മലയാള മനോരമയുടെയും മാതൃഭൂമിയുടെയും കോപ്പികള്‍ ഇടിഞ്ഞു; സര്‍ക്കുലേഷനില്‍ കുതിച്ച് ദേശാഭിമാനി

കേരളത്തില്‍ എറ്റവും കൂടുതല്‍ പ്രചാരം ഉള്ള മലയാള മനോരമ്മയുടെ സര്‍ക്കുലേഷനില്‍ വന്‍ ഇടിവ്. മാതൃഭൂമിയുടേതടക്കമുള്ള പത്രങ്ങളുടെ സര്‍ക്കുലേഷനില്‍ ഇടിവ് ഉണ്ടായപ്പോള്‍ നേട്ടം ഉണ്ടാക്കിയത് സിപിഎം മുഖപത്രമായ ദേശാഭിമാനിമാത്രമാണ്.

2017 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലെ റിപ്പോര്‍ട്ട് പ്രകാരമാണ് മനോരമയുടെയും മാതൃഭൂമിയുടെയും സര്‍ക്കുലേഷനില്‍ ഇടിവുണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ പറയുന്നു. 2016 ജൂലൈ-മാര്‍ച്ച് കാലയളവിലെ സര്‍ക്കുലേഷന്റെ കണക്കുമായി നോക്കുമ്പോഴാണ് പത്രങ്ങളുടെ സര്‍ക്കുലേഷനില്‍ ഇടിവ് വവന്നിരിക്കുന്നത്. എബിസി റിപ്പോര്‍ട്ട് പ്രകാരം 2017 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ മലയാള മനോരമക്ക് 52,531 കോപ്പികള്‍ കുറഞ്ഞപ്പോള്‍ മാതൃഭൂമിക്ക് 40,485 കോപ്പിയും ഇടിഞ്ഞു. അതേസമയം ഇക്കാലയളവില്‍ ദേശാഭിമാനിക്ക് മാത്രം 1,85,640 കോപ്പിയുടെ വളര്‍ച്ചയുണ്ടായിട്ടുണ്ട്.

പുതിയ കണക്കുകളുടെ അടിസ്ഥാനത്തില്‍ മലയാള മനോരമയുടെ സര്‍ക്കുലേഷന്‍ 2,388,886 കോപ്പികളാണ്. മുമ്പ് ഇത് 2,441,417 കോപ്പികളായിരുന്നു. മാതൃഭൂമിയുടേത് പുതിയ സര്‍ക്കുലേഷന്‍ 1,432,568 കോപ്പിയും മുമ്പ് 1,473,053 കോപ്പിയായിരുന്നു. ദേശാഭമാനിയുടെ കോപ്പികള്‍ 595,338 ആണ്. മുമ്പ് 409,698 കോപ്പികളും. മലയാളം പത്രങ്ങളില്‍ സര്‍ക്കുലേഷനില്‍ ദേശാഭിമാനി മാത്രമാണ് വര്‍ദ്ധനവ് ഉണ്ടാക്കിയിരിക്കുന്നത്.