ഫോണ്‍കെണി കേസില്‍ മംഗളം പെട്ടു, ശശീന്ദ്രന്‍ രക്ഷപെട്ടു; പരാതിക്കാരി മൊഴിമാറ്റി; 'മന്ത്രി ശല്ല്യം ചെയ്തിട്ടില്ല; ശശീന്ദ്രനുമായി അശ്ലീല സംഭാഷണം ഉണ്ടായിട്ടില്ല'

മംഗളം ഫോണ്‍കെണികേസില്‍ ഗതാഗതമന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെതിരായി പരാതി നല്‍കിയ മാധ്യമപ്രവര്‍ത്തക മൊഴിമാറ്റി. എന്‍സിപിക്ക് ഒഴിവുള്ള മന്ത്രിസ്ഥാനത്തിനായുള്ള ഓട്ടത്തില്‍ ശശീന്ദ്രന്‍ വിജയത്തിലേക്ക്. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ചാനല്‍പ്രവര്‍ത്തക കോടതിയെ അറിയിച്ചു. മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍വച്ച് ആരും ശല്ല്യം ചെയ്തിട്ടില്ല. ഫോണില്‍ അശ്ലീല സംഭാഷണം ഉണ്ടായെങ്കിലും അത് മന്ത്രിയായിരുന്ന ശശീന്ദ്രനാണോ എന്നുറപ്പില്ലന്നും പെണ്‍കുട്ടി മൊഴി നല്‍കി. കേസില്‍ തിരുവനന്തപുരം സിജെഎം കോടതി ശനിയാഴ്ച വിധി പറയും.

നേരത്തെ എ.കെ. ശശീന്ദ്രന് എതിരായുള്ള പരാതിയില്‍ മാധ്യമപ്രവര്‍ത്തക ഉറച്ചു നിന്നതോടെ കേസിന്റെ തുടര്‍ നടപടികളുമായി കോടതി മുന്നോട്ട് പോയിരുന്നു. ശശീന്ദ്രന്‍ കുറ്റം നിഷേധിച്ചാല്‍കേസിന്റെ വിചാരണ നടപടികള്‍ ആരംഭിക്കാനാണ് കോടതി തീരുമാനിച്ചിരുന്നത്. ചാനല്‍ പ്രവര്‍ത്തക നല്‍കിയ പരാതിയില്‍ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നതിനെതിരായ നിയമപ്രകാരമാണ് കേസെടുത്തിരുന്നത്. മുന്‍മന്ത്രിക്കെതിരെ പരമാവധി മൂന്നുവര്‍ഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരുന്നത്. എന്നാല്‍ ഇന്നു മാധ്യമപ്രവര്‍ത്തക തന്നെ മൊഴി തിരുത്തിയതോടെ ശശീന്ദ്രന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്താനുള്ള സാധ്യതകള്‍ തെളിഞ്ഞിരിക്കുകയാണ്. എന്നാല്‍ പരാതിക്കാരി പിന്‍വാങ്ങിയതോടെ വാര്‍ത്ത പുറത്തുവിട്ട മംഗളം ചാനല്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഫോണ്‍കെണി വിവാദം അന്വേഷിച്ച ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിരുന്നു. ശശീന്ദ്രന്‍ കുറ്റമുക്തനാകുന്നതോടെ ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ സര്‍ക്കാര്‍ നടപടി ശക്തമാക്കുമെന്നും സൂചനയുണ്ട്.

ഫോണ്‍കെണി വിവാദവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയിലെ തുടര്‍നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി മാദ്ധ്യമ പ്രവര്‍ത്തക നേരത്തെ പിന്‍വലിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സിയുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയില്‍ പ്രതികരണം തേടിയെത്തിയ സ്വകാര്യ ചാനല്‍ ലേഖികയായ തന്നോട് വകുപ്പ് മന്ത്രിയായിരുന്ന ശശീന്ദ്രന്‍ മോശമായി പെരുമാറിയെന്നും അശ്‌ളീല പദപ്രയോഗം നടത്തിയെന്നുമായിരുന്നു യുവതിയുടെ പരാതി. പിന്നീട് ഫോണ്‍ വിളിച്ചും മോശമായി സംസാരിച്ചെന്ന് ആരോപിച്ചിരുന്നു. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ യുവതി നല്‍കിയ പരാതിയിലാണ് ശശീന്ദ്രനെതിരെ കേസെടുത്തത്.