എന്തും സംഭവിയ്ക്കാം!, പോരാട്ടം ഇഞ്ചോടിഞ്ച്, അഷ്‌റഫിന് ചരിത്രം രചിക്കാന്‍ വേണം ഒരു വോട്ട്

ലോകത്തെ തന്നെ ഏറ്റവും സാഹസികമായ യാത്രകളില്‍ ഒന്നായ ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനില്‍ മത്സരിക്കാന്‍ ഒരുങ്ങി യുവ സഞ്ചാരിയും ട്രാവല്‍ ബ്ലോഗറുമായ അഷ്‌റഫ് എക്‌സല്‍. ഫിയല്‍ റാവന്‍ എന്ന സ്വീഡിഷ് കമ്പനി എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന പോളാര്‍ എക്‌സ്പിഡിഷന് വേണ്ടിയുള്ള ഓണ്‍ലൈന്‍ വോട്ടിംഗിലാണ് പാലക്കാട് സ്വദേശി അഷ്‌റഫ് ഒരുലക്ഷത്തിലധികം വോട്ട് നേടി മുന്നിട്ട് നില്‍ക്കുന്നത്.

മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ 300 കിലോമീറ്റര്‍ വരുന്ന ആര്‍ട്ടിക്ക് മേഖലയിലൂടെയുള്ള അതിസാഹസികമായ യാത്രയാണ് പോളാര്‍ എക്‌സ്‌പെഡിഷന്‍. കഴിഞ്ഞ രണ്ട് വര്‍ഷവും മലയാളികളായ പുനലൂര്‍ സ്വദേശി നിയോഗും കോഴിക്കോട് സ്വദേശി ബാബ് സാഗറും ഈ മത്സരത്തില്‍ പങ്കെടുക്കുകയും വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 11 പേര്‍ക്കാണ് ഇതില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.

ഒരു മാസത്തോളം നീണ്ട് നില്‍ക്കുന്ന ഓണ്‍ലൈന്‍ വോട്ടിംഗില്‍ അറുപതോളം രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ദ വേള്‍ഡ് കാറ്റഗറിയില്‍ പാലക്കാട് എത്തനാട്ടുകര സ്വദേശിയും യുവസഞ്ചാരിയുമായ അഷ്‌റഫ് എക്‌സലാണ് ഒരു ലക്ഷത്തോളം വോട്ട് നേടി നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്.

നിലവില്‍ കടുത്ത മത്സരമാണ് രണ്ടാം സ്ഥാനത്തുളളയാളുമായി അഷ്‌റഫ് നേരിടുന്നത്. നിങ്ങളുടെ ഒരു വോട്ട് ഒരു മലയാളിയെ ചരിത്രത്തിന്റെ ഭാഗമാക്കാം. മലയാളത്തിലെ പ്രമുഖ ട്രാവല്‍ ബ്ലോഗറായ സുജിത് ഭക്തന്‍, ടെക്‌നോളജി വീഡിയോകളിലൂടെ മലയാളിക്ക് സുപരിചിതനായ രതീഷ് ആര്‍ മേനോന്‍, സിനിമാ മേഖലയില്‍ നിന്ന് ടൊവിനോ തോമസ്, നാദിര്‍ഷ, ലിജോ ജോസ് പെല്ലിശേരി, വിനയ് ഫോര്‍ട്ട്, ഒമര്‍ ലുലു, പ്രിയ വാര്യര്‍, അനു സിത്താര എന്നിവരും എം എല്‍ എ മാരായ വി.ടി ബല്‍റാം, ഷാഫി പറമ്പില്‍ തുടങ്ങി നിരവധി പേര്‍ ഇദ്ദേഹത്തിന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് ഇതിനോടകം തന്നെ രംഗത്ത് വന്നിട്ടുണ്ട്.

വോട്ടുചെയ്യാനുള്ള ലിങ്ക്:
https://polar.fjallraven.com/contestant/?id=7043