ഈ വലിയ ശബ്ദങ്ങള്‍ മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല. എന്തുകൊണ്ട്? 

എല്ലാ ശബ്ദങ്ങളും മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയുമോ? ഇല്ല. കേള്‍ക്കാനാകാത്ത ശബ്ദങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ വലിയ ശബ്ദങ്ങളായിട്ടും ചിലത് കേള്‍ക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാകും?
20 ഹെട്സിനും 20 കിലോ ഹെട്സിനും ഇടയിലുള്ള ശബ്ദമാണ് മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയുക. ഈ ആവൃത്തിയില്‍ കുറവുള്ള ശബ്ദം ഇന്‍ഫ്രാസോണിക് സൗണ്ട് എന്നും കൂടുതലുള്ളവ അള്‍ട്രാസോണിക് സൗണ്ട് എന്നും അറിയപ്പെടുന്നു. എന്നാല്‍ 20 ഹെട്സിനും 20 കിലോ ഹെട്സിനും ഇടയില്‍വരുന്ന ശബ്ദമായിട്ടും നമുക്ക് ചില ശബ്ദങ്ങള്‍ കേള്‍ക്കാനാകില്ല.   ഏതൊക്കെയാണ് മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത വലിയ ശബ്ദങ്ങള്‍ എന്ന് നോക്കാം.
വവ്വാലിന്റെ എക്കോലൊക്കേഷന്‍
വവ്വാലുകള്‍ അവ പുറപ്പെടുവിക്കുന്ന ശബ്ദങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. 20 ഹെട്സ് മുതല്‍ 200 കിലോഹെട്സ് വരെ കേള്‍ക്കാന്‍ സാധിക്കുന്ന വവ്വാലുകള്‍ അള്‍ട്രാസോണിക് സൗണ്ടാണ് പുറപ്പെടുവിക്കുന്നത് എന്ന് ചെറിയ ക്ലാസുമുതല്‍ക്കേ എല്ലാവര്‍ക്കും അറിയാവുന്നതാണ്.  വവ്വാലുകള്‍ ഉണ്ടാക്കുന്ന ശബ്ദം വസ്തുക്കളില്‍ തട്ടി പ്രതിഫലിക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അവ സഞ്ചരിക്കുന്നത്. അതിലൂടെ മുന്നിലുള്ള തടസ്സങ്ങളും ഭക്ഷണവും അവ തിരിച്ചറിയുന്നു. വവ്വാലുകളുണ്ടാക്കുന്ന ഈ ശബ്ദവും മനുഷ്യര്‍ക്ക് തിരിച്ചറിയാന്‍ സാധിക്കില്ല.
റോക്കറ്റ് വിക്ഷേപണ ശബ്ദം
മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത ശബ്ദമാണ് റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ ഉണ്ടാകുന്നത്. ശ്രവിക്കാനാകുന്ന ശബ്ദത്തിന്റെ ആവൃത്തിയിലും കുറവാണത്. അതായത് ഇന്‍ഫ്രാസേണിക് ശബ്ദമാണ് റോക്കറ്റ് ലോഞ്ചിന്റേതെന്നര്‍ത്ഥം. ഈ ശബ്ദം പക്ഷേ റെക്കോര്‍ഡ് ചെയ്ത് കേള്‍ക്കാന്‍ സാധിക്കുന്നതാണ്.
അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍
അഗ്‌നിപര്‍വ്വതങ്ങളില്‍ സ്ഫോടനങ്ങളുണ്ടാകുമ്പോള്‍ വലിയ ശബ്ദങ്ങള്‍ രൂപപ്പെടാറുണ്ട്. ഇന്‍ഫ്രാസോണിക് ശബ്ദമായതിനാല്‍ മനുഷ്യന്റെ ചെവികള്‍ക്ക് അത് പിടിച്ചെടുക്കാന്‍ സാധിക്കില്ല.  അഗ്‌നിപര്‍വ്വത സ്ഫോടനങ്ങളുണ്ടാകുമ്പോള്‍ ഇന്‍ഫ്രാറെഡ് സ്റ്റേഷനുകള്‍ വഴി ആ ശബ്ദം പിടിച്ചെടുക്കാന്‍ കഴിയും. അത് എത്തരത്തിലുള്ള സ്ഫോടനമാണ് ഉണ്ടായിരിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഉപകാരപ്പെടുന്നു.  സ്ഫോടന സമയത്ത് മാത്രമല്ല അഗ്‌നിപര്‍വ്വതങ്ങളില്‍ നിന്നും ഇന്‍ഫ്രാസോണിക് സൗണ്ട് ഉണ്ടാകുന്നത്. അല്ലാതെതന്നെ അഗ്‌നിപര്‍വ്വതങ്ങളില്‍നിന്നുള്ള ശബ്ദം അതാണ്. ഈ ശബ്ദത്തെ പരിശോധനക്ക് വിധേയമാക്കിയാണ് ഗവേഷകര്‍ അഗ്‌നിപര്‍വ്വതങ്ങളിലെ ലാവയുടെ അളവും, ഭാവിയിലുണ്ടായേക്കാവുന്ന സ്ഫോടനങ്ങളും പ്രവചിക്കുന്നത്.
ഡോഗ് വിസില്‍
ഡോഗ് വിസിലടിക്കുന്നത് ചെറിയ ശബ്ദമായേ നമുക്ക് കേള്‍ക്കൂ. എന്നാല്‍ വിസിലടിക്കുമ്പോഴുണ്ടാകുന്നത് വലിയ ശബ്ദമാണ്. അത് മനുഷ്യര്‍ക്ക് അനുഭവപ്പെടുന്നില്ല എന്ന് മാത്രം. പട്ടികള്‍ക്ക് 45 കിലോ ഹെട്സ് വരെ ആവൃത്തിയുള്ള ശബ്ദങ്ങള്‍ കേള്‍ക്കാന്‍ സാധിക്കും. ഡോഗ് വിസിലില്‍ നിന്നുണ്ടാകുന്നത് 23ഉം 45ഉം കിലോ ഹെട്സ് വരുന്ന ശബ്ദമാണ്.  ഒരാള്‍ ഡോഗ് വിസിലൂതുന്നത് വലിയ ശബ്ദമായി പട്ടികള്‍ക്ക് ദൂരെനിന്ന് പോലും എളുപ്പം കേള്‍ക്കാനാകും.
സൂര്യനില്‍ നിന്നുള്ള ശബ്ദം
ഭൂമിയില്‍ നിന്നൊരു ശബ്ദമുണ്ടാക്കിയാല്‍ അതിന്റെ 10,000 ഇരട്ടിയാണ് സൂര്യനിലെ ശബ്ദം. ഭൂമിയില്‍ നിന്ന് 92 മില്യണ്‍ അകലെയാണ് സൂര്യന്‍ ഉള്ളതെന്നതിനാല്‍തന്നെ അവിടെനിന്നുള്ള ശബ്ദം ഭൂമിയിലേക്ക് എത്തുന്നതിന് എത്രത്തോളമാണ് സാധ്യതയെന്ന് ഊഹിക്കാവുന്നതേയുള്ളു. ശബ്ദത്തിന് സഞ്ചരിക്കാന്‍ വായു അനിവാര്യമാണെന്നിരിക്കെ സൂര്യനില്‍നിന്നുള്ള ഒരു ശബ്ദവും ഭൂമിയിലേക്ക് എത്തില്ല. അതുകൊണ്ട് തന്നെ എത്ര വലിയ ശബ്ദം സൂര്യനിലുണ്ടായാലും നമുക്ക് കേള്‍ക്കില്ല.