പരസ്യമായി വിവാഹാഭ്യര്‍ത്ഥന നടത്തി, ഇസ്ലാമിക ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് കമിതാക്കളെ അറസ്റ്റു ചെയ്തു; ഇറാനില്‍ പ്രതിഷേധം

പരസ്യമായി വിവാഹാഭ്യര്‍ത്ഥന നടത്തിയ ഇറാനിയന്‍ സ്വദേശികള്‍ അറസ്റ്റില്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് യുവതിക്കും യുവാവിനുമെതിരെ പൊലീസ് കേസെടുത്തത്.

ഇറാനിലെ അറാഖ് നഗരത്തിലെ ഒരു മാളില്‍ വെച്ചാണ് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ആളുകള്‍ ഇവര്‍ക്ക് ചുറ്റും കൂടി നില്‍ക്കുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. വിവാഹാഭ്യര്‍ത്ഥന യുവതി സ്വീകരിച്ചതും യുവാവ് വിരലില്‍ മോതിരം അണിയിക്കുന്നതും വീഡിയോയില്‍ കാണാം. പൊതുജന മദ്ധ്യത്തില്‍ ഇസ്ലാമിക ആചാരങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്ന കാരണത്താലാണ് ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്.

എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുത്തതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ട്. ഇരുവര്‍ക്കും സര്‍വ്വ മംഗളങ്ങളും നേരുന്നുണ്ട് സോഷ്യല്‍ മീഡിയ. ഇറാനെ കുറിച്ചോര്‍ക്കുമ്പോള്‍ നാണം തോന്നുന്നെന്നും ചിലര്‍ പറയുന്നു. ജനങ്ങളുടെ പൊതുശത്രു മതമാണെന്നും സോഷ്യല്‍ മീഡിയയിലൂടെ വാദം ഉയരുന്നു.