ഒറ്റദിവസം കൊണ്ട് എങ്ങനെ ബുദ്ധിജീവിയായി മാറാം ? ആണുങ്ങള്‍ക്കാണെങ്കില്‍ താടിയും മുടിയും വളര്‍ത്തിയാല്‍ മതി, പെണ്ണുങ്ങള്‍ എന്ത് ചെയ്യും ?

ഒറ്റദിവസം കൊണ്ട് എങ്ങനെ ബുദ്ധിജീവിയായി മാറാം എന്നുള്ളതിന്റെ ഉത്തരം തേടി അലയുന്നവര്‍ക്ക് തന്റെ ജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ലക്ഷ്മി മേനോന്‍ നല്‍കുന്ന ടിപ്‌സ് ശ്രദ്ധിക്കു. യൂട്യൂബ് വ്‌ളോഗറായ ലക്ഷ്മി ഈ ടിപ്‌സ് നല്‍കുമ്പോള്‍ ‘പ്രത്യേകം ശ്രദ്ധിക്കണം’ അവര് ആരെയും ഉദ്ദേശിച്ചല്ല പറയുന്നത്.

ബുദ്ധിജീവി പട്ടം നേടാനുള്ള എളുപ്പവഴികള്‍

പൊട്ടുവെയ്ക്കുക, മൂക്കിന് താങ്ങാന്‍ പറ്റാത്ത മൂക്കുത്തി ഇടുക, തലമുടി ചറപറാന്ന് അലമ്പാക്കി ഉച്ചിയില്‍ കെട്ടുക, ഉച്ചിയില്‍ കെട്ടാന്‍ മുടിയില്ലാത്തവര്‍ മുട്ട അടിയ്ക്കുക – കൂടെ ഒരു ഡയലോഗും അടിയ്ക്കണം – എല്ലാ സ്ത്രീകളും ജീവിതത്തില്‍ ഒരിക്കലെങ്കിലും മുട്ടയടിക്കണം എന്നാല്‍ മാത്രമെ മുടിയുടെ ഭാരം മനസ്സിലാകു.

പറ്റാവുന്ന അത്രയും വലിപ്പത്തിലൊരു കണ്ണട വെയ്ക്കുക. ചിന്താഭാരം കൂടി കണ്ണ് തള്ളി തുറിച്ച് നില്‍ക്കുന്ന ഫീല്‍ മറ്റുള്ളവര്‍ക്ക് കിട്ടണം.

നരച്ച വസ്ത്രങ്ങള്‍ ധരിക്കുക, ഫ്‌ളാഷിയായുള്ള വസ്ത്രങ്ങള്‍ ബഹിഷ്‌ക്കരിക്കുക. ഷോള്‍ മസ്റ്റാണ്.

ബുദ്ധിജീവി കാണപ്പെടേണ്ട സ്ഥലങ്ങള്‍ – ഐഎഫ്എഫ്‌കെ, ബിനാലെ, സമരപന്തലുകള്‍, കവിയരങ്ങുകള്‍. വേഷം കുര്‍ത്ത.

കടിച്ചാല്‍പൊട്ടാത്ത വാക്കുകള്‍ ഇംഗ്ലീഷിലും മലയാളത്തിലും മാറ്റി മാറ്റി തട്ടിവിടുക. ഒരുതരത്തിലും പിടിച്ചുനില്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ അമേരിക്കയെ രണ്ട് കുറ്റം പറഞ്ഞേക്കണം.

ഹാര്‍ഡ്‌റോക്ക് ഗാനങ്ങള്‍ക്ക് പകരം ഗസലുകളും കവിതകളും നിര്‍ബന്ധമാക്കണം.

സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുണ്ടെന്ന് ആളുകളെ പറഞ്ഞ് ബോധ്യപ്പെടുക്കണം. പ്രശസ്തി ആഗ്രഹിക്കുന്നവര്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ മാവുകളുടെ നേര്‍ക്ക് കല്ലുവലിച്ചെറിയാവുന്നതാണ്.

പൊളിറ്റിക്കല്‍ മൂവ്‌മെന്റുകള്‍ക്ക് പിന്നില്‍ അമേരിക്കന്‍ ചാരസംഘടനയാണെന്ന് ആരോപിക്കുക. ഇന്ത്യ എത്ര നേട്ടങ്ങള്‍ കൈവരിച്ചാലും ഇന്ത്യയിലെ പട്ടിണിയെക്കുറിച്ച് വിലപിക്കുക.

ലോകം മുഴുവന്‍ ഒരേ ഡയറക്ഷനില്‍ സഞ്ചരിക്കുമ്പോള്‍ ബുദ്ധിജീവികള്‍ മറ്റൊരു ഡയറക്ഷനില്‍ വേണം സഞ്ചരിക്കാന്‍.

അരവിന്ദന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ പിന്നെ റഷ്യന്‍, ഫ്രഞ്ച് സിനിമകള്‍ –
ഇതാണ് ബുദ്ധിജീവികളുടെ സിനിമാ ലൈന്‍. കാണുന്ന സിനിമകളിലൊക്കെ കുറ്റം കണ്ടുപിടിക്കണം.

കൈയില്‍ എപ്പോഴും പുസ്തകം കൊണ്ടു നടക്കുക. വായിച്ചില്ലെങ്കിലും കുഴപ്പമില്ല. കോംപ്ലിക്കേറ്റഡ് പുസ്തകങ്ങളായിരിക്കണം കൊണ്ടു നടക്കേണ്ടത്. ഓണ്‍ലൈനില്‍നിന്ന് റിവ്യു സിനോപ്‌സിസ് എന്നിവ വായിച്ച് മനസ്സിലാക്കി ആവശ്യ സമയത്ത് ഉപയോഗിക്കുക.