മംഗളം ഫോണ്‍കെണി കേസില്‍ കോടതി തുടര്‍നടപടികള്‍ ആരംഭിച്ചു; എകെ ശശീന്ദ്രന്‍ ജാമ്യമെടുത്തു; കുറ്റപത്രം മാര്‍ച്ച് 17ന് വായിക്കും

വിവാദമായ മംഗളം ഫോണ്‍കെണി കേസില്‍ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന് എതിരായുള്ള പരാതിയില്‍ മാധ്യമപ്രവര്‍ത്തക ഉറച്ചു നിന്നതോടെ കേസിന്റെ തുടര്‍ നടപടികള്‍ കോടതി മുന്നോട്ട്. കേസിന്റെ കുറ്റപത്രം മാര്‍ച്ച് 17ന് വായിക്കും. ശശീന്ദ്രന്‍ കുറ്റം നിഷേധിച്ചാല്‍കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കും. ചാനല്‍ പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരായ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. പരമാവധി മൂന്നുവര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടതോടെ ശശീന്ദ്രന് ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി പ്രഭാകരനാണ് ശശീന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേസിലെ പ്രതിയായ മുന്‍ മന്ത്രിയെ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.

പരാതിക്കാരിയായ ചാനല്‍ റിപ്പോര്‍ട്ടര്‍ ഉള്‍പ്പെടെ മൂന്ന് സാക്ഷികളെ നേരത്തെ കോടതി വിസ്തരിച്ചിരുന്നു. ഇവര്‍ മൂന്നുപേരും മുന്‍ മന്ത്രി ചാനല്‍ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയിരുന്നുവെന്നാണ് കോടതിയില്‍ മൊഴി നല്‍കിയത്. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ അഭിമുഖത്തിനെത്തിയ ചാനല്‍ പ്രവര്‍ത്തകയോട് മുന്‍ മന്ത്രി അപമര്യാദയായി പെരുമാറി എന്നാണ് സ്വകാര്യ ഹരജിയിലെ ആക്ഷേപം. വിവാദമായ ഫോണ്‍വിളി മംഗളം ചാനല്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 26ന് എ.കെ. ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു.

തുടര്‍ന്ന് ഈ കേസില്‍ ഒരുഘട്ടത്തില്‍ മാധ്യമപ്രവര്‍ത്തക ഹൈക്കോടതിയിലെത്തി പരാതി പിന്‍വലിക്കാനും കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുമുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. കേസ് ഒത്തുതീര്‍പ്പായാല്‍ മന്ത്രിസഭയിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയിലായിരുന്നു ശശീന്ദ്രന്‍. എന്നാല്‍ പിന്നീട് പരാതി പിന്‍വലിക്കാനുള്ള തീരുമാനത്തില്‍നിന്ന് മാധ്യമപ്രവര്‍ത്തക പിന്മാറുകയും കേസുമായി മുന്നോട്ടുപോകാനും തീരുമാനിച്ചതോടെ കാര്യങ്ങള്‍ ശശീന്ദ്രന് എത്ിരാവുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസിന്റെ തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസായതിനാലാണ് എ.കെ. ശശീന്ദ്രന്‍ കോടതിയില്‍നിന്ന് ജാമ്യം തേടിയത്.