‘ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പ്രതീക്ഷ’; ബിജെപി മാത്രമല്ല, കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ സംഘടനകളും അപവാദപ്രചാരണം നടത്തുന്നുവെന്ന് ഷാനി പ്രഭാകരന്‍

തുടര്‍ച്ചയായി ഉണ്ടായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് ഷാനി പ്രഭാകരന്‍. തനിക്കെതിരെ ബിജെപി മാത്രമല്ല, കോണ്‍ഗ്രസ് അടക്കമുള്ള എല്ലാ സംഘടനകളും ആക്രമണങ്ങള്‍ നടത്തുണ്ടെന്ന് ഷാനി പ്രഭാകരന്‍ സൗത്ത് ലൈവിനോട് പറഞ്ഞു.

സ്ത്രീക്കെതിരെ ഇത്തരത്തില്‍ ഒരു ആരോപണം വരുമ്പോള്‍ മലയാളത്തിലെ സൈറ്റുകള്‍ എങ്ങനെ ആഘോഷിക്കുന്നുവോ,അതുപോലെയാണ് ഈ സംഭവത്തിലും ഉണ്ടായിരിക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. അപവാദപ്രചരണം നടത്തുന്നവര്‍ക്കെതിരെ ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയതായും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഷാനി പറഞ്ഞു.

എം.സ്വരാജ് എംഎല്‍എയോടൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് തിങ്ക് ഓവര്‍ കേരളാ ഫെയ്‌സ്ബുക്ക് പേജിലാണ് ഷാനിക്കെതിരെ അസ്ലീലച്ചുവയുള്ള പരാമര്‍ശങ്ങളുമായി പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ഈ പോസ്റ്റുകള്‍ വാട്‌സാപ്പിലും മറ്റ് ഗ്രൂപ്പുകളിലും പ്രചരിച്ചിരുന്നു,

ഫോട്ടോ പ്രചരിപ്പിച്ച് ലെംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണെന്നും. സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഷാനി പരാതിയില്‍ പറയുന്നുണ്ട്. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും അടക്കമാണ് പരാതി ഡിജിപിക്ക് നല്‍കിയിരിക്കുന്നത്.