"ബ്രിട്ടോയിലെ മാറ്റം ആദ്യമായി അറിഞ്ഞത് അന്നാണ്, ആ അമ്പരപ്പ് ആദരവിനു വഴിമാറി"

മോപ്പസാങ്ങ് വാലത്ത് 

സൈമൺ ബ്രിട്ടോയെ ഓർക്കുമ്പോൾ.

1971- ൽ ആയിരിക്കണം, എറണാകുളം സെന്റ് ആൽബർട്ട്സ് കോളജിൽ ആർട്ട്സ് ഫെസ്റ്റിവൽ നടക്കുന്നു. ഫാൻസി ഡ്രസ് മത്സരമാണ്. അടുത്ത മത്സരാർത്ഥിയുടെ പേരു വിളിച്ചു. വേദിയിലും അരികിലും അനക്കമില്ല. രണ്ടാമതും വിളിച്ചു. അപ്പോൾ സദസ്സിന്റെ പിന്നറ്റത്തു നിന്നൊരു ശബ്ദം : ” മോർ വേണോ മോർ … ” തല മൊട്ടയടിച്ച് കറുത്ത സാരി കൊണ്ട് തല മൂടി തലയിൽ ഒരു കുടവുമായി അടിവെച്ചടിവെച്ചു സ്റ്റേജിലേക്കു നീങ്ങുകയാണ് ഒരു സ്ത്രീ രൂപം. അന്നൊക്കെ എറണാകുളം ഭാഗത്തെ ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകൾ വീടുവീടാന്തരം മോരു കൊണ്ടു നടന്നു വിൽക്കുമായിരുന്നു. വിധവയാണെങ്കിൽ തല മുണ്ഡനം ചെയ്തിരിക്കും. ചറുപറ ചറുപറ വർത്തമാനം പറഞ്ഞു കൊണ്ടായിരിക്കും നടപ്പ്. അത്തരത്തിലൊരു സ്ത്രീയാണ് വേദിയിലേക്കു തികഞ്ഞ സ്വാഭാവികതയോടെ നടന്നു കയറുന്നത്.

സൈമൺ ബ്രിട്ടോയെ ഞാൻ ആദ്യം കാണുന്നത് അന്നാണ്. വിപ്ലവവീര്യം അത്രയേറെ തലയ്ക്ക് പിടിച്ചിട്ടില്ലാത്ത കുസൃതിത്തരങ്ങൾ മനസ്സിലും കണ്ണിലും ചിരിയിലും തുടിച്ചു നിന്നിരുന്ന ബ്രിട്ടോ. ഒരു മനസ്സുള്ളവർ ഒരുമിച്ചു ചേരും എന്നു പറയുന്നത് എത്ര ശരി. വെവ്വേറെ ക്ലാസ്സുകളിലായിരുന്നെങ്കിലും സമാനകുസൃതികളായ ഞങ്ങൾ പെട്ടെന്ന് അടുത്തു. പ്രീ ഡിഗ്രി ജീവിതം ഓരോ ദിവസവും പിന്നീട് ആഘോഷമായിരുന്നു. കോളജിനോട് ചേർന്ന് ഒരു മുന്തിയ ഹോട്ടലുണ്ടായിരുന്നു. ഇന്നത്തെ സരിതാ തിയേറ്ററിനു നേരെ എതിർ വശം. ഒരു സായിപ്പായിരുന്നു അതിന്റെ നടത്തിപ്പുകാരൻ. ഹോട്ടലിനു മുന്നിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നത് സായിപ്പിന് ഇഷ്ടമല്ല. സായിപ്പ് ഓടി വന്നു ഫോട്ടോ എടുക്കും, പ്രിൻസിപ്പലിനെ കാണിക്കും എന്നു ഭീഷണിപ്പെടുത്തും. സായിപ്പിനെ ഗോഷ്ടി കാണിച്ചു വെകിളി പിടിപ്പിക്കൽ കുട്ടികൾക്കൊരു ഹരമായിരുന്നു. ഒരു ദിവസം ഒരു വെല്ലുവിളി ഉയർന്നു : ധൈര്യമുണ്ടോ ആർക്കെങ്കിലും സായിപ്പിന്റെ നേരെ ചെന്നിട്ട് അടുത്ത ഗേറ്റിലൂടെ പുറത്തേക്കു വരാൻ …! എന്ത് ബറ്റ്, ബ്രിട്ടോന്റെ ചോദ്യം. ഒരു പഴംപൊരി. വാടാ മോപ്പാ എന്നു പറഞ്ഞ് ബ്രിട്ടോ എന്റെ കൈയും പിടിച്ചു നടക്കുകയാണ്. ഞങ്ങൾ നെഞ്ചുവിരിച്ച് നേരെ സായിപ്പിന്റെ നേർക്കു നടന്നു. തൊട്ടു മുന്നിലെത്തി. പെട്ടെന്ന് ഇടത്തേക്കു വെട്ടിത്തിരിഞ്ഞ് അടുത്ത ഗേറ്റിലൂടെ പുറത്തിറങ്ങി ! സ്തബ്ധനായി നിന്ന സായിപ്പിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒന്നു ക്ലിക്ക് ചെയ്യാൻ പോലും. ഞങ്ങൾ അങ്ങിനെ ഹീറോകളായി, ടെൻസിങ്ങ് – ഹിലാരി പോലെ.

അങ്ങിനെ കളിച്ചു കളിച്ച് പ്രീ ഡിഗ്രിക്ക് ഞങ്ങൾ രണ്ടാളും വൃത്തിയായി തോറ്റു. പിന്നീട് അവനെപ്പറ്റി വിവരമൊന്നുമില്ല. ഫോണും മൊബൈലും ഒന്നും ഇല്ലാതിരുന്ന കാലം. ഞാൻ താമസിക്കുന്ന ചേരാനല്ലൂരിനും അഞ്ചു കിലോമീറ്റർ അടുത്ത് വടുതലയിലാണു വീടെന്നറിയാം.

തൊട്ടടുത്ത വർഷം. സെന്റ് ആൽബർട്സ് കോളജിൽ ഡിഗ്രിക്കു ചേരാനുള്ള ഇന്റർവ്യൂ നടക്കുന്ന സമയം. ഊഴം കാത്തിരിക്കുന്ന എന്റെയടുത്തേക്ക് ബ്രിട്ടോ വരുകയാണ്, നിറഞ്ഞ ചിരിയോടെ … ആഹാ മനസ്സിൽ നുര പൊട്ടി. പറ്റിയ കമ്പനിയായി, ഇവിടെ അഡ്മിഷൻ കിട്ടിയാൽ അടുത്ത മൂന്നു കൊല്ലാം അടിച്ചു പൊളിക്കാം. പക്ഷെ, ചങ്ങായിക്ക് ആ പഴയ കുസൃതിയും തമാശുമൊന്നുമില്ല. ഒരു പിരിമുറക്കം, ഗൗരവം … ! ആൾ ആകെ മാറിയിരിക്കുന്നു.

അതിന്റെ പൊരുൾ മനസ്സിലായത് ആദ്യത്തെ എക്കണോമിക്സ് ക്ലാസിലാണ്. പ്രഗൽഭനായ എക്കണോമിക്സ് പ്രൊഫസറോട് ബ്രിട്ടോ തർക്കിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക പ്ളാനിങ്ങാണു വിഷയം. കൃത്യമായ രീതിയിൽ ബ്രിട്ടോ കാര്യങ്ങൾ അവതരിപ്പിക്കുകയാണ്. അമ്പരന്നു പോയി. ഒരു വർഷം കൊണ്ട് ഇവൻ ഇത്രയ്ക്ക് പണ്‌ഠിതനായോ ! ബ്രിട്ടോയിലെ മാറ്റം ആദ്യമായി അറിഞ്ഞത് അന്നാണ്. ആ അമ്പരപ്പ് ആദരവിനു വഴിമാറി.

പിന്നീടങ്ങോട്ട് അവനൊരു വഴികാട്ടിയായ ചങ്ങാതിയായി. അടുത്ത വർഷം കോളജ് തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഒരേ പാനലിൽ. അവൻ കൗൺസിലർ. ഞാൻ ആർട്സ് ക്ലബ്ബ് സെക്രട്ടറി. ചുവരെഴുത്തിന്റെ ചുമതല എനിക്കായിരുന്നു. അവന്റെ പേരെഴുതി തീരുമ്പോഴേക്കും നേരം വെളുക്കും. കാരണം സൈമൺ ബ്രിട്ടോ റോഡ്രിഗസ് പി.എൻ . എന്നാണ് മുഴുവൻ പേര്. അത് ഇംഗ്ലീഷിലാവുമ്പോൾ വീണ്ടും നീളും. മുഴുവനും എഴുതണമെന്ന് അവനു നിർബന്ധവുമായിരുന്നു.

റിസൽറ്റു വന്നു, രണ്ടാളും ബഹുഭൂരിപക്ഷത്തിൽ ജയിച്ചു.

കോളജിന്റെ എൻ. എസ്. എസ്. യൂണിറ്റിൽ ഞങ്ങൾ സജീവ പ്രവർത്തകരായി. കോളജിന്റെ മുന്നിൽ കാണുന്ന നെടുനീള മരങ്ങൾ ഞങ്ങൾ അന്നു നട്ടതാണ്. എക്കണോമിക്സ് പ്രഫസറും പിന്നീട് കൊച്ചി മേയറുമായിരുന്ന മാത്യു പൈലി സാറിന്റെ നിർദ്ദേശത്തിൽ. പിന്നെ വടുതലയിലെ എൻ.എസ്. എസ്. ക്യാമ്പ്. ആ ക്യാമ്പിലെ കുസൃതികൾ … അതിന് ബ്രിട്ടോയുടെ ശകാരം…

ഡിഗ്രി കഴിഞ്ഞു. ബ്രിട്ടോ അവന്റെ വിശ്വാസപ്രമാണങ്ങളിലൂടെ ഉയർന്നുയർന്നു പോയി. ഞാൻ എന്റേതായ വഴിത്താരയിലും.

ബ്രിട്ടോ ആക്രമിക്കപ്പെട്ട ദിവസം വീട്ടിൽ ഞങ്ങൾ അച്ഛനും മകനുമിടയിൽ അസ്വസ്ഥകരമായ ഒരു മൗനം പുകഞ്ഞുയർന്നു നിന്നു. കുത്തു കൊണ്ടത് എന്റെ ആത്മസുഹൃത്തിന്, കുത്തിയതെന്ന് ആരോപിക്കപ്പെട്ടത് അച്ഛന്റെ ആത്മസുഹൃത്തിന്റെ മകനും! ഇടയ്ക്ക് വീട്ടിൽ വന്ന് ചരിത്രത്തെ കുറിച്ച് അച്ഛനോട് സുദീർഘമായി സംസാരിച്ചിരുന്ന ബ്രിട്ടോയോ പഴയ സഖാവും തീപ്പൊരിയുമായിരുന്ന അച്ഛന് വലിയ ഇഷ്ടമായിരുന്നു.

പിന്നീട് ബ്രിട്ടോയെ കാണുന്നത് ഒന്നര പതിറ്റാണ്ടുകൾക്കു ശേഷമാണ്. കോട്ടയത്തെ എന്റെ വീട്ടിൽ വന്നപ്പോൾ. എം ജി യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് യോഗത്തിൽ വന്ന അവസരത്തിൽ തപ്പിപ്പിടിച്ച് എന്റെ വീട്ടിലെത്തി. വരാന്തയിൽ വിരിച്ചിട്ട പായയിൽ ഇരുന്നും കിടന്നും ഒരുപാടു നേരം സംസാരിച്ചു. മുന്നിലെ വിശാലമായ പാടത്തിന്റെ പച്ചപ്പിലേക്കു നോക്കി പഴയകാല കഥകൾ … നർമ്മങ്ങൾ … കുസൃതികൾ എല്ലാം അവൻ ഓർത്തെടുത്തു പറഞ്ഞു. ഇടയ്ക്കെപ്പൊഴൊ അകത്തേക്കു പാളി നോക്കിയപ്പോൾ എന്റെ പെയിന്റിങ്ങു കണ്ടു. അത് അവനു വേണമെന്നായി. എനിക്ക് തീരെ ഇഷ്ടപ്പെടാത്ത ഒരു ചിത്രമായിരുന്നു അത്. പക്ഷെ അവന് അതു വേണമെന്നു നിർബന്ധം. പൊടി തുടച്ച് അത് കൈമാറുമ്പോൾ അവന്റെ കണ്ണിലെ ആ തിളക്കം ! അതിപ്പഴും ചിരഞ്ജീവിയാണ്.

ഒരു സായന്തനം മുഴുവൻ ചിരിപ്പിച്ചും രസിപ്പിച്ചും ഞങ്ങളെ ആഹ്ളാദത്തിമർപ്പിന്റെ ഉയരങ്ങളിൽ എത്തിച്ച ശേഷം അവൻ കാറിൽ കയറി യാത്രയായി … ഭൗതികമായി എന്റെ ജീവിതത്തിൽ നിന്നുമുള്ള അവസാനത്തെ യാത്ര.

” സൈമൺ ബ്രിട്ടോ, മരണമില്ലാത്ത പോരാളി” എന്ന ഗ്രൂപ്പിൽ ചേരാൻ ഇന്ന് സഖാവ് സീനയുടെ ക്ഷണം ലഭിച്ചപ്പോൾ ഈ ഓർമ്മകളും മനസ്സിലേക്ക് ഇരച്ചു കയറി വന്നു.

ബ്രിട്ടോയുടെ ഓർമ്മകൾക്കു മുന്നിൽ വിനീത പ്രണാമം.

https://www.facebook.com/mopasang.valath.7/posts/1984367325032162