എം.സ്വരാജ് എംഎല്‍എയോടൊപ്പമുള്ള ഷാനിയുടെ ഫോട്ടോ പ്രചരിപ്പിച്ചത് സംഘപരിവാര്‍, കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍; അപവാദപ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് 'തിങ്ക് ഓവര്‍ കേരള'

എം.സ്വരാജ് എംഎല്‍എയോടൊപ്പം ലിഫ്റ്റില്‍ നില്‍ക്കുന്ന ഫോട്ടോ ഉപയോഗിച്ച് ഫെയ്‌സ്ബുക്കിലും വാട്സാപ്പിലും അപവാദപ്രചാരണം നടത്തുന്നതിനെതിരെ മനോരമ ന്യൂസ് ചാനലിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകരന്‍ പരാതി നല്‍കിയതോടെ സംഘപരിവാര്‍ അനുഭാവമുള്ള ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ നിയമകുരുക്കിലേക്ക്. ഷാനി പ്രഭാകരനെയും എം. സ്വരാജ് എംഎല്‍എയും അധിക്ഷേപിക്കാനായി നടത്തിയ ശ്രമങ്ങള്‍ക്ക് പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും സഹിതമാണ് ഷാനി പരാതി നല്‍കിയിരിക്കുന്നത്. തിങ്ക് ഓവര്‍ കേരള എന്ന ഫേയ്സ്ബുക്ക് പേജിലാണ് ഇരുവരെയും അപമാനിക്കുന്ന രീതിയിലുള്ള പോസ്റ്റ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ഇതു മറ്റു പല ഫെയ്‌സ്ബുക്ക് പേജുകളിലും പ്രത്യക്ഷപ്പെടുകയായിരുന്നു.

സംഘപരിവാര്‍ ട്രോള്‍ ഗ്രൂപ്പായ ഔട്ടസ്‌പോക്കണ്‍ ഇതുമായി ബന്ധപ്പെട്ട് നിരന്തരമായി മോശം പ്രചരണം നടത്തിയിരുന്നു. ഇതു കൂടാതെ ശ്രീദേവ് സോമനെന്ന കോണ്‍ഗ്രസ് നേതാവ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ മേശമായ രീതിയില്‍ ഷാനി പ്രഭാകരനെതിരെ കുറിപ്പ് എഴുതിയിട്ടുണ്ട്.

ഡിജിപി ലോക്നാഥ് ബഹ്റയ്ക്കാണ്‌ ഷാനി ഇന്നലെ പരാതി നല്‍കിയത്. ഫോട്ടോ പ്രചരിപ്പിച്ച് ലെംഗികച്ചുവയോടെയുള്ള പരാമര്‍ശങ്ങളുമായി അധിക്ഷേപം നടത്തുകയാണെന്നും. സ്ത്രീ എന്ന രീതിയില്‍ എന്റെ അന്തസിനെയും വ്യക്തി എന്ന നിലയില്‍ സ്വകാര്യതയെയും ബാധിക്കുന്ന പ്രസ്തുതനടപടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഷാനി പരാതിയില്‍ പറയുന്നു. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ചിരിക്കുന്ന പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും അടക്കമാണ് പരാതി ഡിജിപിക്ക് നല്‍കിയിരിക്കുന്നത്.

അതേസമയം FreeThinkers സ്വതന്ത്ര ചിന്തകള്‍”എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട് പോസ്റ്റ് താന്‍ ഷെയര്‍ ചെയുക മാത്രമായിരുന്നു. അതും പോസ്റ്റ് ഞാന്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ഗ്രൂപ്പ് അഡ്മിന്‍ അത് അവിടെ നിന്നും ഒഴിവാക്കി. അതില്‍ വളരെ കുറച്ച് അംഗങ്ങള്‍ മാത്രമേ ഉള്ളൂ. പിന്നീട് അതിന്റെ സ്‌ക്രീന്‍ ഷോട്ട് സിപിഐ എം പ്രവര്‍ത്തകര്‍ പ്രചരിപ്പിക്കുകയായിരുന്ന വിചിത്രമായ ന്യായീകരണവുമായി ശ്രീദേവ് സോമന്‍ രംഗത്തു വന്നിട്ടുണ്ട്.