മതതീവ്രവാദവും മാവോയിസവും; മുഖ്യമന്ത്രിക്ക് സുരക്ഷക്കായി രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ കൂടി വാങ്ങും

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ രണ്ടു ബുള്ളറ്റ് പ്രൂഫ് കാറുകള്‍കൂടി വാങ്ങുന്നു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വി.വി.ഐ.പികള്‍ക്കായാണു പുതിയ കാറുകള്‍ വാങ്ങുന്നത്. നിലവില്‍ സംസ്ഥാനത്തു സെഡ് പ്ലസ് സുരക്ഷയുള്ളതു മുഖ്യമന്ത്രിക്കു മാത്രമാണ്. സംസ്ഥാനത്തു മതതീവ്രവാദവും മാവോയിസവും ശക്തിപ്രാപിച്ചെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണു സെഡ് പ്ലസ് സുരക്ഷ ശക്തമാക്കുന്നത്.

ഇതിന്റെ ഭാഗമായി രണ്ടു ബുളളറ്റ് പ്രൂഫ് കാറുകള്‍കൂടി വാങ്ങാനുള്ള ശിപാര്‍ശ ആഭ്യന്തരവകുപ്പിനു ലഭിച്ചു. മിത്‌സുബിഷി പജീറോ സ്‌പോര്‍ട്ട് കാറുകള്‍ വാങ്ങി, വെടിയുണ്ടയേല്‍ക്കാത്ത തരത്തില്‍ പരിഷ്‌കരിക്കും. ഇതിന് ഏകദേശം ഒന്നരക്കോടിയോളം രൂപ ചെലവുവരും. നിലവിലുള്ള മൂന്നു ടാറ്റാ സഫാരി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ക്കു പുറമേയാണു പജീറോയും വാങ്ങുന്നത്. ബുള്ളറ്റ് പ്രൂഫ് ടാറ്റാ സഫാരികളില്‍ രണ്ടെണ്ണം കൊച്ചിയിലും ഒന്നു തിരുവനന്തപുരത്തുമാണുള്ളത്. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കു വിവിധ തലങ്ങളില്‍ ഉയരുന്ന ഭീഷണി കണക്കിലെടുത്താണു യാത്രയ്ക്കു ബുള്ളറ്റ് പ്രൂഫ് കാറുകള്‍ നിര്‍ബന്ധമാക്കാന്‍ പോലീസ് തീരുമാനിച്ചത്.

അതിന് അദ്ദേഹം തയാറാകുമോയെന്നു വ്യക്തമല്ല. ധനവകുപ്പിന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പുതിയ കാറുകള്‍ വാങ്ങും. തമിഴ്‌നാട് പോലീസിന് 60 ബുള്ളറ്റ് പ്രൂഫ് കാറുകളാണുള്ളത്. ഏറ്റവുമധികം ബുള്ളറ്റ് പ്രൂഫ് കാറുകളുള്ളതു കശ്മീര്‍ പോലീസിനാണ്-350. സെഡ് പ്ലസ് സുരക്ഷയുള്ള വി.വി.ഐ.പികള്‍ കേരളം സന്ദര്‍ശിക്കുമ്പോള്‍ ബുള്ളറ്റ് പ്രൂഫ് കാറുകള്‍ ഉപയോഗിക്കണമെന്നു കര്‍ശനനിര്‍ദേശമുണ്ട്. എന്നാല്‍, തിരുവനന്തപുരത്ത് ഒരു കാര്‍ മാത്രമുള്ളതിനാല്‍ അതു പ്രയാസമാണ്.

പലപ്പോഴും തമിഴ്‌നാട് പോലീസില്‍നിന്നു ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുകയാണു ചെയ്യുന്നത്. രണ്ടുവര്‍ഷം മുമ്പു പ്രധാനമന്ത്രി കേരളത്തിലെത്തിയപ്പോള്‍ ബുള്ളറ്റ് പ്രൂഫ് കാര്‍ പണിമുടക്കി വഴിയില്‍കിടന്നതു പോലീസിനു നാണക്കേടുണ്ടാക്കിയിരുന്നു. അതിന്റെ പേരില്‍ അന്നത്തെ സംസ്ഥാന പോലീസ് മേധാവിക്കു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ ശാസനയും കേള്‍ക്കേണ്ടിവന്നു.