സാമ്പത്തിക ഉച്ചകോടിയില്‍ പ്രധാനമന്ത്രിയുടെ നാവ് പിഴച്ചു; 600 കോടി ഇന്ത്യാക്കാരുടെ വോട്ടു നേടിയാണ് ജയിച്ചതെന്ന് വീരവാദം

ലോക സാമ്പത്തിക ഉച്ച കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തിനെതിരെ ട്രോള്‍ പെരുമഴ. ലോക ജനസംഖ്യ 700കോടിയായിരിക്കെ 600 കോടി ഇന്ത്യാക്കാരുടെ വോട്ടു നേടിയാണ് താന്‍ ജയിച്ചതെന്നായിരുന്നു ഉച്ചകോടിയില്‍ മോദിയുടെ ‘തള്ളല്‍’. ദ ഗ്രേറ്റ് ഡിക്ടേറ്റര്‍ എന്ന ട്വിറ്റര്‍ പേജാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ലോകം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഗുരുതരമായ ആശങ്കകളെക്കുറിച്ചും സാമ്പത്തിക ഉച്ചകോടിയില്‍ മോദി പ്രസംഗിച്ചു. ഭീകരവാദം അപകടകരമാണ്. ഭീകരവാദത്തില്‍ നല്ലതും ചീത്തയുമുണ്ടെന്ന് ജനങ്ങള്‍ പറയുന്നത് അതിലും മോശമാണ്. യുവാക്കളായ ചെറുപ്പക്കാര്‍ ഭീകരവാദത്തില്‍ പങ്കാളികളാകുന്നത് വേദനാജനകമായ കാര്യമാണ്.

”കാലാവസ്ഥ വ്യതിയാനമാണ് ലോകം നേരിടുന്ന പ്രധാന വെല്ലുവിളി. ആര്‍ട്ടിക്കിലെ മഞ്ഞ് ഉരുകുകയാണ്, പല ദ്വീപുകളും വെളളത്തിനടിയിലാകും. ഇത് ആശങ്കപ്പെടുത്തുന്നതാണ്”.

ജനാധിപത്യത്തിലും നാനാത്വത്തിലും അഭിമാനം കൊളളുന്ന രാജ്യമാണ് ഇന്ത്യ. ഒരു പ്രത്യേക വിഭാഗത്തിന്റെയല്ല, മുഴുവന്‍ ജനങ്ങളുടെയും വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സബ്കാ സാത് സബ്കാ വികാസ് ആണ് സര്‍ക്കാരിന്റെ മുദ്രാവാക്യം.

”1997 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന ദേവ് ഗൗഡയാണ് അവസാനമായി ഡാവോസില്‍ എത്തിയത്. അന്ന് ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) വളര്‍ച്ച 400 ബില്യന്‍ ഡോളറായിരുന്നു. ഇന്ന് അതില്‍നിന്നും ആറിരട്ടി അധികമാണ് ഡിജിപി വളര്‍ച്ച” മോദി പറഞ്ഞു. രാജ്യാന്തര സമൂഹത്തെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ചുകൊണ്ടാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. രാജ്യാന്തര ബിസിനസ് സമൂഹത്തിലെ അംഗങ്ങളുമായും മോദി ആശയവിനിമയം നടത്തി.