മലയാള സാഹിത്യം ആരുടെ നൊസ്റ്റാള്‍ജിയ ആണ്?

വിജു വി. വി

മലയാളത്തില്‍ സാഹിത്യനിര്‍വഹണം നടത്തുന്ന വര്‍ഗം ഏതാണ്? കുറെക്കാലമായി ഉള്ള ഒരു ചോദ്യമാണ്. മുഖ്യധാരാ അച്ചടി സാഹിത്യത്തിന്റെ ഉത്പാദനം, വിതരണം, ആസ്വാദനം എന്നിവ നിര്‍വഹിക്കപ്പെടുന്നവരുടെ വര്‍ഗ- സാമുദായിക- സ്വത്വ പരിസരങ്ങള്‍ എന്താണ്? അവയുടെ അഭിരുചികളും മുന്‍ഗണനകളും തീരുമാനിക്കപ്പെടുന്നത് എങ്ങനെയാണ്? ആരൊക്കെയാണ്? ഘോഷിക്കപ്പെടുന്ന എഴുത്തുകാരില്‍, ആധിപത്യം പുലര്‍ത്തുന്നവരുടെ വര്‍ഗ- വംശ പരിസരം എന്താണ്? മലയാളത്തിലെ ലിഖിത സാഹിത്യത്തിലൂടെ പുനരുത്പാദിപ്പിക്കപ്പെടുന്ന ആസ്വാദന സമൂഹത്തിന്റെ ഇടപെടലുകളുടെ സ്വഭാവം എന്താണ്? അങ്ങനെ ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ പലപ്പോഴും ഉയര്‍ന്നു വരാറുണ്ട്. പലപ്പോഴും ഇത്തരം ചര്‍ച്ചകള്‍ എവിടെയും അഭിസംബോധന ചെയ്ത് കാണാറില്ല.

അച്ചടി സാഹിത്യത്തോടുള്ള ഗൃഹാതുരത്വം ഇപ്പോഴും ഒരുവിഭാഗം മലയാളിയുടെ സാംസ്‌കാരികവും സാമൂഹികവുമായ സ്വത്വത്തിന്റെ ഭാഗമാണ്. പക്ഷേ, ഈ ഗൃഹാതുരത്വം ഏതെങ്കിലും രീതിയില്‍ ഭൂരിഭാഗം വരുന്ന മലയാളിജീവിതത്തെ സ്വാധീനിക്കുന്നുണ്ടോ?

പ്രാഥമികമായി ഇതൊരു ബോര്‍ഡ്യൂയിയന്‍ ചോദ്യമാണ്. മലയാളത്തിലെ അച്ചടിസാഹിത്യത്തെ ഇപ്പോഴും നിര്‍ണയിക്കുന്നത് ഡി.സി ബുക്‌സ്, മാതൃഭൂമി, മലയാള മനോരമ തുടങ്ങിയ ഭീമന്‍മാരാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രചാരത്തോടെ അടുത്തകാലത്തായി ഉയര്‍ന്നുവന്ന നിരവധി ചെറുകിട പ്രസാധകരെ കാണാതിരിക്കുന്നില്ല. എങ്കിലും ഇതാണ് സാഹിത്യം, ഇതാണ് വായിക്കേണ്ടത്, ഇതാണ് മാറ്റം എന്നൊക്കെ പറയുന്നത് മലയാളത്തിലെ അച്ചടിഭീമന്‍മാരാണ്. ഉദാഹരണത്തിന് ബിരിയാണി പോലൊരു കഥ, അതിന്റെ സ്വത്വപരിസരത്തു നിന്നുള്ള വിമര്‍ശനങ്ങള്‍ക്ക് യാതൊരു ഇടവും നല്‍കാത്തവിധം സ്വീകാര്യതയുണ്ടാക്കാന്‍ മാതൃഭൂമിക്ക് കഴിയുന്നു. അതുപോലെ തന്നെ കേരളത്തില്‍ ഉയര്‍ന്നു വരേണ്ടിയിരുന്ന നിരവധി ഗൗരവമായ ചര്‍ച്ചകളെ, അച്ചടിസാഹിത്യം നിര്‍വീര്യമാക്കുകയോ മായ്ച്ചുകളയുകയോ ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് “മീശ” നോവല്‍ വിവാദത്തില്‍ മുന്നിട്ടു നിന്നത് അതിനെ സംഘപരിവാര്‍ എതിര്‍ത്തതാണ്. എന്നാല്‍ കീഴാളജാതി പ്രമേയമായിട്ടുള്ള ഒരു നോവലിന്, മലയാളത്തിലെ സാഹിത്യഭാവുകത്വത്തെ നിയന്ത്രിക്കുന്ന പ്രസിദ്ധീകരണത്തില്‍ ഇടമില്ലാതാകുന്നു, അത് വായനക്കാരുടെ ഒരു അഭിപ്രായവും പരിഗണിക്കാതെ പിന്‍വലിക്കപ്പെടുന്നു എന്നതൊന്നും ഒരു പ്രശ്‌നമായി തോന്നുന്നില്ല.

രണ്ടാമത്തേത് ജാതി പ്രമേയമാക്കുന്നു എന്നൊക്കെ പറയുന്ന തരത്തിലുള്ള കഥകളെക്കാളും നോവലുകളെക്കാളും തീവ്രമായ അനുഭവങ്ങളുള്ള ദളിത് ജീവിതത്തിന്റെ അനുഭവപരിസരങ്ങള്‍ അടുത്തകാലത്തായി ഒറ്റയൊറ്റയായി പുറത്തു വരുന്നുണ്ട്. ഭാവനയ്ക്ക് മേല്‍ അനുഭവം മേല്‍ക്കൈ നേടുന്ന ആഖ്യാനങ്ങളാണ് അവയൊക്കെയും. അവയൊന്നും വേണ്ട രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുമില്ല. അങ്ങനെ ഉണ്ടാകുന്നുവെന്ന് പറയുമ്പോള്‍ പോലും, അത്തരം കുറിപ്പുകള്‍ പ്രകാശിതമാകുന്നത് അതിന്റെ കര്‍ത്താക്കള്‍ വ്യവഹരിച്ചു നില്‍ക്കുകയോ ബന്ധപ്പെടുകയോ ഒക്കെ ചെയ്യുന്ന മേഖലകളുടെ പ്രത്യേകത കൊണ്ടാണ്. ഉദാഹരണത്തിന് എം.കുഞ്ഞാമന്റെ “എതിര്”. അതില്‍ ദളിത് ജീവിതത്തിന്റെ ബലിഷ്ഠമായ അനുഭവപരിസരം ഉണ്ടായിരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ സര്‍വകലാശാലാജീവിതം, ഇടതുപക്ഷ അനുഭാവം എന്നിവ അതിന്റെ വായനയുടെ സ്വീകാര്യതയില്‍ പങ്കു വഹിക്കുന്നുണ്ട്. ഒരു യൂണിവേഴ്‌സിറ്റി ദളിതിന്റെ “അച്ചടക്കമുള്ള” അല്ലെങ്കില്‍ മെരുക്കപ്പെട്ട അനുഭവ പരിസരങ്ങള്‍ക്കുള്ള ആകര്‍ഷണീയത ചിത്രലേഖയെപ്പോലെ ഒരു “പബ്ലിക് ദളിതി”ന്റെ അനുഭവത്തിന് ഇല്ല. ഈ രണ്ടിലും പ്രവര്‍ത്തിക്കുന്ന, വായനയെ നിര്‍ണയിക്കുന്ന മറ്റൊരു ഘടകം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അത് വേറൊരു വിശകലനത്തിന്റെ സാദ്ധ്യത തുറക്കുന്നുണ്ട്.

മലയാളത്തിലെ സിനിമ, നാടകം, ചിത്രകല എന്നീ മേഖലകളെ അപേക്ഷിച്ച്, സാഹിത്യം വലിയൊരു മാറ്റത്തിനൊന്നും കഴിഞ്ഞ പത്തുമുപ്പതു വര്‍ഷത്തെ ആഗോളവത്കൃതകാലത്ത് വിധേയമായിട്ടില്ല. നമ്മുടെ കാഴ്ചയെ തന്നെ മാറ്റുന്ന രീതിയില്‍ ബിനാലെ വരുന്നു. സിനിമ മലയാളിയുടെ ദൈനംദിനജീവിതത്തെ അഭിസംബോധന ചെയ്യുന്ന രീതിയില്‍ മാറുന്നു. അത്രത്തോളമില്ലെങ്കിലും നാടകമേഖലയും ആഗോളതലത്തില്‍ ഉണ്ടായ മാറ്റങ്ങളെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ മലയാളത്തിലെ സാഹിതീയത അഥവാ ലിറ്റററിനെസ് എന്നു പറയുന്ന കാര്യം മാറിയിട്ടുണ്ടോ? ക്രൈംത്രില്ലറുകളെയും ഹൊററുകളെയും നിയോ മിത്തോളജിയെയും ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ അവ വിപുലമായിട്ടുണ്ടോ? അഥവാ എന്താണ് ലിറ്റററി എന്നു കൂടെ അന്വേഷിക്കേണ്ടതുണ്ട്. ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യമെടുത്താല്‍, ലിറ്റററി അല്ല ഇന്ന് വായനയുടെ അടിസ്ഥാനം. എമ്മ ഡോവ്‌സണ്‍ വറുഗീസിന്റെ “ഭാരതി ഫാന്റസി”യുമായി ബന്ധപ്പെട്ട ലേഖനം ഈയൊരു മാറ്റത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. പുതിയ തലമുറയുടെ ഭാവനാപരമായ ആഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിര്‍മ്മിത പുരാവൃത്തങ്ങള്‍ പ്രമേയമാകുന്ന നോവലുകള്‍ ഇതിന്റെ ഉദാഹരണമാണ്. ഇംഗ്ലീഷില്‍ ആയിട്ടു പോലും അവയ്ക്ക് വന്‍തോതില്‍ വായനക്കാരുണ്ടാകുകയും ജനകീയമായി വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഇവയുടെ മലയാളം പരിഭാഷകള്‍ പോലും വന്‍തോതില്‍ വായിക്കപ്പെടുന്നു. പരമ്പരാഗത സാഹിത്യസങ്കല്‍പത്തില്‍ നിന്ന് തീര്‍ത്തും വിഛേദിക്കപ്പെട്ട ഭാവുകത്വമാണ് ഇവയ്ക്കുള്ളത്. അവയുടെ സാംസ്‌കാരിക സ്വാധീനം ഇന്ത്യയിലെ ഹിന്ദുത്വയെ ശക്തിപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് തള്ളിക്കളയുന്നുമില്ല. പക്ഷേ മലയാളത്തിലെ സാഹിതീയതില്‍ ഒരു വിഛേദവും ഉണ്ടാകുന്നില്ല. കഴിഞ്ഞ മുപ്പതുവര്‍ഷത്തിനിടയ്ക്ക്, നാം ആഘോഷിച്ച, മുസ്ലിം സാംസ്‌കാരിക- രാഷ്ട്രീയ പരിസരത്തു നിന്നുള്ള സാഹിത്യാഖ്യാനങ്ങള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ അവയേത്? ഇല്ലെങ്കില്‍ എന്തുകൊണ്ട്?

പൊതുവെ മലയാളത്തിലെ സാഹിത്യ- സാംസ്‌കാരിക മാസികകളിലെ പ്രതിനിധാനം നോക്കിയാല്‍, അത് ഇപ്പോഴും ഹിന്ദു- ക്രിസ്ത്യന്‍ എഴുത്തുകാര്‍ക്ക് ആണ് മേധാവിത്വം. ഓരോ ലക്കങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുന്ന എഴുത്തുകാരുടെ എണ്ണം നോക്കിയാല്‍ മതി. ചില ലക്കങ്ങളില്‍ മുസ്ലിം- ദളിത് എഴുത്തുകാര്‍ ഉണ്ടാവുകയേ ഇല്ല. സാഹിത്യമണ്ഡലത്തിലും പ്രസാധാനത്തിലും പ്രതിനിധാന രാഷ്ട്രീയം, സംവരണം പോലുള്ള കാര്യങ്ങള്‍ മുഖ്യമായ ചര്‍ച്ചയാവുന്നില്ല. അതിനാല്‍ തന്നെ, സംവരണ-പ്രതിനിധാന ചര്‍ച്ചകളുടെ “അലോസര”മില്ലാതെ സുഗമമായി ഇടപെടാവുന്ന ഒരു മേഖലയായി സാഹിത്യത്തെ വിലയിരുത്താവുന്നതാണ്. സാംസ്‌കാരിക ഗവേഷണങ്ങളില്‍ താത്പര്യമുള്ളവര്‍ക്ക് ചെയ്ത് നോക്കാവുന്ന ഒരു എക്‌സര്‍സൈസ് ആണിത്. വൈക്കം മുഹമ്മദ് ബഷീറിനെപ്പോലെ ഒരാള്‍ മലയാള സാഹിത്യത്തെയാകെ പ്രതിനിധാനം ചെയ്ത കാലഘട്ടമുണ്ടെന്ന് ഓര്‍ക്കണം. എന്നാല്‍ ബഷീറിന്റേത് സാഹിത്യമാണോ എന്നൊരു ചര്‍ച്ച പില്‍ക്കാലത്ത് മലയാളസാഹിത്യത്തില്‍ ഉണ്ടായി.

ഇത് എഴുതുന്നതിനിടെ പെട്ടെന്ന് ബെനഡിക്ട് ആന്‍ഡേഴ്‌സന്റെ ഇമാജിന്‍ഡ് കമ്യൂണിറ്റീസ് (1983) എന്ന കൃതിയിലെ വാചകം ഓര്‍മ വന്നു.

“reading classes” meant people of some power.
More concretely, they were, in addition to the old ruling classes of nobilities
and landed gentries, courtiers and ecclesiastics, rising middle strata of
plebeian lower officials, professionals, and commercial and industrial bourgeoisies. (പേജ് 76).

ആന്‍ഡേഴ്‌സന്റെ പുസ്തകത്തിലെ 2006 പതിപ്പിലെ ഒരധ്യായം, “ട്രാവല്‍ ആന്‍ഡ് ട്രാഫിക്” എന്ന തലക്കെട്ടില്‍ ആ പുസ്തകത്തിന്റെ തന്നെ വിവര്‍ത്തനം പല ഭാഷകളില്‍ വന്നതിനെ കുറിച്ചാണ്. 33 രാജ്യങ്ങളിലും 29 ഭാഷകളിലും അതിന്റെ പതിപ്പിറങ്ങി. ഇന്ത്യന്‍ ഭാഷകളില്‍ തമിഴിലും ബംഗാളിയിലും ഹിന്ദിയിലും വിവര്‍ത്തനങ്ങളുണ്ടായെന്ന് ആന്‍ഡേഴ്‌സണ്‍ കുറിച്ചിട്ടുണ്ട്. മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ടോ എന്ന കാര്യം അറിയില്ല.

വ്യക്തിപരമായ നിരീക്ഷണത്തില്‍ വളരെ സുരക്ഷിതമായി, സൗകര്യപ്രദമായി, അല്ലലില്ലാതെ ജീവിക്കുന്ന ഒരു ഭൂരിപക്ഷ വര്‍ഗമാണ് മലയാളത്തിലെ സാഹിത്യസംവിധാനത്തെ നിലനിര്‍ത്തുന്നത്. അവരുടെ താത്പര്യങ്ങളും ഭാവനകളുമാണ് സാഹിത്യമായി മാറുന്നത്. ഇതുപറയുമ്പോള്‍, വളരെ താഴെക്കിടയിലുള്ള, അരക്ഷിതമായും ദരിദ്രമായും ജീവിക്കുന്ന നിരവധി എഴുത്തുകാരുടെ പേരുകള്‍ ചൂണ്ടിക്കാട്ടുമായിരിക്കും. പക്ഷേ, പിയര്‍ ബോര്‍ഡിയു തന്നെ പറയുന്നതുപോലെ, സാംസ്‌കാരിക മണ്ഡലം, അതിന്റെ ആധിപത്യഘടനയെ നിലനിര്‍ത്തി കൊണ്ടുതന്നെ ഇടയ്ക്ക് അണ്ടര്‍ഡോഗുകളെ ആഘോഷിക്കും. സാഹിത്യഘടന നിലനില്‍ക്കുന്നത് സ്ഥാപിത അധീശവര്‍ഗവും പരിശ്രമികളായ യുവവര്‍ഗവും തമ്മിലുള്ള സംഘര്‍ഷത്തിലാണ്. സുഭാഷ് ചന്ദ്രനും ലാജോ ജോസും തമ്മിലുള്ള സംഘര്‍ഷത്തിലാണ് സാഹിത്യമണ്ഡലം പുനരുത്പാദിപ്പിക്കപ്പെടുന്നത്. പിന്നീട് പരിശ്രമികളായ യുവഎഴുത്തുകാര്‍ സ്ഥാപിത അധീശവര്‍ഗമായി മാറും. ഇതിനകത്തു നിന്നുകൊണ്ട് സാമൂഹിക രോഷങ്ങളെ അവര്‍ ഏറ്റെടുക്കുകയും എന്നാല്‍ ഘടനകള്‍ക്ക് കോട്ടം തട്ടാത്തവിധത്തില്‍ അവയെ ശമിപ്പിക്കുകയും ചെയ്യും. അഥവാ ഘടന അസ്ഥിരപ്പെടുന്നേയില്ല. ദളിത് സാഹിത്യം ദളിത് സാഹിത്യമായും മാപ്പിള സാഹിത്യം അതായും അരികുകളില്‍ തന്നെ കഴിയുന്നു.

പറഞ്ഞുവന്നത് ഇതാണ്. കേരളത്തില്‍ പല കാലഘട്ടങ്ങളില്‍ ഉയർന്നു വരേണ്ടിയിരുന്ന സാമൂഹിക മുന്നേറ്റങ്ങളെ, മരവിച്ചു നിര്‍ത്താനോ വഴിതിരിച്ചു വിടാനോ പലപ്പോഴും മലയാളത്തിലെ സാഹിത്യമണ്ഡലം വഹിക്കുന്ന പങ്കിനെയും അതിനെ നിലനിര്‍ത്തുന്ന വര്‍ഗത്തിന്റെ സാമൂഹികവും സാമുദായികവുമായ പശ്ചാത്തലത്തെയും വിമര്‍ശനവിധേയമാക്കേണ്ട സമയം കഴിഞ്ഞു. സാഹിത്യമണ്ഡലം എന്നത് എഴുത്തുകാര്‍ മാത്രമല്ല, അവയുടെ പ്രസാധകര്‍, വിതരണക്കാര്‍, മൂലധന നിക്ഷേപകര്‍, വായനക്കാര്‍, വിമര്‍ശകര്‍, നിരൂപണ മാധ്യമങ്ങള്‍ എന്നിവയും ഇവരുടെ താത്പര്യങ്ങളും എല്ലാം ചേരുന്നതാണ്. മുമ്പെവിടെയോ വായിച്ചതായ ഒരുവാചകം ഓര്‍മ്മ വരുന്നു. ഗുട്ടന്‍ബര്‍ഗ് ഗാലക്‌സിയോ മറ്റോ ആണെന്ന് തോന്നുന്നു. സാമൂഹിക ജീവിതത്തില്‍ ഇടപെടുകയും കൂട്ടായ പ്രക്ഷോഭങ്ങളുടെ ഭാഗമാകുകയും ചെയ്യേണ്ട ബുദ്ധിജീവികളെ പുസ്തകങ്ങളിലേക്ക് ഒതുക്കുകയും ഏകാകികളാക്കി മാറ്റുകയും ചെയ്യുന്നതില്‍ അച്ചടി സാഹിത്യത്തിന് നല്ല പങ്കുണ്ട്.

(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിലെ കോസ്റ്റ്യൂം / ഫിലിം സ്റ്റഡീസ് ഗവേഷകനും സ്വാതന്ത്ര മാധ്യമ പ്രവർത്തകനുമാണ് ലേഖകൻ)