അംബാനി പുത്രന്‍ വാര്‍ത്തകള്‍ക്ക് ആതീതനാണ്; റിലയന്‍സ് ഗ്രൂപ്പിനെ മറികടന്ന് വാര്‍ത്ത പ്രസിദ്ധീകരിച്ചാല്‍ അപ്രത്യക്ഷമാകും

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 40ാം വാര്‍ഷികം കൊണ്ടാടുന്നതിന്റെ ഭാഗമായി കമ്പനി ഒരു ഇവന്റ് സംഘടിപ്പിച്ചിരുന്നു. കമ്പനി മാനേജ്‌മെന്റിലെ ഇളമുറക്കാരെല്ലാം തന്നെ പങ്കെടുത്ത ഒരു പരിപാടി കൂടിയായിരുന്നു ഇത്.

അച്ഛന്‍ അംബാനിക്ക് ശേഷം സ്റ്റേജില്‍ പ്രസംഗിക്കാന്‍ എത്തിയത് മകന്‍ അംബാനിയായിരുന്നു. അത് 2018ലെ ആദ്യ വൈറല്‍ മീമായി പെട്ടെന്ന് തന്നെ മാറുകയും ചെയ്തു. ഇത്തരം ട്വീറ്റുകളും മീമുകളും ട്രോളുകളും കോര്‍ത്തിണക്കി സ്‌കൂപ്പ്‌വൂപ്പ്, സ്റ്റോറിപിക്ക്, മെന്‍സ് എക്‌സ്പി തുടങ്ങിയ വെബ്‌സൈറ്റുകള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നു. പക്ഷ, ഒരു സുപ്രഭാതത്തില്‍ ഈ ലിങ്കുകളെല്ലാം അപ്രത്യക്ഷമായി. ലിങ്കുകള്‍ക്ക് എന്തു സംഭവിച്ചെന്നോ എന്തുകൊണ്ടാണ് വാര്‍ത്തകള്‍ നീക്കം ചെയ്തതെന്നും യാതൊരു വിശദീകരണവും ഈ വെബ്‌സൈറ്റുകള്‍ നല്‍കിയില്ല.

മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പിന്‍വലിക്കുന്നതും തിരുത്തുന്നതും മാപ്പ് പറയുന്നതുമൊന്നും പുതിയ സംഭവങ്ങളല്ല. മാധ്യമ പ്രവര്‍ത്തനം തുടങ്ങിയ കാലംമുതല്‍ക്കെ ഇവയൊക്കെ സംഭവിച്ചിട്ടുള്ളതാണ്. പക്ഷെ, ഒരേ വാര്‍ത്ത എല്ലാ മാധ്യമങ്ങളില്‍നിന്നും ഒരേപോലെ അപ്രത്യക്ഷമാകുന്നത് വിരളമായി മാത്രമെ സംഭവിക്കാറുള്ളു.

പ്രസിദ്ധീകരിച്ച ഒരു വാര്‍ത്ത നീക്കം ചെയ്യുമ്പോള്‍ അതിന്റെ കാരണം വിശദീകരിക്കുക എന്നത് മാധ്യമ ധര്‍മ്മത്തിന്റെ അടിസ്ഥാനഘടകങ്ങളില്‍ ഒന്നാണ്. എന്നാല്‍, ആനന്ദ് അംബാനിയെക്കുറിച്ചുള്ള സ്‌റ്റോറി പിന്‍വലിച്ച മാധ്യമങ്ങളൊന്നും തന്നെ ഇതിന് വിശദീകരണം നല്‍കിയിട്ടില്ലെന്ന് മാത്രമല്ല, ദ് വയര്‍ വെബ്‌സൈറ്റ് ഇക്കാര്യം അന്വേഷിച്ച് മെയില്‍ അയച്ചിട്ട് ആരും അതിനോട് പ്രതികരിച്ചുമില്ല.

ആനന്ദ് അംബാനിയെക്കുറിച്ചുള്ള സ്റ്റോറി പിന്‍വലിച്ച സ്‌കൂപ്പ്‌വൂപ്പ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളെ പരിഹസിച്ചുകൊണ്ട് ലേഖനം എഴുതിയ ഇന്ത്യാടുഡെ ഗ്രൂപ്പിന് കീഴിലുള്ള ഡെയ്‌ലിഒ വെബ്‌സൈറ്റും അത് പിന്നീട് പിന്‍വലിച്ചു. ന്യൂസ് ഡോട്ട് കോം, ദ് സോഷ്യല്‍ മോങ്ക്, സോഷ്യല്‍ സമോസ, ഇന്റര്‍നാഷ്ണല്‍ ബിസിനസ് ടൈംസ് തുടങ്ങിയ വെബ്‌സൈറ്റുകളും ആനന്ദ് അംബാനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പിന്‍വലിച്ചിട്ടുണ്ടെന്ന് ആള്‍ട്ട് ന്യൂസ് ഡോട്ട് ഇന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഘടകം റിലയന്‍സ് ഗ്രൂപ്പില്‍നിന്നുള്ള സമ്മര്‍ദ്ദമാണെന്ന് വ്യക്തമാണ്. ഇതാദ്യമായല്ല ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്. റിലയന്‍സ് കുടുംബത്തിലെ വമ്പന്മാരെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ക്കെല്ലാം സാധാരണഗതിയില്‍ ഇത് തന്നെയാണ് സംഭവിക്കാറുള്ളത്.

2013 ഡിസംബറിലാണ് മുംബൈയില്‍ വെച്ച് ഒരു ആസ്റ്റണ്‍ മാര്‍ട്ടിന്‍ ആഢംബര കാര്‍ അപകടത്തില്‍പ്പെടുന്നത്. റിലയന്‍സ് പോര്‍ട്ട്‌സിന്റെ ഉടമസ്ഥതയിലുള്ള വാഹനമായിരുന്നു ഇത്. ഒരു ഔഡി കാറിനെയും ഒരു ടൊയോട്ട കൊറോള കാറിനെയും ഇടിച്ചു തെറിപ്പിച്ചാണ് ആസ്റ്റണ്‍മാര്‍ട്ടിന്‍ അപകടമുണ്ടാക്കിയത്.

റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള കാറാണിതെന്നും ഇത് ഓടിച്ചിരുന്നത് കമ്പനി ഡ്രൈവര്‍മാരില്‍ ഒരാളായിരുന്നു എന്നും കമ്പനി വക്താവ് ഔദ്യോഗികമായി വിശദീകരിച്ചു. ഈ കാര്‍ ഓടിച്ചിരുന്നത് അംബാനി കുടുംബത്തിലെ മൂത്ത മകന്‍ ആകാശ് ആയിരുന്നു ഈ കാര്‍ ഓടിച്ചിരുന്നതെന്നാണ് വിവരം. എന്നാല്‍, ഇക്കാര്യം ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെയുള്ള ഒരു മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല. ടെലിവിഷന്‍ ചാനലുകളൊന്നും അവിടേയ്ക്ക് തിരിഞ്ഞു നോക്കിയുമില്ല.

അപകടത്തില്‍പ്പെട്ട ആളുകള്‍ക്ക് പുതിയ കാറുകള്‍ കിട്ടി. ഇന്‍ഷുറന്‍സ് കമ്പനികള്‍ പുതിയ കാറ് നല്‍കിയെന്ന കള്ളം പറഞ്ഞ് ഉടമകള്‍ തടിയൂരി. ഈ വാദം ഇന്‍ഷറുന്‍സ് കമ്പനികള്‍ തന്നെ നിഷേധിക്കുകയും ചെയ്തു. ഈ കാറുകള്‍ വാങ്ങി നല്‍കിയത് റിലയന്‍സ് ഗ്രൂപ്പായിരുന്നു. പക്ഷെ, ഇക്കാര്യത്തില്‍ എല്ലാ മാധ്യമങ്ങളും മൗനം പാലിച്ചു. കാരണം വ്യക്തമാണ്. ഇന്ത്യയിലെ അഞ്ച് പ്രബല മാധ്യമ സ്ഥാപനങ്ങളുടെ ചരട് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഫീസിലാണെന്ന് ക്യാരവന്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്‍ഡിടിവി, ന്യൂസ്18, ന്യൂസ് നേഷന്‍, ഇന്ത്യാ ടിവി, ന്യൂസ് 24 എന്നിവയാണ് ആ മാധ്യമങ്ങള്‍. ഫസ്റ്റ്‌പോസ്റ്റ് പോലെയുള്ള സ്വതന്ത്ര വെബ്‌സൈറ്റുകളും റിലയന്‍സിന്റെ ഉടമസ്ഥതയില്‍ തന്നെയാണ്.

മാധ്യമ സ്ഥാപനങ്ങള്‍ വരുതിയിലാക്കുന്നതിന് മുന്‍പും റിലയന്‍സ് ഗ്രൂപ്പിനെക്കുറിച്ചുള്ള നെഗറ്റീവ് വാര്‍ത്തകള്‍ മൂടിവെയ്ക്കാന്‍ അവര്‍ക്ക് വിജയകരമായി സാധിച്ചിട്ടുണ്ട്. കെജി ബേസിന്‍ ഗ്യാസ് ഓപ്പറേഷന്‍സിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒരു ഉദാഹരണമാണ്.