‘അര്‍ണാബ് ഗോസ്വാമിക്ക് സംശയം, പിന്നാലെ തേജോവധം’; വനിതാ മാധ്യമപ്രവര്‍ത്തക റിപ്പബ്ലിക് ചാനലില്‍ നിന്ന് രാജി വെച്ചു

Gambinos Ad
ript>

ന്യൂഡല്‍ഹി: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ന്യൂസ് ചാനലില്‍ നിന്ന് ഒരു മാധ്യമ പ്രവര്‍ത്തക കൂടി രാജി വെച്ചു. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയടക്കമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സീനിയര്‍ കറസ്‌പോണ്ടന്റായ ശ്വേത കോത്താരിയാണ് റിപ്പബ്ലിക് ടിവിയില്‍ നിന്ന് രാജി വെച്ചത്.

Gambinos Ad

കോണ്‍ഗ്രസ് എംപി ശശി തരൂരിന് വേണ്ടി ചാരപ്പണി നടത്തുകയാണെന്നാരോപിച്ച് റിപ്പോര്‍ട്ടിങ് മാനേജര്‍ ഉള്‍പെടെയുള്ളവര്‍ തന്നെ തേജോവധം ചെയ്യുകയായിരുന്നെന്ന് ശ്വേത ട്വിറ്ററില്‍ കുറിച്ചു. തരൂരിനെ ട്വിറ്ററില്‍ പിന്തുടരുന്നുണ്ട് എന്ന ഒറ്റക്കാരണത്താല്‍ അര്‍ണാബ് ഗോസ്വാമി തന്നെ സംശയിച്ചിരുന്നെന്നും ശ്വേത വ്യക്തമാക്കി.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 30ന് എന്റെ റിപ്പോര്‍ട്ടിങ് മാനേജര്‍ എന്റെയടുക്കലെത്തി. ശശി തരൂര്‍ ചാരപ്രവൃത്തിയ്ക്കായി എന്നെ ചുമതലപ്പെടുത്തിയെന്ന് അര്‍ണാബ് ഗോസ്വാമി സംശയിക്കുന്നതായി പറഞ്ഞു. ഞാന്‍ അനുഭവിക്കുന്ന അപമാനത്തേക്കുറിച്ച് അര്‍ണാബ് ഗോസ്വാമിയോട് നേരിട്ട് പറഞ്ഞെങ്കിലും വ്യക്തമായൊരു മറുപടി പോലും ലഭിച്ചില്ല.  

ശ്വേത കോത്താരി  

അര്‍ണാബ് ഗോസ്വാമി തന്നെക്കുറിച്ച് സംശയം പ്രകടിപ്പിച്ച റിപ്പോര്‍ട്ടിങ് മാനേജര്‍ ബ്ലാക് മെയില്‍ ചെയ്‌തെന്നും കരിയര്‍ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും മാധ്യമപ്രവര്‍ത്തക പറഞ്ഞു. തന്റെ ആത്മാര്‍ത്ഥയും അഭിമാനവും ചോദ്യം ചെയ്യപ്പെടുന്നത് സഹിക്കാന്‍ പറ്റാത്തതുകൊണ്ടാണ് രാജിയെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

രാജിയേക്കുറിച്ചുള്ള ശ്വേതയുടെ ട്വീറ്റിന് പ്രതികരണവുമായ ശശി തരൂര്‍ എത്തി.

താങ്കളുടെ സത്യനിഷ്ഠ വേണ്ടി നില്‍ക്കാന്‍ കാണിച്ച ആര്‍ജവത്തിന് അഭിനന്ദനങ്ങള്‍. ഞാന്‍ ചാരന്മാരെ നിയോഗിക്കാറില്ല. പക്ഷെ യഥാര്‍ത്ഥ ജേണലിസ്റ്റുകളെ ബഹുമാനിക്കും.  

ശശി തരൂര്‍

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരെതിരെ റിപ്പബ്ലിക് ചാനലില്‍ നിരന്തരം വാര്‍ത്തകള്‍ വന്നിരുന്നു.

അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് സുമാന നന്ദി എന്ന മാധ്യമ പ്രവര്‍ത്തക സെപ്റ്റംബറില്‍ രാജി വെച്ചിരുന്നു. ചാനലിനെ ഓര്‍ത്ത് ലജ്ജിക്കുന്നെന്നും റിപ്പബ്ലിക് ടിവി തെമ്മാടി സര്‍ക്കാരിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നുമായിരുന്നു സുമാന നന്ദിയുടെ പ്രസ്താവന.