രാജി തീരുമാനം പിൻവലിക്കണമെന്ന് പാർട്ടി; എം.പി വീരേന്ദ്രകുമാർ ഉടൻ ഇടത്തോട്ടില്ല

ജനതാദള്‍(യു) ദേശീയ നേതൃത്വവുമായി അകന്ന എം.പി വിരേന്ദ്രകുമാര്‍ എം.പി. ഉടന്‍ ഇടതുപക്ഷത്തേക്കു പോകില്ല. ജെ.ഡി(എസ്)യുമായി ലയിച്ച് ഇടതു മുന്നണിയുടെ ഭാഗമാകുമെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് ഉടന്‍ ഇടത്തോട്ടു പോകേണ്ടതില്ലെന്ന തീരുമാനം വന്നത്. ജെ.ഡി(എസ്)യുമായി ലയിക്കുന്നതിനു പകരം എസ്.ജെ.ഡി. പുനരുജ്ജീവിപ്പിക്കാനാണു തീരുമാനം. ഈ മാസം 17-നു ചേരുന്ന നേതൃയോഗത്തില്‍ ഇതുസംബന്ധിച്ചു തീരുമാനമെടുക്കും.

പാര്‍ട്ടി രൂപീകരണശേഷം മുന്നണിബന്ധം ചര്‍ച്ച ചെയ്താല്‍ മതിയെന്നതാണ് പൊതുവിലുളള വികാരം. നേതൃയോഗത്തില്‍ രാജ്യസഭാ എം.പി. സ്ഥാനം രാജിവയ്ക്കാനുളള വീരേന്ദ്രകുമാറിന്റെ തീരുമാനം പിന്‍വലിക്കാന്‍ ആവശ്യപ്പെടും. നിതീഷ് കുമാറിന്റെ എം.പി.യായി തുടരാന്‍ ആഗ്രഹമില്ലാഞ്ഞിട്ടാണ് രാജിവയ്ക്കുന്നതെന്നാണ് വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയത്. എന്നാല്‍ വിരേന്ദ്രകുമാര്‍ എം.പിയായത് യു.ഡി.എഫിന്റെ പ്രതിനിധിയായിട്ടാണെന്നും നിലവില്‍ യു.ഡി.എഫുമായി മുന്നണിബന്ധം തുടരുന്ന സാഹചര്യത്തില്‍ എം.പി. സ്ഥാനം ഒഴിയേണ്ടതില്ലെന്നുമാണ് നേതാക്കളുടെ പൊതുവികാരം. മുന്നണി മാറുന്നതിനെതിരേ ഒരു വിഭാഗം നേതാക്കള്‍ രംഗത്തു വരികയും ചെയ്തു. നേതാക്കളായ കെ.പി. മോഹനന്‍, വര്‍ഗീസ് ജോര്‍ജ്, ഷേഖ് പി. ഹാരിസ് തുടങ്ങിയ നേതാക്കളാണ് യു.ഡി.എഫ് വിടുന്നതിനെതിരേ പരസ്യമായി രംഗത്തുവന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടന്ന പടയൊരുക്കം ജാഥയില്‍ കെ.പി. മോഹനന്‍ സ്ഥിരാംഗമായിരുന്നു. അതുപോലെ പടയൊരുക്കം ജാഥയുടെ ഭാഗമായി നടന്ന പൊതുയോഗങ്ങളില്‍ പല ജില്ലകളിലും വര്‍ഗീസ് ജോര്‍ജ് മുഖ്യപ്രാസംഗികനായിരുന്നു. ഈ യോഗങ്ങളിലെല്ലാം പിണറായി സര്‍ക്കാരിനെയും ഇടതു മുന്നണിയേയും പരസ്യമായി വിമര്‍ശിച്ചശേഷം തൊട്ടടുത്ത ദിവസം ഇടതുമുന്നണിയുമായി െകെകോര്‍ക്കുന്നത് രാഷ്ട്രീയ മാന്യതയല്ലെന്നതാണ് നേതാക്കളുടെ പൊതുവികാരം.

ഇതുകൂടി കണക്കിലെടുത്താണ് ഉടന്‍ മുന്നണിമാറ്റം വേണ്ടന്ന തീരുമാനത്തില്‍ എത്തിച്ചേര്‍ന്നത്. എന്നാല്‍ ഇതിനിടെ വിരേന്ദ്രകുമാറിനെ ഇടതു പാളയത്തിലെത്തിക്കുന്നതിനുളള നീക്കം സി.പി.എം. ശക്തമാക്കിയിട്ടുണ്ട്. ജനതാദളി(എസ്)ന്റെ പിന്തുണ കൂടിയുണ്ടെങ്കില്‍ കോഴിക്കോട്, വടകര പാര്‍ലമെന്റ് മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ കഴിയുമെന്നാണ് സി.പി.എം. കണക്കു കൂട്ടുന്നത്. മാത്രമല്ല വയനാട് , കോഴിക്കോട് ജില്ലകളില്‍ ഇടതുമുന്നണിയുടെ സ്വാധീനം ശക്തമാക്കാനും ഈ നീക്കത്തിലൂടെ കഴിയുമെന്നാണ് എല്‍.ഡി.എഫ്. നേതൃത്വത്തിന്റെ പ്രതീക്ഷ. നേരത്തെ ഇടതുമുന്നണിയിലായിരുന്ന വിരേന്ദ്രകുമാര്‍ വിഭാഗം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റ് ലഭിക്കാതിരുന്നതിനെത്തുട ര്‍ന്നാണ് യു.ഡി.എഫിന്റെ ഭാഗമായത്.

നിതീഷ് കുമാര്‍ എന്‍.ഡി.എയിലേക്കു പോയതോടെ ശരദ്‌യാദവ് പക്ഷത്തായിരുന്നു വിരേന്ദ്രകുമാര്‍. പിന്നീട് ശരദ്‌യാദവും പുതിയ പാര്‍ട്ടി രൂപീകരണവുമായി മുന്നോട്ടു പോയതോടെയാണ് പുതിയ പാര്‍ട്ടിക്കു രൂപം നല്‍കാന്‍ വീരേന്ദ്രകുമാര്‍ തീരുമാനിച്ചത്.