എന്‍ഡിടിവി 25 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു, വാര്‍ത്തയിലും ഡിജിറ്റല്‍ കണ്ടന്റിലും കൂടുതല്‍ ശ്രദ്ധിക്കാന്‍ തീരുമാനം

കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറ്റാന്‍ 25 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. ചെലവ് കുറയ്ക്കാനും ലാഭം വര്‍ദ്ധിപ്പിക്കാനുമായി മുന്‍പ് നടപ്പാക്കിയ പദ്ധതികളുടെ തുടര്‍ച്ച എന്ന നിലയിലാണ് ഇപ്പോള്‍ ജീവനക്കാരെ കുറയ്ക്കാന്‍ ആലോചിക്കുന്നത്. വരും മാസങ്ങളില്‍ ജീവനക്കാരെ കുറയ്ക്കുന്നത് നടപ്പാക്കും.

ചെലവേറിയ ക്യാമറകള്‍ക്ക് പകരമായി മൊബൈല്‍ ക്യാമറകള്‍ ഉപയോഗിച്ച് മാധ്യമപ്രവര്‍ത്തനം നടത്താനുള്ള തീരുമാനം നേരത്തെ എന്‍ഡിടിവി നടപ്പാക്കിയിരുന്നു. ചെലവ് ചുരുക്കല്‍ പദ്ധതികളുടെ ആദ്യപടിയായിരുന്നു ഇത്.

ജീവനക്കാരെ വെട്ടിക്കുറയ്ക്കാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി എന്‍ഡിടിവി സിഇഒ സുപര്‍ണാ സിംഗ് എല്ലാ ജീവനക്കാര്‍ക്കും ഇ-മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. ഇംഗ്ലീഷ്, ഹിന്ദി ന്യൂസ് ചാനലുകള്‍ക്കും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കിയായിരിക്കും കമ്പനി ഇനി പ്രവര്‍ത്തിക്കുകയെന്നും ഇമെയിലില്‍ വ്യക്തമാക്കുന്നുണ്ട്.

Read more

മൊബൈല്‍ ജേര്‍ണലിസത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി 70 ജീവനക്കാരെയാണ് കമ്പനി നേരത്തെ പുറത്താക്കിയത്. ആളുകളുടെ സീനിയോരിറ്റിക്ക് അനുസരിച്ച് നഷ്ടപരിഹാര പാക്കേജ് നല്‍കിയായിരുന്നു കമ്പനി ജീവനക്കാരെ ഒഴിവാക്കിയത്.