ഒരു നായ്ക്കുട്ടിക്ക് ഇങ്ങനെയും നിറമോ? സോഷ്യല്‍ മീഡിയയുടെ മനം കവര്‍ന്ന് 'ഹള്‍ക്ക്'

പച്ച നിറമുള്ള ഒരു നായക്കുട്ടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ വെളുത്ത ജര്‍മ്മന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായ പ്രസവിച്ചതാണ് ഈ പച്ച നിറമുള്ള നായ്ക്കുട്ടിയെ. സോഷ്യല്‍ മീഡിയയില്‍ നിമിഷ നേരം കൊണ്ടാണ് ഈ നായ്ക്കുട്ടിയുടെ ചിത്രങ്ങള്‍ വൈറലായത്. ഹള്‍ക്ക് പപ്പി എന്നാണ് ഉടമയായ ഷാന സ്റ്റാമി അവനു നല്‍കിയിരിക്കുന്ന പേര്. മാര്‍വല്‍ കോമിക്‌സിന്റെ അമാനുഷിക കഥാപാത്രമായ ഹള്‍ക്കിന്റെ നിറത്തോട് ഉപമിച്ചാവാം നായ്ക്കുട്ടിക്ക് ആ പേരു നല്‍കിയത്.

എട്ട് നായ്ക്കുട്ടികള്‍ പിറന്നതില്‍ നാലാമത്തേതാണ് ഹള്‍ക്ക്. മറ്റു നായ്ക്കുട്ടികളുടേതില്‍ നിന്ന് വ്യത്യസ്തമായ നിറത്തോടെ പിറന്ന ഹള്‍ക്കിനെ കണ്ടപ്പോള്‍ ശരിക്കും ടെന്‍ഷനായെന്ന് ഉടമ ഷാന സ്റ്റാമി പറയുന്നു. നിറവ്യത്യാസമുണ്ടെന്നല്ലാതെ നായ്ക്കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ഗര്‍ഭപാത്രത്തിലായിരുന്നപ്പോള്‍ വയറിനുള്ളില്‍ വച്ചു തന്നെ വിസര്‍ജ്യത്താല്‍ മൂടപ്പെട്ടതായിരിക്കാം നിറവ്യത്യാസത്തിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. കുറച്ച് തവണ കുളിപ്പിച്ചതിനു ശേഷം നായ്ക്കുട്ടി സാധാരണ നിലയിലാകുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുറച്ചു കൂടി മുതിര്‍ന്ന ശേഷം ഹള്‍ക്കിനെയും സഹോദരങ്ങളെയും ദത്തു നല്‍കണമെന്നാണ് ഷാനയുടെ ആഗ്രഹം.