ദുരന്തഭൂമിയില്‍ വട്ടമിട്ട് പറക്കുന്ന ശവംതീനി കഴുകന്മാര്‍: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ ഫ്‌ളെക്‌സ് ബോര്‍ഡ്

ദുരന്തഭൂമിയില്‍ വട്ടമിട്ട് പറക്കുന്ന ശവംതീനി കഴുകന്മാര്‍ എന്ന് മാധ്യമ പ്രവര്‍ത്തകരെ വിശേഷിപ്പിക്കുന്ന ഫ്‌ളെക്‌സ് ബോര്‍ഡ്. എറണാകുളം മാര്‍ക്കറ്റിന് സമീപത്തുള്ള ചന്തക്കടവ് പാലത്തിന് സമീപമാണ് ഇത്തരത്തിലൊരു ഫ്‌ളെക്‌സ് പ്രത്യക്ഷപ്പെട്ടത്.

ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മലയാളം ടെലിവിഷന്‍ ചാനലുകളുടെ റിപ്പോര്‍ട്ടിംഗ് രീതി അതിരൂക്ഷമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ ഫ്‌ളെക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുന്നത്. മാതൃഭൂമി ന്യൂസിലെ വേണു ബാലകൃഷ്ണന്‍, ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി. ജോണ്‍, മനോരമ ന്യൂസിലെ വീണ എന്നിവരുടെ ചിത്രങ്ങളാണ് ഫ്ളെക്സിലുള്ളത്. അതേസമയം, ഷാനി പ്രഭാകര്‍ എന്ന മനോരമ ന്യൂസിലെ അവതാരകയുടെ ചിത്രം ഫ്ളെക്സില്‍ ഇല്ലാത്തത് ശ്രദ്ധേയമാണ്.

ദുരന്തഭൂമിയില്‍ വട്ടമിട്ട് പറക്കുന്ന ശവംതീനി കഴുകന്മാര്‍. യാഥാര്‍ത്ഥ്യങ്ങളെ മറച്ചു വെച്ചുകൊണ്ട് ജനങ്ങളെ കബളിപ്പിക്കുന്ന ഈ കപട മാധ്യമ ധര്‍മ്മക്കാരെ നമുക്ക് വേണോ എന്നാണ് ഫ്‌ളെക്‌സ് ബോര്‍ഡിലെ വാചകം. പ്രതികരിക്കുക, പ്രതിഷേധിക്കുക എന്നും അടിയില്‍ ചേര്‍ത്തിട്ടുണ്ട്.

ഏതെങ്കിലും സംഘടനയുടെയോ വ്യക്തിയുടെയോ പേര് ഈ ഫ്‌ളെക്‌സ് ബോര്‍ഡിനില്ല. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മാതൃഭൂമി, ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ് ചാനല്‍ തുടങ്ങിയവര്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തില്‍ ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനോടുള്ള പ്രതിഷേധമാണ് ഫ്‌ളെക്‌സില്‍ എന്ന് വ്യക്തം.