30,000 സൂര്യന്മാരെ ഉള്‍ക്കൊള്ളാവുന്ന വലിപ്പം, 1200 കോടി വര്‍ഷം പ്രായം; ആദ്യ പ്രപഞ്ചത്തിലെ ഭീമന്‍ ഗാലക്‌സി ഇവിടെയുണ്ട്

പ്രപഞ്ചത്തിനു 180 കോടി വര്‍ഷം മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ ഉണ്ടായിരുന്ന ഭീമന്‍ ഗാലക്‌സിയെ കണ്ടെത്തി. 1200 കോടി വര്‍ഷം പ്രായമുണ്ടായിരുന്ന ഗാലക്‌സി ഇപ്പോള്‍ നിര്‍ജ്ജീവമാണ്. കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞന്‍ നേതൃത്വം നല്‍കുന്ന അന്താരാഷ്ട്രസംഘമാണ് ‘എക്സ്.എം.എം.-2599’ എന്ന് പേരിട്ട ഗാലക്‌സിയെ കണ്ടെത്തിയത്. വന്‍തോതില്‍ നക്ഷത്രങ്ങളെ ഉത്പാദിപ്പിച്ചിരുന്ന ഈ ഗാലക്‌സി കാലക്രമേണ ഉത്പാദനം കുറഞ്ഞ് നിര്‍ജ്ജീവമാവുകയായിരുന്നു.

30,000 സൂര്യന്മാരുടെ പിണ്ഡത്തിലേറെയായിരുന്നു ഈ ഗാലക്‌സിയുടെ പിണ്ഡം. പ്രപഞ്ചത്തിനു 100 കോടിയില്‍ താഴെ പ്രായമുള്ളപ്പോള്‍ എക്സ്.എം.എം.-2599 പരമാവധി നക്ഷത്രങ്ങളെ ഉത്പാദിപ്പിച്ചിരുന്നു. പ്രപഞ്ചത്തിനു 180 കോടി വയസ്സായപ്പോള്‍ ഈ ഗാലക്‌സി ഇല്ലാതായെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ബെഞ്ചമിന്‍ ഫോറസ്റ്റ് പറഞ്ഞു. പ്രപഞ്ചത്തിന്റെ ഇപ്പോഴത്തെ പ്രായം 1400 കോടി വര്‍ഷമാണ്.

അമേരിക്കയിലെ ഹവായിലുള്ള ഡബ്ല്യു.എം. കെക് ഒബ്സര്‍വേറ്ററിയിലെ മള്‍ട്ടി-ഒബ്ജെക്ട് സ്പെക്ട്രോഗ്രാഫ് ഫോര്‍ ഇന്‍ഫ്രാറെഡ് എക്സ്‌പ്ലൊറേഷന്‍ എന്ന ഉപകരണം ഉപയോഗിച്ചാണ് എക്സ്.എം.എം.-2599-ന്റെ സവിശേഷതകള്‍ ഗവേഷകസംഘം കണ്ടെത്തിയത്. ആസ്ട്രോഫിസിക്കല്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.