
ട്രാന്‍സ്ജെന്‍ഡറായ തൃപ്തി ഷെട്ടിക്കും ലഭിച്ചു, ഒടുവില്‍ മുദ്രാ ലോണ്‍ (മൈക്രോ യൂണിറ്റ്സ് ഡവലപ്പ്മെന്റ് ആന്‍ഡ് റീഫൈനാന്‍സ് ഏജന്‍സി ലിമിറ്റഡ്). എറണാകുളം എം.ജി. റോഡിലെ എസ്.ബി.ഐ. ബ്രാഞ്ചാണ് ട്രാന്‍സ്ജെന്‍ഡറായ തൃപ്തിക്ക് ഒരു ലക്ഷം രൂപ വായ്പ അനുവദിച്ചത്. കേരളത്തില്‍ മുദ്രാ ലോണ്‍ ലഭിക്കുന്ന ആദ്യ ട്രാന്സ്ജെന്ഡറാണ് താനെന്ന് തൃപ്തി പറഞ്ഞു.

ഫെബ്രുവരി അഞ്ചിനാണ് തൃപ്തിക്ക് ബാങ്ക് മാനേജര്‍ ഒരു ലക്ഷം രൂപ കൈമാറിയത്. ഡിസംബറിലാണ് രണ്ടു ലക്ഷം രൂപയുടെ വായ്പയ്ക്കായി തൃപ്തി അപേക്ഷ നല്‍കിയത്.
മറ്റു ട്രാന്‍സ്ജെന്‍ഡറുകളും സംരംഭകരാകാന്‍ മുന്നോട്ട് വരണമെന്ന് തൃപ്തി പറഞ്ഞു. എസ്.ബി.ഐയെപോലെ മറ്റു ബാങ്കുകളും ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് വായ്പ നല്കാന് തയ്യാറായാല്‍ സമൂഹത്തില്‍ അത് വലിയ മാറ്റം വരുത്തും. ബാങ്കിലെത്തിയ തന്നോട് നല്ല രീതിയിലാണ് ബാങ്ക് ജീവനക്കാര്‍ പെരുമാറിയത്. അക്കൗണ്ട് തുടങ്ങുന്നതടക്കം എല്ലാ പ്രവര്‍ത്തനങ്ങളും വളരെ വേഗത്തില്‍ ചെയ്തുതരാനും അവര്‍ സഹായിച്ചു.
എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന കേരള കരകൗശല വികസന കോര്‍പ്പറേഷന്റെ അഖിലേന്ത്യ കരകൗശല വികസന മേളയില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായാണ് തൃപ്തി മുദ്രാ ലോണിന് അപേക്ഷിച്ചത്. കരകൗശലവസ്തുകള്‍ നിര്‍മിക്കുന്നതിനാവശ്യമായ സാമഗ്രികളും മറ്റും വാങ്ങുന്നതിന് പണം കണ്ടെത്തുന്നതിനായിരുന്നു ഇത്. ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെത്തിയാണ് തൃപ്തി കരകൗശലവസ്തുകള്‍ നിര്‍മിക്കാന്‍ ആവശ്യമായ വസ്തുക്കള്‍ വാങ്ങുന്നത്. ഇതിന് ഒരുപാട് പണം ചെലവാകും. അതുകൊണ്ടാണ് വായ്പയ്ക്ക് അപേക്ഷിച്ചത്.
എറണാകുളത്തപ്പന് ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍ തൃപ്തിയുടെ ‘തൃപ്തീസ് ഹാന്ഡ്ക്രാഫ്റ്റിസ് ആന്‍ഡ് ഫാഷന്‍’ എന്ന സ്റ്റാളിന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. മേള ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എ.സി. മൊയ്തീന് തൃപ്തിയുടെ സ്റ്റാള്‍ സന്ദര്‍ശിച്ചിരുന്നു. വിനോദസഞ്ചാര മേഖലയില്‍ ഒരു സ്റ്റാള്‍ അനുവദിച്ച് നല്‍കണമെന്ന് തൃപ്തി മന്ത്രിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
പ്രവര്‍ത്തനം വിലയിരുത്തി
തൃപ്തിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതിന് ശേഷമാണ് ഒരു ലക്ഷം രൂപ മുദ്രാ ലോണ്‍ പ്രകാരം നല്‍കിയത്. വിജയകരമായി ലോണ്‍ ഉപയോഗിച്ചാല്‍ ബാക്കിയുള്ള ഒരു ലക്ഷം രൂപ കൂടി അനുവദിക്കും.
-മാര്ട്ടിന് ജോസ്, ചീഫ് മാനേജര്‍, എസ്.ബി.ഐ., എറണാകുളം എം.ജി. റോഡ് ബ്രാഞ്ച്.
തൃപ്തി മാതൃക
എന്റെ അറിവില്‍ മുദ്രാ ലോണ്‍ ലഭിക്കുന്ന കേരളത്തിലെ ആദ്യ ട്രാന്സ്ജെന്ഡറാണ് തൃപ്തി ഷെട്ടി. തൃപ്തി ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലെ എല്ലാവര്ക്കും മാതൃകയാണ്. ഒറ്റയാള്‍ പോരാട്ടമാണ് അവളെ മുന്നോട്ട് നയിക്കുന്നത്.
– ശീതള്‍ ശ്യാം, ദ്വയ പ്രസിഡന്റ്