്‍ ചോദിക്കുന്നുണ്ട്.

ഒരു കഥാപാത്രം പറയുന്ന നാല് പീറ ഡയലോഗിന്റെ പേരില്‍ കുതിരകയറുന്നതെന്നും ഒരു കഥാപാത്രം ചോദിക്കുന്നുണ്ട്. സിനിമയില്‍ പെണ്ണിന് അന്തസായി പ്രവര്‍ത്തിക്കാനുള്ള അവസരം മാന്യമായ വേതനം, തുല്യ നീതി ഇതൊക്കെ പറയുന്നതിന് പകരം കാടുകയറി പറയണോ എന്ന് മറ്റൊരു കഥാപാത്രം ചോദിക്കുന്നുണ്ട്. കുറെ പീകോക്ക് ഫെമിനിസ്റ്റുകളാണ് ഈ പാവങ്ങളെ വശളാക്കുന്നത്. ഇതിനെയെല്ലാം കണ്ടം വഴി ഓടിക്കണമെന്നാണ് അവസാന ഡയലോഗ്. വായില്‍ തോന്നിയത് കോതയ്ക്ക് പാട്ടെന്നു പറഞ്ഞാണ് എപ്പിസോഡ് അവസാനിക്കുന്നത്.