സൗരയൂഥത്തിനു പുറത്ത് ജീവന്‍ തുടിക്കുന്ന മറ്റൊരു ഗ്രഹം; ഭൂമിയുടെ അപരനെന്ന് നാസ

സൗരയൂഥത്തിനു പുറത്ത് ഭൂമിക്കു സമാനമായ മറ്റൊരു ഗ്രഹം കണ്ടത്തിയെന്ന് നാസ.
ഇതാദ്യമായാണ് സൗരയൂഥത്തിനുപുറത്ത് വാസയോഗ്യമായൊരു ഗ്രഹത്തെക്കുറിച്ച് സൂചന ലഭിക്കുന്നത്. ജി.ജെ. 357 എന്ന നക്ഷത്രത്തെ ചുറ്റുന്ന എം വിഭാഗത്തില്‍പ്പെട്ട വലുപ്പം കുറഞ്ഞ ഗ്രഹമാണിത്. സൂര്യന്റെ മൂന്നിലൊന്ന് വലുപ്പവും പിണ്ഡവുമുണ്ട്. നമ്മുടെ സൂര്യനെക്കാള്‍ 40 ശതമാനം ചൂടുകുറവുമാണ്.

31 പ്രകാശവര്‍ഷം അകലെ ഹൈഡ്ര നക്ഷത്രസമൂഹത്തിലാണിതുള്ളത്. സൂര്യനല്ലാതെ മറ്റു നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്നതിനുള്ള നാസയുടെ ട്രാന്‍സിസ്റ്റിങ് എക്സോപ്ലാനറ്റ് സര്‍വേ ഉപഗ്രഹ(ടെസ്സ്)മാണ് പുതിയ കണ്ടുപിടിത്തത്തിനു പിന്നില്‍. ഭൂമിയെക്കാള്‍ കട്ടികൂടിയ അന്തരീക്ഷമാണ് ഈ ഗ്രഹത്തിലുള്ളത്. ഭൂമിയെക്കാള്‍ ഭാരവും കൂടുതല്‍. ഭൂമിയിലേതു പോലെ ഉപരിതലത്തില്‍ വെള്ളവും ജീവന്റെ സാധ്യതയും ഉണ്ടാകാനുള്ള സാധ്യത തെളിയിക്കുന്ന ചിത്രം ടെലിസ്‌കോപ്പില്‍ പകര്‍ത്തിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ഇവ പുറത്തുവിടും.

ഓരോ 3.9 ദിവസം കൂടുമ്പോഴും ഈ ഗ്രഹം കാഴ്ചയില്‍നിന്ന് മങ്ങിപ്പോകുന്നതായി ടെസ്സിന്റെ ക്യാമറകള്‍ കണ്ടെത്തി. മറ്റൊരു നക്ഷത്രത്തെ ഇത് ചുറ്റുന്നു എന്നതിന്റെ തെളിവാണിത്. ഫെബ്രുവരിയില്‍ നടന്ന കണ്ടുപിടിത്തത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് “ദി ആസ്ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സി”ലൂടെയാണ് പുറത്തുവിട്ടത്. കോര്‍ണെല്‍സ് കാള്‍ സാഗന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറും ജ്യോതിശ്ശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ലിസ കള്‍ട്ടെനെഗ്ഗെര്‍ ആണ് കണ്ടുപിടിത്തത്തിന് നേതൃത്വം നല്‍കിയത്.