ശ്രീജിത്തിനുവേണ്ടിയുള്ള സമരത്തിന് ലൈവില്ല; സോഷ്യല്‍ മീഡിയ യുവത്വത്തിന്റെ സമരത്തെ തള്ളി വാര്‍ത്ത ചാനലുകള്‍

അനുജന്റെ മരണത്തിനുത്തരവാദികളായവരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തുന്ന സമരത്തിന് പിന്തുണ നല്‍കിയ സോഷ്യല്‍ മീഡിയ യുവത്വത്തിന്റെ സമരത്തെ കണ്ടില്ലെന്ന് നടിച്ച് കേരളത്തിലെ വാര്‍ത്താ ചാനലുകള്‍. ഇന്നു രാവിലെ ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യുവാക്കള്‍ തിരുവനന്തപുരത്ത് ഒത്തുചേരുകയും സമരം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നീതിക്കുവേണ്ടിയുള്ള ഒരു ഇവരുടെ പോരാട്ടത്തെ കണ്ടില്ലെന്നു നടിക്കുകയായിരുന്നു കേരളത്തിലെ പ്രബുദ്ധ വാര്‍ത്താ ചാനലുകള്‍.

സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള യുവാക്കള്‍ ഒരൊറ്റ മനസ്സോടെ പാളയം രക്ഷസാക്ഷിമണ്ഡപത്തിനു മുന്നില്‍ നിന്ന് റാലിയുമായി എത്തിയപ്പോള്‍ കേരളത്തിലെ മിക്ക വാര്‍ത്താ ചാനലുകളും സംപ്രക്ഷണം പോലും ചെയ്തില്ല.എന്നാല്‍ യുവനടന്‍ ടൊവിനോ തോമസ് സമരത്തിനൊപ്പം ചേര്‍ന്നപ്പോള്‍ ചാനലുകളിലും സൈറ്റുകളിലും വാര്‍ത്ത നല്‍കി.ഏഷ്യാനെറ്റ് ന്യൂസ് മാത്രമാണ് ഐക്യദാര്‍ഡ്യസമരം ലൈവ് കൊടുത്തത്. മാതൃഭൂമി ന്യൂസ് , മീഡിയാവണ്‍, ന്യൂസ് 18 കേരളാ , മനോരമ ന്യൂസ് എന്നിവ സമരവാര്‍ത്തകളൊന്നും സംപ്രേക്ഷണം ചെയ്തില്ല. എന്നാല്‍ മേല്‍പ്പറഞ്ഞ മാധ്യമങ്ങളെല്ലാം തന്നെ യുവതാരം സമരത്തിനൊപ്പം ചേര്‍ന്ന വാര്‍ത്ത നല്‍കുകയും ചെയ്തു.

ശ്രീജിത്തിന്റെ സമരത്തെ തുടക്കത്തില്‍ പ്രക്ഷേകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചുവെന്ന് അവകാശപ്പെടുന്ന വാര്‍ത്താ ചാനലുകള്‍ പോലും ശ്രീജിത്തിന് ഐക്യദാര്‍ഡ്യം പ്രകടിച്ചിച്ച് സോഷ്യല്‍ മീഡിയ കൂട്ടായ്മ എത്തിയ വാര്‍ത്ത കൊടുത്തില്ലെന്നുള്ളതും ശ്രദ്ധേയമാണ്.
പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട തന്റെ അനിയന്റെ ഘാതകര്‍ക്ക് ശിക്ഷ നേടിക്കൊടുക്കുന്നതിനായി 765 ദിവസമായി ശ്രീജിത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ ഒറ്റയാള്‍ പോരാട്ടം നടത്തുന്നു.