രാജീവ് ചന്ദ്രശേഖര്‍ 'ഏഷ്യാനെറ്റ് മുതലാളി' എന്ന് മാത്രം അറിയപ്പെടേണ്ട ആളല്ല; 'കുശാഗ്രബുദ്ധിയില്‍' വേറെ ലെവലാണ് അദ്ദേഹം

ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാന്‍, എന്‍ഡിഎയുടെ കേരള ഘടകം വൈസ് ചെയര്‍മാന്‍, ആയിരം കോടി രൂപയ്ക്ക് മേല്‍ മൂല്യമുള്ള ജൂപിറ്റര്‍ ഗ്രൂപ്പിന്റെ ഉടമ-രാജീവ് ചന്ദ്രശേഖറെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഏറെയാണ്. രാജീവ് ചന്ദ്രശേഖര്‍ മലയാളിയാണോ എന്ന് ചോദിച്ചാല്‍ അതേ, എന്നാല്‍ മലയാളം സംസാരിക്കാന്‍ അറിയില്ല. കന്നഡികയാണോ എന്ന് ചോദിച്ചാല്‍ അതും ശരിയാണ് പക്ഷെ കന്നഡ സംസാരിക്കാന്‍ സ്ഫുടമല്ല. ജനനം കൊണ്ട് മലയാളിയാണ്, ജീവിതം കൊണ്ട് കന്നഡികയും. പക്ഷെ, ഇവിടെ എല്ലാം അയാള്‍ക്ക് ബിസിനസ് സാമ്രാജ്യങ്ങളുണ്ട്.

ഏറ്റവും ഒടുവിലായി രാജീവ് ചന്ദ്രശേഖറിനെ വാര്‍ത്തകളില്‍ നിറച്ചത് നിരാമയ റിസോര്‍ട്ടിന്റെ കുമരകത്തുള്ള ഭൂമി കൈയേറ്റങ്ങളാണ്. ഈ റിസോര്‍ട്ട് പൊളിച്ചുനീക്കാന്‍ കുമരകം ഗ്രാമപഞ്ചായത്ത് ഉത്തരവിട്ടെങ്കിലും അത് സ്റ്റേയിലൂടെ മറികടന്നിരിക്കുകയാണ് ജൂപിറ്റര്‍ ഗ്രൂപ്പ്. ഈ മാസം പുറത്തിറങ്ങിയ കാരവാന്‍ മാഗസിന്റെ കവര്‍ സ്റ്റോറി രാജീവ് ചന്ദ്രശേഖറിനെ കുറിച്ചാണ്. മാസങ്ങള്‍ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവിലാണ് രാജീവിന്റെ അപ്പര്‍ മിഡില്‍ ക്ലാസ് പശ്ചാത്തലത്തില്‍നിന്ന് എലീറ്റ് ക്ലാസിലേക്കുള്ള വളര്‍ച്ചയെക്കുറിച്ച് കാരവന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വിദേശത്ത് ജോലി ചെയ്യുകയായിരുന്ന രാജീവ് മലയാളിയായ ടിപിജി നമ്പ്യാരുടെ മകള്‍ അഞ്ജുവിനെ വിവാഹം കഴിച്ചതോടെയാണ് സ്വന്തം ജാതകം തിരിത്തു എഴുതിയത്. ബിപിഎല്‍ കമ്പനിയില്‍ ഡയറക്ടറായി കടന്നുകൂടിയ രാജീവ് അമ്മായിഅപ്പനെ കബളിപ്പിച്ച് കമ്പനി സ്വന്തമാക്കുകയും അത് പിന്നീട് മറിച്ച് വിറ്റ് കോടീശ്വരനാകുകയും ചെയ്തു. ബിപിഎല്‍ മറിച്ചുവിറ്റ പണം കൊണ്ടാണ് ജൂപിറ്റര്‍ ഗ്രൂപ്പ് എന്ന ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്തിയത്. ഇതിന് ശേഷമാണ് മാധ്യമ കച്ചവടത്തിലേക്ക് കടക്കുന്നത്. ഏഷ്യാനെറ്റ് സ്വന്തമാക്കിയ രാജീവ് ന്യൂസ് ചാനല്‍ മാത്രം നിലനിര്‍ത്തി മറ്റ് എന്റര്‍ടെയ്ന്‍മെന്റ് ചാനലുകള്‍ സ്റ്റാര്‍ ഇന്ത്യക്ക് മറിച്ചുവിറ്റു. ഇതിനിടയില്‍ അദ്ദേഹം സ്വന്തം പണം മുടക്കി ബിജെപിയുടെ തണലില്‍ എംപിയായി വളര്‍ന്നു. കേന്ദ്രക്യാബിനറ്റില്‍ കണ്ണുംനട്ട് ഇരിക്കുകയായിരുന്ന രാജീവിന് പക്ഷെ പാര്‍ട്ടി നല്‍കിയത് കേരളത്തിലെ എന്‍ഡിഎയുടെ ചുമതലയാണ്.

2015ല്‍ ലോകത്തെ ഏറ്റവും ധനികരായ മലയാളികളുടെ പട്ടിക ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ രാജീവ് ചന്ദ്രശേഖര്‍ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ ഒരു പ്രതിനിധി ടൈംസിലെ മാധ്യമപ്രവര്‍ത്തകനോട് ഇതേക്കുറിച്ച് പരാതി പറഞ്ഞു. 7,500 കോടി രൂപയുടെ ആസ്തി രാജീവ് ചന്ദ്രശേഖറിനുണ്ട് എന്നാണ് പ്രതിനിധി പറഞ്ഞത്. ഇന്ത്യയിലേയും വിദേശത്തേയും റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളും നിക്ഷേപങ്ങളുമെല്ലാം അടക്കമാണിത്. അതേ വര്‍ഷം അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട രാജ്യസഭ അംഗങ്ങളുടെ സ്വത്ത് വിവര കണക്കില്‍ രാജീവ് ചന്ദ്രശേഖറിന്റെ മൊത്തം ആസ്തി 35.9 കോടി രൂപ എന്നാണ് കൊടുത്തിരിക്കുന്നത്.

കര്‍ണാടകത്തിലുള്ള തന്റെ പത്രത്തിലൂടെയും ചാനലിലൂടെയും ബിജെപി വാര്‍ത്തകള്‍ നല്‍കിയ രാജീവിന് പക്ഷെ ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയലില്‍ ഇടപെടാന്‍ സാധിച്ചില്ല. ഇടപെടാന്‍ ശ്രമിച്ചില്ല എന്നതല്ല വാസ്തവം, അദ്ദേഹത്തിന്റെ ഇടപെടലുകള്‍ ഫലം കണ്ടില്ല എന്ന് വേണം കരുതാന്‍. ആര്‍എസ്എസ് ബുദ്ധികേന്ദ്രങ്ങളെ ചാനലിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാനുള്ള ശ്രമം പോലും നടന്നെങ്കിലും വിജയിക്കാതെ വന്നപ്പോഴാണ് കൃത്യമായ ഇടതുപക്ഷ രാഷ്ട്രീയം പിന്തുടരുന്ന എംജി രാധാകൃഷ്ണനെ നിയമിച്ചത്. 2014ലെ തിരഞ്ഞെടുപ്പില്‍ തന്റെ കേന്ദ്രമന്ത്രിസ്ഥാനം എന്ന സ്വപ്‌നം നഷ്ടപ്പെടാതിരിക്കാന്‍ കേരളത്തില്‍നിന്ന് ഒ. രാജഗോപാല്‍ ജയിക്കാതിരിക്കാന്‍ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനെ കൃത്യമായി ഉപയോഗിച്ചു. പക്ഷെ, ബിജെപിക്ക് വേണ്ടി പ്രചരണം നടത്താനുള്ള സമ്മര്‍ദ്ദമോ ഇടപെടലോ അദ്ദേഹം നടത്തിയുമില്ല. മലയാളത്തില്‍ ഏറ്റവും ലാഭമുണ്ടാക്കുന്ന വാര്‍ത്താ ചാനലിന്റെ എഡിറ്റോറിയല്‍ പോളിസിയില്‍ കൈവെച്ചാല്‍ മാര്‍ക്കറ്റില്‍ തിരിച്ചടി ഉണ്ടാകുമെന്ന ബോധ്യത്തിലാണ് അദ്ദേഹം അതിന് മുതിരാതിരുന്നത്.

ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ എഡിറ്റോറിയല്‍ പോളിസി സ്വതന്ത്രമായിരുന്നു എന്ന് അവിടുത്തെ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ സാക്ഷ്യപ്പെടുത്തുമ്പോള്‍ പക്ഷെ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ എങ്ങനെ ആയിരിക്കുമെന്ന കാര്യത്തില്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

ബിജെപിയെ പരസ്യമായി പിന്തുണയ്ക്കുന്ന നിലപാടുമായാണ് അര്‍ണാബ് ഗോസ്വാമിക്കൊപ്പം ചേര്‍ന്ന് രാജീവ് തുടങ്ങിയ റിപ്പബ്ലിക് ടിവി ലോഞ്ച് ചെയ്തത്. എം.ജി. രാധാകൃഷ്ണനെ പോലുള്ള വിശ്വാസ മുഖങ്ങളെ റിപ്പബ്‌ളിക് ടിവി പ്രോമോയ്ക്ക് വേണ്ടി ഉപയോഗിക്കാന്‍ ശ്രമിച്ചെങ്കിലും രാധാകൃഷ്ണന്‍ ഒഴിഞ്ഞു മാറി. 2019 തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ തനിക്ക് കളമൊരുക്കുന്നതിനായി നിലവില്‍ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ശശി തരൂരിനെ താറടിച്ചു കാണിക്കാനുള്ള എല്ലാ ശ്രമങ്ങളും റിപ്പബ്‌ളിക് ടിവിയിലൂടെ രാജീവ് നടത്തി. ഇതിന്റെ ഭാഗമായി തന്നെയാണ് കേരളം കൊലക്കളമാണെന്ന് കാണിക്കാനുള്ള റിപ്പബ്‌ളിക് ടിവിയുടെ ശ്രമങ്ങളും ഉണ്ടായത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലെ മലയാളികള്‍ ശക്തമായി പ്രതികരിക്കുകയും ചാനലിന് അത് തിരിച്ചടിയാകുകയും ചെയ്തു.

ലോഞ്ച് ചെയ്ത് രണ്ടു മാസത്തിനകം തന്നെ ചാനലില്‍ പൊട്ടിത്തെറികളുണ്ടായി. നിരവധി മാധ്യമ പ്രവര്‍ത്തകര്‍ അവിടെനിന്നും രാജിവെച്ചു. ഇതില്‍ എടുത്തു പറയേണ്ട ഒരാള്‍ ശ്വേതാ കൊത്താരിയാണ്. നിന്നെ ശശി തരൂര്‍ ആണോ ഇവിടേയ്ക്ക് അയച്ചത്, അയാള്‍ നിന്നെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുണ്ടല്ലോ തുടങ്ങിയ കഠിനവാക്കുകളാണ് അര്‍ണാബ് ശ്വേതയ്ക്ക് നേരെ ഉപയോഗിച്ച്. മനംമടുത്ത് രാജിവെച്ച ശ്വേത ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. പക്ഷെ, റെയ്റ്റിംഗിന്റെ കാര്യത്തില്‍ മറ്റെല്ലാ ഇംഗ്ലീഷ് ന്യൂസ് ചാനലുകളെയും റിപ്പബ്‌ളിക് കടത്തിവെട്ടി. എന്നാല്‍, ബാര്‍ക്ക് റിപ്പോര്‍ട്ടില്‍ കൃത്രിമം നടന്നുവെന്ന വാദം പരാതിയായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

റിപ്പബ്‌ളിക് ചാനലില്‍ പണം മുടക്കി അര്‍ണാബിനെക്കൊണ്ട് അലറി വിളിപ്പിച്ചാല്‍ മോഡിയുടെയും അമിത്ഷായുടെയും ശ്രദ്ധ തനിക്ക് കിട്ടുമെന്നും അതുവഴിയായി കേന്ദ്രക്യാബിനറ്റില്‍ ഒരിടം കണ്ടെത്താമെന്നും രാജീവ് ചന്ദ്രശേഖര്‍ ഉറച്ച് വിശ്വസിക്കുന്നുണ്ട്.

Read more

വാര്‍ത്തയിലെ വിവരങ്ങള്‍ക്ക് കടപ്പാട് ക്യാരവന്‍ മാഗസിന്‍