എന്റെ പേര് ജോണ്‍, എനിക്ക് നിങ്ങളെ ഇഷ്ടമാണ്…നിഗൂഢ ഗോത്രക്കാര്‍ അമ്പെയ്തു കൊന്ന അമേരിക്കക്കാരന്റെ അവസാന കുറിപ്പ്

Gambinos Ad
ript>

ആന്‍ഡമാനിലെ പോര്‍ട്ട്ബ്ളെയറില്‍ നിന്ന് അമ്പതോളം മൈല്‍ മാറികിടക്കുന്ന സെന്റിനെല്‍സിലെ ഗോത്ര വര്‍ഗക്കാരുടെ അക്രമത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ പൗരന്‍ ജോണ്‍ അലന്‍ ചാ കൊല്ലപ്പെടുന്നതിന് മുമ്പ് അമ്മയ്ക്കയച്ച കുറിപ്പ് പുറത്ത്. ഈ ദ്വീപില്‍ രണ്ട് മൂന്ന് തവണ വന്നെങ്കിലും ദ്വീപിനകത്തേക്ക് പ്രവേശിക്കാന്‍ ദ്വീപിലെ ഗോത്രക്കാര്‍ സമ്മതിച്ചിരുന്നില്ല. ഇതിനിടെ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്.

Gambinos Ad

ക്രിസ്തുമതം പ്രചരിപ്പിക്കാനെന്ന ഉദ്ദേശത്തോടെയാണ് ഇയാള്‍ ദ്വീപിലെത്തിയത്. എന്നാല്‍, പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കഴിയുന്ന ദ്വീപുകാര്‍ ജോണ്‍ അലന്‍ ചൗവിനെ കൊലപ്പെടുത്തി മൃതദേഹം ബീച്ചില്‍തന്നെ കുഴിച്ചുമൂടുകയായിരുന്നു. സുവിശേഷ പ്രവര്‍ത്തനങ്ങളുമായി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ജോണ്‍ ദ്വീപില്‍ പോകുന്ന വിവരങ്ങളും മറ്റും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.

താന്‍ സംസാരിക്കാന്‍ ശ്രമിക്കുകയും സ്തുതി ഗീതം പാടാന്‍ ആരംഭിക്കുകയും ചെയ്തതോടെ മുഖത്ത് മഞ്ഞ ചായം പുരട്ടിയ അഞ്ചടി അഞ്ചിഞ്ച് ഉയരമുള്ള പുരുഷന്മാര്‍ തന്നെ ആക്രമിക്കാന്‍ വന്നുവെന്ന് ജോണ്‍ കുറിച്ചു. ”ഞാന്‍ ഉറക്കെ അലറി: എന്റെ പേര് ജോണ്‍, എനിക്ക് നിങ്ങളെ ഇഷ്ടമാണ്, ക്രിസ്തുവും നിങ്ങളെ ഇഷ്ടപ്പെടുന്നു” – ജോണ്‍ തന്റെ പ്രസിദ്ധീകരണത്തില്‍ എഴുതി. കൂട്ടത്തിലെ കുട്ടികളിലൊരാള്‍ തനിക്കെതിരെ അയച്ച അമ്പ് വെള്ളം നനയാത്ത തന്റെ ബൈബിളിലാണ് വന്ന് കൊണ്ടതെന്നും ജോണ്‍ കുറിച്ചു.

”എനിക്ക് ഭ്രാന്താണെന്ന് നിങ്ങള്‍ കരുതുന്നുണ്ടാകും. എന്നാല്‍ ഈ ആളുകള്‍ക്ക് ക്രിസ്തുവിനെ കുറിച്ച് അറിയിക്കുന്നത് വിലയേറിയ പ്രവര്‍ത്തിയാണെന്ന് ഞാന്‍ കരുതുന്നു” എന്ന് ആവര്‍ത്തിച്ച് ജോണ്‍ മരണത്തിലേക്ക് നടക്കുകയായിരുന്നു. അവസാനമായി, നവംബര്‍ 16 ന് പ്രിയപ്പെട്ടവര്‍ക്ക് എഴുതിയ കുറിപ്പില്‍ ‘ദൈവമേ എനിക്ക് മരിക്കേണ്ട’ എന്ന് ജോണ്‍ കുറിച്ചിരുന്നു. തന്റെ ബോട്ട് ഗോത്രവര്‍ഗക്കാരുടെ കയ്യില്‍ അകപ്പെട്ടതിന് ശേഷമായിരുന്നു ആ കുറിപ്പ്. ”എന്തുകൊണ്ടാണ് ഇത്ര സുന്ദരമായ സ്ഥലത്ത് ഇത്ര മരണങ്ങള്‍ സംഭവിക്കുന്നത്” എന്നായിരുന്നു ജോണ്‍ തന്റെ മരണത്തിന് തൊട്ടുമുമ്പ് കുറിച്ചത്.

ക്രൂരമായ ആക്രമണം പ്രതിരോധമാക്കി പുറംലോകത്ത് നിന്ന് അകന്ന് ആരെയും തങ്ങളിലേക്ക് അടുപ്പിക്കാതെ ഒറ്റപ്പെട്ട് ജീവിക്കുന്ന ഗോത്രവര്‍ഗക്കാര്‍ മാത്രം വസിക്കുന്ന ദ്വീപാണ് സെന്റിനെലീസ്. കയ്യില്‍ കിട്ടുന്നതെന്തും ആഹാരമാക്കുന്ന, കടുത്ത ആക്രമണകാരികളായ, ക്രൂരതയുടെ പര്യായമായ ജനക്കൂട്ടം എന്നായിരുന്നു ദ്വീപില്‍ കഴിയുന്ന ഈ ഗോത്രവിഭാഗത്തെ പതിമൂന്നാം നൂറ്റാണ്ടിലെ പ്രശസ്തനായ നാവികന്‍ മാര്‍ക്കോപോളോ വിശേഷിപ്പിച്ചത്. ആ വിശേഷണം കാലങ്ങള്‍ എത്ര കഴിഞ്ഞാലും മാറില്ല എന്നത് സത്യമായ കാര്യമാണ്. കാരണം ദ്വീപിലേക്ക് എത്തുന്നവരെയെല്ലാം അമ്പും വില്ലും ഉപയോഗിച്ച് ഈ ആദിമ ഗോത്രവര്‍ഗക്കാര്‍ കൊന്നുകളയും.

നൂറ്റാണ്ടുകളായി ഇവിടെയുള്ള ജനതയ്ക്കിടയിലേക്ക് എത്താനുള്ള ശ്രമങ്ങള്‍ ബ്രിട്ടീഷ് കൊളോണിയല്‍ കാലം മുതല്‍ പരാജയപ്പെട്ടിരുന്നു. 2006ല്‍ ഈ ദ്വീപിന്റെ തീരത്ത് എത്തപ്പെട്ട് രാത്രിയില്‍ ബോട്ടില്‍ കിടന്നുറങ്ങിയ രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. നവംബര്‍ 16നു ദ്വീപിലെത്തിയ ജോണിനെ ഗോത്രവര്‍ഗക്കാര്‍ അമ്പും വില്ലും കൊണ്ട് ആക്രമിക്കുകയായിരുന്നു. ജോണിനെ ദ്വീപിലെത്തിച്ച ഏഴു മത്സ്യത്തൊഴിലാളികളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. 25,000 രൂപ പ്രതിഫലം വാങ്ങിയാണ് ഏഴു മത്സ്യത്തൊഴിലാളികള്‍ സുവിശേഷ ജോലികള്‍ക്കായി എത്തിയ ജോണിനെ ദ്വീപില്‍ എത്തിച്ചത്.

സെന്റിനലീസ് ഗോത്രക്കാരെ നേരിട്ടു കാണാന്‍ അലന്‍ പലതവണ ശ്രമിച്ചിരുന്നു. ഇതിനായി അഞ്ചു തവണ അദ്ദേഹം ആന്‍ഡമാനിലെത്തിയിട്ടുണ്ട്. നവംബര്‍ 14ന് സെന്റിനല്‍ ദ്വീപിലെത്താന്‍ ജോണ്‍ ശ്രമിച്ചെങ്കിലും നടന്നില്ല. രണ്ടു ദിവസത്തിനു ശേഷം മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണു തീരത്തെത്തിയത്. ഗോത്രവര്‍ഗക്കാര്‍ എയ്ത അമ്പുകള്‍ കൊണ്ട ശേഷവും ചെറുവള്ളത്തില്‍ ജോണ്‍ യാത്ര തുടര്‍ന്നിരുന്നു. എന്നാല്‍ തുടര്‍ച്ചയായി ഗോത്രവിഭാഗം എയ്ത അമ്പുകള്‍ ഏറ്റ് അദ്ദേഹം വീഴുകയായിരുന്നു.

ജോണിനെ കടല്‍ത്തീരത്തേക്കു വലിച്ചിഴച്ചു കൊണ്ടു വന്നുവെന്നും പിന്നീടു പകുതി ശരീരം മണലില്‍ പൂഴ്ത്തിയ നിലയില്‍ കണ്ടുവെന്നും മത്സ്യത്തൊഴിലാളികള്‍ പൊലീസിന് മൊഴി നല്‍കി. 2011 ലെ സെന്‍സസ് അനുസരിച്ച് സെന്റിനലിസ് ദ്വീപില്‍ 40 പേരാണ് ഉണ്ടായിരുന്നതെന്നാണ് കണക്ക്. ഇത് കൃത്യമായ കണക്കല്ല. 400 പേര്‍ വരെ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. 60 ചതുരശ്ര കിലോമീറ്ററാണ് സെന്റിനലിസ് ദ്വീപിന്റെ വിസ്തീര്‍ണ്ണം. ഇന്ത്യയില്‍ നിന്ന് 1200 കിലോ മീറ്റര്‍ അകലെയാണ് ഈ ദ്വീപ്. 60000 വര്‍ഷമായി ഈ ഗോത്രവര്‍ഗം നിലവിലുണ്ടെന്നാണ് അറിയപ്പെടുന്നത്. 2006ല്‍ മത്സ്യബന്ധനത്തിനിടെ ദ്വീപിന് സമീപം എത്തിയ രണ്ട് ഇന്ത്യക്കാരെ ഇവര്‍ അമ്പെയ്ത് കൊന്നിട്ടുണ്ട്.

ഈയടുത്ത കാലം വരെ വടക്കന്‍ സെന്റിനലിനോടടുക്കാന്‍ സഞ്ചാരികള്‍ക്ക് അനുമതിയില്ലായിരുന്നു. ഈ വര്‍ഷമാണ് സഞ്ചാരികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നേരിയ ഇളവെങ്കിലും അനുവദിച്ചത്. 1956ല്‍ ഉണ്ടാക്കിയ നിയമം അനുസരിച്ച് സെന്റിനെളീസുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നതോ നല്ല കാര്യത്തിനാണെങ്കില്‍ പോലും തീരത്ത് നിന്നും അഞ്ചു കിലോമീറ്റര്‍ ഉള്ളിലേക്ക് പോകാന്‍ ശ്രമിക്കുന്നതും കുറ്റകരമാണ്. ജാവരസുകളാണ് ആന്‍ഡമാനില്‍ കൂടുതല്‍ കാണപ്പെടുന്ന ഗോത്രവര്‍ഗ വിഭാഗക്കാര്‍. എന്നാല്‍ ഇവര്‍ അത്ര അപകടകാരികളല്ല.