നാണം കെട്ട് ഇന്ത്യ, മമതയോടൊപ്പം ലണ്ടനിലേക്ക് പോയ മാധ്യമപ്രവര്‍ത്തകര്‍ മോഷണം നടത്തി

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കൊപ്പം ലണ്ടന്‍ സന്ദര്‍ശനത്തിന് പോയ കൊല്‍ക്കത്തയിലെ മാധ്യമപ്രവര്‍ത്തകര്‍ അത്താഴവിരുന്നിനിടെ കത്തിയും മുള്ളും മോഷ്ടിച്ചതായി ആരോപണം. ഹോട്ടല്‍ ജീവനക്കാര്‍ മോഷണം പിടികൂടിയതോടെ 50 പൗണ്ട് നല്‍കി സംഗതി ഒതുക്കിത്തീര്‍ത്തെന്നാണ് വിവരം. ഔട്ട്ലുക്കാണ് ഇതു സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. സംഭവം സോഷ്യല്‍മീഡിയയിലും വന്‍ ചര്‍ച്ചയായിരിക്കുകയാണ്.

ലണ്ടനിലെ ആഢംബര ഹോട്ടലിലൊരുക്കിയിരുന്ന അത്താഴവിരുന്നില്‍ വി.വി.ഐ.പി ഗസ്റ്റായി എത്തിയതായിരുന്നു മമത. അത്താഴവിരുന്നില്‍ മമതയ്ക്കൊപ്പം കൊല്‍ക്കത്തയിലെ മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്നു. അതിഥികള്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് മാധ്യമപ്രവര്‍ത്തകര്‍ സ്റ്റീലിന്റെ കത്തിയും മുള്ളും മോഷ്ടിച്ചത്. ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിയുകയും ചെയ്തു.

സുരക്ഷാജീവനക്കാര്‍ മോഷണം കണ്ടതോടെ ഇവര്‍ക്കരികില്‍ എത്തി ചോദ്യം ചെയ്തു. നിങ്ങള്‍ എടുക്കുന്നത് ഞങ്ങള്‍ കണ്ടുവെന്നും മോഷ്ടിച്ചത് തിരികെ സ്ഥാനത്ത് തന്നെ വെക്കണമെന്നും സുരക്ഷാ ജീവനക്കാര്‍ ആവശ്യപ്പെട്ട്‌തോടെ മോഷ്ടിച്ച കത്തിയും സ്പൂണും ഇവര്‍ മേശപ്പുറത്ത് തന്നെ തിരികെ വച്ചു. എന്നാല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ മാത്രം ആരോപണം നിഷേധിക്കുകയായിരുന്നു. ദേഹപരിശോധന നടത്തണമെന്ന സുരക്ഷാ ജീവനക്കാരുടെ ആവശ്യം ഇദ്ദേഹം നിരാകരിച്ചതോടെ പൊലീസിനെ വിളിച്ചുവരുത്തുമെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. ഇതോടെ അദ്ദേഹം കുറ്റം ഏറ്റുപറയുകയും 50 പൗണ്ട് പിഴയായി നല്‍കി കേസില്‍ നിന്ന് ഊരുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോപണ വിധേയരായവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംഭവം സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചയായതോടെ വന്‍ പ്രതിഷേധമാണ് ഇവര്‍ക്കെതിരെ ഉയരുന്നത്.