ആമസോണ്‍ കത്തുമ്പോള്‍ പൊള്ളുന്നത് ഈ ഭൂമിയിലെ എല്ലാ മനുഷ്യര്‍ക്കുമാണ്; ഇല്ലാതാകുന്നത് ലോകത്തിന്റെ ശ്വാസകോശം

മൂന്നാഴ്ച കഴിയുന്നു, ഭൂമിയുടെ ശ്വാസകോശമെന്നു വിശേഷിപ്പിക്കപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ കത്തിയെരിയാന്‍ തുടങ്ങിയിട്ട്. ഭൂമിയിലെ ജീവന്റെ നിലനില്‍പ്പിന് ആവശ്യമായ ഓക്‌സിജന്റെ 20 ശതമാനവും പുറത്തു വിടുന്നത് ഈ മഴക്കാടുകളാണ്. ഇവയ്ക്കുണ്ടാകുന്ന നാശം ഭൂമിയുടെ സന്തുലനാവസ്ഥയ്ക്ക് തന്നെ ഭീഷണിയാകും.

ഇതാദ്യമായല്ല ഈ വനമേഖലയെ തീ വിഴുങ്ങുന്നത്. 80,000-ത്തോളം കാട്ടുതീകള്‍ ഇതിനകം ബ്രസീലില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇപ്പോഴുണ്ടായിരിക്കുന്നത് 2013-നു ശേഷമുള്ള ഏറ്റവും വലിയ കാട്ടുതീയാണ്.
കടുത്ത വരള്‍ച്ചയാണ് ഈ വര്‍ഷം ആമസോണ്‍ മഴക്കാടുകള്‍ നേരിട്ടത്. എല്‍ നിനോ പ്രതിഭാസമാണ് വരള്‍ച്ചയ്ക്ക് പിന്നിലെന്നാണ് നിഗമനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 85 ശതമാനത്തിലധികം കാട്ടുതീയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. 2019 ജനുവരി മുതല്‍ ഓഗസ്റ്റ് വരെയുള്ള സമയത്ത് ചെറുതും വലുതുമായ 74,155 കാട്ടുതീയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് നല്‍കുന്ന വിവരങ്ങളനുസരിച്ച് കഴിഞ്ഞ ഒരാഴ്ച മാത്രം 9500 ല്‍ അധികം കാട്ടുതീ ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്.

55 ലക്ഷം ചതുരശ്രമീറ്ററാണ് ആമസോണ്‍ മഴക്കാടുകളുടെ വിസ്തൃതി. കേരളത്തിന്റെ 138 ഇരട്ടി വലിപ്പം വരുമിത്. 60 ശതമാനവും ബ്രസീലിലാണ് വ്യാപിച്ചിരിക്കുന്നത്. ലോകത്ത് അവശേഷിച്ചിട്ടുള്ള മഴക്കാടുകളുടെ പകുതിയും ആമസോണിലാണ്. ഉഷ്ണമേഖലാ മഴക്കാടുകളിലെ ഏറ്റവും ജൈവ വൈവിദ്ധ്യമേറിയതും വലുതുമായ മഴക്കാടും ഇതുതന്നെയാണ്. 16000 സ്പീഷിസുകളിലായി 39000 കോടി മരങ്ങളാണ് ഇവിടെയുണ്ട്.

ലോകത്തേറ്റവും കൂടുതല്‍ സസ്യ വൈവിദ്ധ്യമുള്ള ഇടമാണ് ആമസോണ്‍ കാടുകള്‍. 2001 -ലെ ഒരു പഠനപ്രകാരം 62 ഏക്കര്‍ ഇക്വഡോറിലെ മഴക്കാടുകളില്‍ 1100 -ലേറെ തരം മരങ്ങള്‍ തന്നെ ഉണ്ട്. 1999 -ലെ ഒരു പഠനത്തില്‍ ഒരു ചതുരശ്ര കിലോമീറ്റര്‍ (247 ഏക്കര്‍) ആമസോണ്‍ കാട്ടില്‍ 90790 ടണ്‍ ജീവനുള്ള സസ്യങ്ങള്‍ ഉണ്ടത്രേ. ഒരു ഹെക്ടറില്‍ ശരാശരി 365 ടണ്ണോളമാണ് ആമസോണ്‍ പ്രദേശത്തെ സസ്യാവശിഷ്ടം. ഇന്നേവരെ ഏതാണ്ട് 438000 തരം സാമ്പത്തിക-സാമൂഹിക പ്രാധാന്യമുള്ള സസ്യവര്‍ഗ്ഗങ്ങളെ ഇവിടെ നിന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഇനിയും ധാരാളം സ്പീഷിസുകളെ കണ്ടെത്താനും രേഖപ്പെടുത്താനും ബാക്കിയുണ്ട് താനും. ആകെ 16000 സ്പീഷിസ് മരങ്ങള്‍ ഈ പ്രദേശത്ത് ഉണ്ടെന്നാണ് നിഗമനം

ഭൂമിയുടെ ശ്വാസകോശം എന്നറിയിപ്പെടുന്ന ആമസോണ്‍ മഴക്കാടുകള്‍ കത്തുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. വലിയ അളവിലുള്ള കാര്‍ബണ്‍ ബഹിര്‍ഗമനമാണ് കാട്ടുതീ സൃഷ്ടിക്കുന്നത്. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് മാത്രമല്ല തടികള്‍ കത്തുമ്പോള്‍ പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ മോണോക്‌സൈഡും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ആഗോളതാപനം രൂക്ഷമാകുന്നതിനും ഇവ കാരണമാകുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.

അതുകൊണ്ടു തന്നെ ബ്രസീലിന്റെ മാത്രം ആഭ്യന്തരപ്രശ്‌നമല്ല ഈ അഗ്നി ബാധ. ഭൂമിയിലുള്ള എല്ലാ മനുഷ്യരുടേയും പ്രശ്‌നമാണ്.