'മനുഷ്യന്റെ മാതൃരാജ്യം കണ്ടെത്തി'; ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയും ഏകദേശം 200,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന ഒരു സ്ത്രീയിൽ നിന്നുള്ളവരാണെന്ന് പഠനം

ഒരു കൂട്ടം ഗവേഷകർ പറയുന്നത്, ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാ മനുഷ്യരുടെയും പൂർവ്വിക പ്രദേശം ഇന്നത്തെ ബോട്സ്വാനയാണെന്നാണ്. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ, ശരീരഘടനാപരമായി ആധുനിക മനുഷ്യർ എന്ന് വിളിക്കപ്പടുന്നവർ ഒരു കാലത്ത് സമൃദ്ധമായ തണ്ണീർത്തടമായിരുന്ന, സാംബെസി നദിയുടെ തെക്ക് ഭാഗത്തുള്ള ബോട്സ്വാനയിൽ നിന്നാണ് ഉടലെടുത്തതെന്ന് നരവംശശാസ്ത്രജ്ഞർ നിർണ്ണയിച്ചു.

ആഫ്രിക്കയിലെ ജനസംഖ്യയിലുടനീളമുള്ള 1,200 ൽ അധികം ആളുകളിൽ നിന്ന് മൈറ്റോകോണ്ട്രിയൽ ഡിഎൻഎ (സ്ത്രീകളുടെ പരമ്പരയിലൂടെ കൈമാറിവരുന്ന ജനിതക വിവരങ്ങൾ) ശാസ്ത്രജ്ഞർ വിശകലനം ചെയ്യുകയും ആളുകളുടെ ഡി‌എൻ‌എയിൽ ഏതെല്ലാം ജീനുകളാണ് കാലക്രമേണ സംരക്ഷിക്കപ്പെട്ടിട്ടുള്ളതെന്ന് പരിശോധിച്ചതിലൂടെയുമാണ് ഇത് സാധ്യമായത്.

ആധുനിക മനുഷ്യർ (ഹോമോ സാപ്പിയൻസ് സാപ്പിയൻസ്) ഏകദേശം 200,000 വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ ഉടലെടുത്തുവെന്ന് ശാസ്ത്രജ്ഞർ സമ്മതിക്കുന്നുണ്ടെങ്കിലും, പരിണാമത്തിലെ ഈ നാഴികക്കല്ല് ഭൂഖണ്ഡത്തിൽ എവിടെയാണ് സംഭവിച്ചതെന്ന് അവർക്ക് നിശ്ചയമില്ലായിരുന്നു.

എന്നാൽ പുതിയ പഠനം ഈ ചോദ്യത്തിന് ഉത്തരം നൽകുന്നു, കിഴക്കൻ ആഫ്രിക്കയിലാണ് നമ്മുടെ പൂർവ്വികർ ഉടലെടുത്തത് എന്ന ആശയത്തെ ദുർബലപ്പെടുത്തുന്നതാണു നിലവിൽ ലഭിച്ചിരിക്കുന്ന പരിമിതമായ ഫോസിൽ തെളിവുകൾ സൂചിപ്പിക്കുന്നത്.

“ഇന്ന് ജീവിക്കുന്ന എല്ലാ മനുഷ്യരുടെയും” മൈറ്റോകോൺ‌ഡ്രിയൽ ഡി‌എൻ‌എയെ ഈ “മനുഷ്യ മാതൃരാജ്യ”ത്തിലേക്ക് (ബോട്സ്വാന) ബന്ധിപ്പിക്കാൻ കഴിയുമെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു എന്ന് പുതിയ പഠന പേപ്പറിന്റെ രചനയ്ക്ക് നേത്രത്വം നൽകിയ നരവംശശാസ്ത്രജ്ഞയായ വനേസ ഹെയ്സ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു.

നമ്മുടെ പൂർവ്വികരുടെ ഭൂമിശാസ്ത്രപരമായ ഉത്ഭവം കണ്ടെത്താൻ, ഹെയ്‌സും അവരുടെ സഹപ്രവർത്തകരും നിലവിൽ ദക്ഷിണാഫ്രിക്കയിൽ താമസിക്കുന്ന ഖോയിസാൻ പോലുള്ള തദ്ദേശവാസികൾ നിന്ന് മൈറ്റോകോണ്ട്രിയൽ ഡിഎൻഎ (എംടിഡിഎൻഎ) പരിശോധിച്ചു.

മാതൃരേഖയിലൂടെ കടന്നുപോകുന്ന എംടിഡിഎൻഎ പലപ്പോഴും മനുഷ്യ വംശപരമ്പര കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നു, കാരണം ഇത് പിതൃ ഡിഎൻ‌എയുമായി കൂടിച്ചേരുന്നില്ല. അതിനർത്ഥം ഇത് കാലക്രമേണ മാറ്റങ്ങൾക്ക് വിധേയമാവുന്നത് കുറഞ്ഞിരിക്കുമെന്നും വിദൂര ബന്ധുക്കളുമായി വ്യക്തമായ ഒരു കണ്ണി നൽകുകയും ചെയ്യുന്നു എന്നുമാണ്.

എംടിഡി‌എൻ‌എയുടെ കാര്യത്തിൽ, ആധുനിക മനുഷ്യരെല്ലാം എൽ മാക്രോ-ഹാപ്ലോഗ്രൂപ്പ് എന്നറിയപ്പെടുന്ന ഒരു കൂട്ടം ജീനുകൾ പങ്കിടുന്നു. ഈ എൽ-ബ്രാഞ്ച് രണ്ട് ഉപഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു: L1″6, L0. രണ്ടാമത്തേത് (L0) ദക്ഷിണാഫ്രിക്കയിലെ ജനങ്ങളിൽ കാണാം, അതാണ് ഹെയ്സിന്റെ ടീം വിശകലനം ചെയ്തത്. “ഇതുവരെയുള്ള ഏറ്റവും വലിയ L0 പഠനമാണിതെന്ന് പഠനത്തിന്റെ സഹ-രചയിതാവായ ഇവാ ചാൻ പറഞ്ഞു. ഈ ജനിതക ചങ്ങലയിൽ പിടിച്ച്, ഇന്ന് ജീവിച്ചിരിക്കുന്ന ഓരോ വ്യക്തിയും ഏകദേശം 200,000 വർഷങ്ങൾക്ക് മുമ്പ് ഇന്നത്തെ ബോട്സ്വാനയിൽ താമസിച്ചിരുന്ന ഒരു സ്ത്രീയിൽ നിന്നാണ് വന്നതെന്ന് മനസ്സിലാക്കാൻ ഗവേഷകർക്ക് കഴിഞ്ഞു.

ഈ പൂർവ്വികൻ വന്ന പ്രദേശം തടാകങ്ങളും പച്ചപ്പും കൊണ്ട് നിറഞ്ഞിരുന്ന മക്ഗാദിക്ഗാഡി-ഒകാവാംഗോ പാലിയോ-വെറ്റ് ലാൻഡ് എന്നറിയപ്പെടുന്നു, ഇത് ആധുനിക ഒകാവാംഗോ ഡെൽറ്റയ്ക്കടുത്തായിരുന്നു. ഹോമോ സാപ്പിയൻസ് സാപ്പിയൻസ് 70,000 വർഷത്തോളം ഈ “മാതൃരാജ്യത്ത്” താമസിച്ചിരുന്നു എന്ന് അക്കാലത്തെ പ്രദേശത്തിന്റെ കാലാവസ്ഥ എങ്ങനെയായിരുന്നുവെന്ന് പുനർനിർമ്മിച്ച സംഘത്തിന്റെ വിശകലനത്തിൽ നിന്ന് വ്യക്തമായി.

കാലാവസ്ഥ മാറിയപ്പോൾ, നമ്മുടെ പൂർവ്വികർ രണ്ട് ഘട്ടമായി ചിതറിപ്പോയി: ആദ്യം, ഒരു സംഘം 130,000 വർഷങ്ങൾക്ക് മുമ്പ് വടക്കുകിഴക്കായി വ്യാപിച്ചു, മറ്റുള്ളവർ 110,000 വർഷങ്ങൾക്ക് മുമ്പ് തെക്കുപടിഞ്ഞാറൻ ഭാഗത്തേക്ക് കുടിയേറി.

ഹെയ്സ് പറയുന്നതനുസരിച്ച്, ഈ കുടിയേറ്റ സംഘങ്ങൾ ഈ പ്രദേശത്തിന് പുറത്തുള്ള മൃഗങ്ങളെ പിന്തുടർന്നിരിക്കാം. എന്നിരുന്നാലും, ഫോസിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ചില ശാസ്ത്രജ്ഞഹെയ്സ് പറയുന്നതനുസരിച്ച്, ഈ കുടിയേറ്റ സംഘങ്ങൾ ഈ പ്രദേശത്തിന് പുറത്തുള്ള മൃഗങ്ങളെ പിന്തുടർന്നിരിക്കാം. എന്നിരുന്നാലും, ഫോസിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ചില ശാസ്ത്രജ്ഞർ സൃഷ്ടിച്ച കാലഗണനക്ക് വിപരീതമാണ് ഇത്.

ശരീരശാസ്ത്രപരമായി ആധുനിക മനുഷ്യരുടെ എക്കാലത്തെയും പഴയ മാതൃകകൾ – തലയോട്ടികളും മറ്റ് ഫോസിലുകളും – എത്യോപ്യയിൽ നിന്നാണ് നേരത്തെ കണ്ടെത്തിയിട്ടുള്ളത്, ആധുനിക പൂർവ്വികർ ഉടലെടുത്തത് കിഴക്കൻ ആഫ്രിക്കയിൽ നിന്നാണെന്ന് പല നരവംശശാസ്ത്രജ്ഞരും ചിന്തിക്കാൻ ഇത് കാരണമായി. പുതിയ പഠനം സൂചിപ്പിക്കുന്നത് ദക്ഷിണാഫ്രിക്കയിൽ നിന്നാണ് മനുഷ്യൻ ഉടലെടുത്തത് എന്നാണ്.

ഇന്നത്തെ യൂറോപ്പ്, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് കുടിയേറുന്നതിനുമുമ്പ് (“ഔട്ട് ഓഫ് ആഫ്രിക്ക” സിദ്ധാന്തം) ഒരേ സമയം ലോകമെമ്പാടുമുള്ള ഒന്നിലധികം സ്ഥലങ്ങളിൽ വെവ്വേറെ പരിണമിക്കുന്നതിനുപകരം എല്ലാ ആധുനിക മനുഷ്യരും ആഫ്രിക്കയിലെ ഒരിടത്ത് പരിണമിച്ചു എന്ന ആശയത്തിന് വിശ്വാസ്യതയും പുതിയ ജനിതക വിശകലനം നൽകുന്നു. പഠന രചയിതാക്കൾ പറയുന്നതനുസരിച്ച്, ബോട്സ്വാനയിൽ നിന്നുള്ള രണ്ട് ഘട്ടങ്ങളിലായുള്ള കുടിയേറ്റം “ആധുനിക മനുഷ്യർക്ക് പിന്നീട് ആഫ്രിക്കയിൽ നിന്നും, ഒടുവിൽ ലോകമെമ്പാടും കുടിയേറാൻ വഴിയൊരുക്കി.”

എന്നാൽ ലേമാൻ കോളേജിലെ ആഫ്രിക്കൻ ജനസംഖ്യയുടെ ജനിതകത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന നരവംശശാസ്ത്രജ്ഞൻ റയാൻ റൗമ് കരുതുന്നത് പുതിയ പഠനത്തിൽ കാര്യമായ വീഴ്ചകൾ ഉണ്ടെന്നാണ്. റൗമിന്റെ അഭിപ്രായത്തിൽ, ഗവേഷകർ ജനിതക കാലഗണനയിൽ വേണ്ടത്ര പിന്നോട്ട് പോയിട്ടില്ല.

എൽ 0 ഹാപ്ലോഗ്രൂപ്പ് എവിടെ നിന്നാണ് ഉത്ഭവിച്ചതെന്ന് ഹെയ്സിന്റെ ഗവേഷണം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, ലോകത്തിലെ മിക്ക ആളുകളുടെയും മൈറ്റോകോണ്ട്രിയൽ ഡിഎൻഎയെ എൽ 0 അല്ല മറിച്ച് എൽ ബ്രാഞ്ചിന്റെ എൽ 1″6 ഉപഗ്രൂപ്പിലേയ്ക്ക് കണ്ടെത്താൻ കഴിയും. അതിനാൽ, മനുഷ്യന്റെ “ഒരൊറ്റ ഉത്ഭവം” കണ്ടെത്താൻ, ഗവേഷകർ L0 നും L1″6 നും ഇടയിൽ ജനിതക വിഭജനം സംഭവിക്കുന്നതിന് മുമ്പ് ജീവിച്ചിരുന്ന ഒരു ജനിതക മുൻഗാമിയെ കണ്ടെത്തണമെന്ന് റൗമ് കരുതുന്നു.