‘നമ്മുടെ ലോകത്തെ രൂപപ്പെടുത്തിയ നൂറ് നോവലുകളിൽ’ ഇടം നേടി അരുന്ധതി റോയ്, സൽമാൻ റുഷ്ദി എന്നിവരുടെ പുസ്തകങ്ങൾ

ബി.ബി.സി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ)യുടെ ‘നമ്മുടെ ലോകത്തെ രൂപപ്പെടുത്തിയ 100 നോവലുകളുടെ’ പട്ടിക ചൊവ്വാഴ്ച പ്രഖ്യാപിച്ചു. പ്രമുഖ എഴുത്തുകാർ, ക്യൂറേറ്റർമാർ, വിമർശകർ എന്നിവരുടെ ഒരു പാനലാണ് ബി.ബി.സിക്കുവേണ്ടി പട്ടിക തയ്യാറാക്കിയത്.

അരുന്ധതി റോയ് എഴുതിയ ദി ഗോഡ് ഓഫ് സ്മാൾ തിംഗ്സ്, സൽമാൻ റുഷ്ദിയുടെ (ദി മൂർസ് ലാസ്റ്റ് സൈ), ആർ‌കെ നാരായണന്റെ സ്വാമി ആൻഡ് ഫ്രണ്ട്‌സ് വിക്രം സേത്തിന്റെ എ സൂട്ടബിൾ ബോയ്, വി എസ് നയ്പോൾ എഴുതിയ എ ഹൗസ് ഫോർ മിസ്റ്റർ ബിസ്വാസ് എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ എഴുത്തുകാരുടെ നോവലുകൾ.

ടൈംസ് ലിറ്റററി സപ്ലിമെന്റ് എഡിറ്റർ സ്റ്റിഗ് ആബെൽ, ബ്രാഡ്‌ഫോർഡ് സാഹിത്യോത്സവത്തിന്റെ ഡയറക്ടർ സിമ അസ്ലം, എഴുത്തുകാരായ ജൂനോ ഡോസൺ, കിറ്റ് ഡി വാൾ, അലക്സാണ്ടർ മക്കാൽ സ്മിത്ത്, പത്രപ്രവർത്തകൻ മരിയെല്ല ഫ്രോസ്ട്രപ്പ് എന്നിവരടങ്ങുന്നതാണ് പാനൽ.

സ്വത്വം, സ്നേഹം, ലൈംഗികത, പ്രണയം സാഹസികത, ജീവിതം, മരണം, മറ്റ് ലോകങ്ങൾ, രാഷ്ട്രീയം, ശക്തി, പ്രതിഷേധം, വർഗ്ഗവും സമൂഹവും, പ്രായം, കുടുംബം, സൗഹൃദം, കുറ്റകൃത്യം, സംഘർഷം, വ്യവസ്ഥാലംഘനം എന്നിങ്ങനെ പത്തോളം വിഭാഗങ്ങളായാണ് പുസ്തകങ്ങളെ തരം തിരിച്ചത്.

പാകിസ്ഥാൻ എഴുത്തുകാരിയായ കമില ഷംസിയുടെ ഹോം ഫയർ, ബ്രിട്ടീഷ്-പാകിസ്ഥാൻ എഴുത്തുകാരൻ മൊഹ്‌സിൻ ഹമീദിയുടെ ദി റിലക്റ്റന്റ് ഫണ്ടമെന്റലിസ്റ്റ് എന്നീ പുസ്തകങ്ങളും പട്ടികയിലുണ്ട്.