ബഹിരാകാശത്ത് ജീവനുണ്ടോ? രഹസ്യങ്ങള്‍ തിരയാന്‍ 'കെയോപ്‌സ്' സജ്ജം; ചിത്രങ്ങള്‍ക്കായി കാത്തിരിപ്പ്

സൗരയൂഥത്തിന് സമീപമുള്ള അന്യഗ്രഹങ്ങളെ തിരയാന്‍ കയോപ്സ് സുസജ്ജം. അന്യഗ്രഹങ്ങളെ പറ്റി പഠിക്കാന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി (ESA) വിക്ഷേപിച്ച “കാരക്ടറൈസിങ് എക്‌സോ പ്ലാനറ്റ് സാറ്റലൈറ്റ്” അഥവാ (കെയോപ്‌സ്-CHEOPS) പ്രവര്‍ത്തന സജ്ജമായി. രണ്ടാഴ്ചയ്ക്കുള്ളില്‍ അതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷ.

2019 ഡിസംബര്‍ 18 ന് ആണ് കെയോപ്‌സ് വിക്ഷേപിച്ചത്. സൗരയൂഥത്തിന് പുറത്തുള്ള, ഇതിനോടകം തിരിച്ചറിഞ്ഞ അന്യഗ്രഹങ്ങളുടെ വലുപ്പം നിര്‍ണയിക്കുകയാണ് ചെയ്യുക. പേടകത്തിന്റെ മുഖ്യഭാഗമായ ദൂരദര്‍ശിനി സംരക്ഷിക്കാന്‍ സ്ഥാപിച്ചിരുന്ന മൂടുപടം ഈ ജനുവരി 29 ന് നീക്കി.

പേടകം ഇതുവരെ ഭൂമിയില്‍ നിന്ന് 700 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലായിരുന്നു. കെയോപ്‌സിന്റെ പ്രവര്‍ത്തനം പരിശോധിച്ച ശേഷമാണ് ദൂരദര്‍ശിനിയുടെ മറ നീക്കിയത്. ഇതോടെ ടെലിസ്‌കോപ്പ് പ്രവര്‍ത്തന സജ്ജമായി.

ഇതിനോടകം നൂറുകണക്കിന് ചിത്രങ്ങള്‍ കെയോപ്‌സ് പകര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ടെലിസ്‌കോപിന് മുന്നിലെ മറ നീക്കാതിരുന്നിതിനാല്‍ ചിത്രങ്ങളൊന്നും പതിഞ്ഞിട്ടില്ല. മറ നീക്കിയതോടെ, ഇനിയെടുക്കുന്ന ദൃശ്യങ്ങള്‍ ഭൂമിയിലേക്ക് ലഭിക്കും.

ഗ്രഹങ്ങളുടെ പിണ്ഡവും വലുപ്പവും തമ്മിലുള്ള ബന്ധവും അനുപാതവും കൃത്യമായി നിര്‍ണയിക്കുക, വ്യാഴത്തെപ്പോലെയുള്ള വാതകഭീമന്‍ ഗ്രഹങ്ങളിലെ ഊര്‍ജവിനിമയരീതി കൃത്യമായി മനസ്സിലാക്കുക, ഈ-എല്‍റ്റ്, ജെയിംസ് വെബ്, എക്കോ തുടങ്ങിയ വലുതും ശക്തവുമായ ഭൂതല-ബഹിരാകാശ ദൂരദര്‍ശിനികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചുകൊണ്ട് അവയുടെ പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കുക, അന്യഗ്രഹവേട്ടയില്‍ പത്ത് ശതമാനം വര്‍ധനവുണ്ടാക്കുക, കണ്ടെത്തിക്കഴിഞ്ഞ ഗ്രഹങ്ങളും അവയുടെ മാതൃനക്ഷത്രങ്ങളും തമ്മിലുള്ള അകലം കൃത്യമായി നിര്‍ണയിക്കുക, അവയുടെ അന്തരീക്ഷഘടന അപഗ്രഥിക്കുക മുതലായവയാണ് കയോപ്സ് ദൗത്യത്തിലെ ശാസ്ത്രീയലക്ഷ്യങ്ങള്‍.

മൂന്നരവര്‍ഷമാണ് കയോപ്സിന്റെ പ്രവര്‍ത്തനകാലം. ഭൂമിയില്‍നിന്ന് 700 കിലോമീറ്റര്‍ ഉയരമുള്ള ഒരു പൂര്‍ണവൃത്ത പഥത്തിലൂടെയാണ് ഈ ബഹിരാകാശ ദൂരദര്‍ശിനിയുടെ സഞ്ചാരം. യൂറോപ്യന്‍ സ്പേസ് ഏജന്‍സിയുടെ കോസ്മിക് വിഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട എസ്-ക്ലാസ് (Small satellite) ദൗത്യമാണിത്. 2012 ഒക്ടോബറിലാണ് ഈ ദൗത്യം തിരഞ്ഞെടുക്കപ്പെട്ടത്. 26 പ്രൊപ്പോസലുകളില്‍നിന്ന് ഒന്നാമതെത്തിയത് കയോപ്സ് ആണ്. ഭൂതല ദൂരദര്‍ശിനികള്‍ ഉപയോഗിച്ച് അന്യഗ്രഹങ്ങളുടെ വ്യാസം കൃത്യമായി അളക്കുക എന്നതാണ് കയോപ്സ് ദൗത്യത്തിന്റെ മുഖ്യ ലക്ഷ്യം.

ഒരു ഗ്രഹത്തിന്റെ പിണ്ഡവും വലുപ്പവും കൃത്യമായി അളക്കാന്‍ കഴിഞ്ഞാല്‍ അതുവഴി ഗ്രഹത്തിന്റെ സാന്ദ്രതയും ഉപരിതലത്തിന്റെ സ്വഭാവവും ഗ്രഹം ഭൗമസമാനമാണോ അതോ വാതക ഗോളമാണോ എന്നും മനസ്സിലാക്കാന്‍ കഴിയും. ഗ്രഹസംതരണ രീതി ഉപയോഗിച്ചാണ് കയോപ്സ് അന്യഗ്രഹങ്ങളെ കണ്ടെത്തുന്നത്. ഭൂമിയുടെ വലുപ്പമുള്ള ഒരു ഗ്രഹം സൂര്യനേക്കാള്‍ ചെറിയ ഒരു നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോള്‍ നക്ഷത്രത്തിന്റെ പ്രത്യക്ഷ കാന്തികമാനത്തില്‍ ഉണ്ടാകുന്ന ശോഭാവ്യതിയാനം അളക്കാന്‍ കയോപ്സിന് കഴിയും.

അതുവഴി വലുപ്പം കുറഞ്ഞ ഗ്രഹങ്ങളെവരെ കണ്ടെത്താന്‍ കഴിയുമെന്നാണ് കരുതുന്നത്. ചെറിയ ഗ്രഹങ്ങളിലാണ് ഖര ഉപരിതലവും ജലസാന്നിധ്യവും സാധാരണമായി കാണപ്പെടുന്നത്. അതിനാല്‍ ജീവന്റെ സാന്നിധ്യവും ഇത്തരം ഗ്രഹങ്ങളിലായിരിക്കും ഉണ്ടാകാന്‍ സാധ്യത. സോളാര്‍ പാനലുകളാണ് കയോപ്സിന് ഊര്‍ജം പകരുന്നത്. ഓരോ ദിവസവും 3.2 ഗിഗാബൈറ്റ് ഡേറ്റ വീതം ഭൂമിയിലേക്ക് അയയ്ക്കാന്‍ കയോപ്സിന് സാധിക്കും.