ശബ്ദങ്ങള്‍ നക്ഷത്രങ്ങള്‍

നൂറ്റാണ്ടിന്റെ ആഴത്തിലേക്ക് കാലെടുത്ത് വെക്കുമ്പോഴും വറ്റാത്ത നക്ഷത്രശോഭയോടെ സാഹിത്യ നഭസ്സില്‍ ശ്രീകണ്‌ഠേശ്വരത്തിന്റെ ശബ്ദതാരാവലി ജ്വലിച്ച് നില്‍ക്കുന്നു. പ്രായമേറുന്തോറും മേന്മയും പ്രസക്തിയുമേറി വരുന്നു. സംസ്‌കാരപഠനത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ശബ്ദതാരാവലിയെക്കുറിച്ചുള്ള പഠനങ്ങളും പുറത്ത് വന്നുകഴിഞ്ഞു.

നീണ്ടവര്‍ഷങ്ങളുടെ പരിശ്രമത്തിന്റെ ഗഹനത ശബ്ദതാരാവലിയില്‍ കാണാം. വള്ളത്തോള്‍ അഭിപ്രായപ്പെട്ടത് പോലെ “”പിറപ്പില്‍ തന്നെ ഭാഷയില്‍ പ്രകാശം വീശിയ മഹാനിഘണ്ടു””. മുന്‍പുള്ള നിഘണ്ടുനിര്‍മ്മാണശ്രമങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന തരത്തില്‍ ശ്രീകണ്‌ഠേശ്വരത്തില്‍ പ്രയത്‌നഫലം കാലത്തെ ജയിച്ചു. ഒരു നൂറ്റാണ്ട് തികയുന്ന ഈ വേളയില്‍ ഈ നിഘണ്ടു ചര്‍ച്ചയാവുന്നത് തന്നെയാണ്, പലയാളുകളിലൂടെ സഞ്ചരിക്കുന്നത് തന്നെയാണ് ശ്രീകണ്‌ഠേശ്വരത്തിനുള്ള പ്രണാമം. ശബ്ദതാരാവലിയുടെ പരിചയപ്പെടുത്തല്‍ മാത്രമാണ് കുറിപ്പിന്റെ ലക്ഷ്യം.

തിരുവനന്തപുരം ജില്ലയിലെ ശ്രീകണ്‌ഠേശ്വരത്ത് കുളവറ വിളാകത്ത് വീട്ടില്‍ പരുത്തിക്കാട്ട് നാരായണപ്പിള്ളയുടേയും നാരായണിയുടേയും മകനായി 1864 നവംബര്‍ 27 ജനിച്ചു. തുള്ളല്‍, ആട്ടക്കഥ, കഥകളി മുതലായ കാവ്യകലകളിലുള്ള അമിതാവേശം ചെറുപ്രായത്തില്‍ തന്നെ പത്മനാഭപിള്ളയ്ക്കുണ്ടായിരുന്നു. ആദ്യകാലങ്ങളിലെഴുതിയ കൃതികളിലധികവും തുള്ളല്‍ കഥകളും ആട്ടക്കഥകളുമായിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പേട്ടയിലെ സ്‌കൂളില്‍ ചേര്‍ന്ന് ഇംഗ്ലീഷ് പഠിച്ചു. മെട്രിക്കുലേഷന്‍ പരീക്ഷ ആദ്യവട്ടം പരാജയപ്പെട്ടു. അക്കാലത്തു തന്നെ പഴവങ്ങാടി വിഞ്ചേശ്വര ശാസ്ത്രികളുടെയടുക്കല്‍നിന്ന് സംസ്‌കൃതവും പഠിച്ചുവന്നു. ഇംഗ്ലീഷിനു പുറമേ സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളിലും അദ്ദേഹത്തിനു നല്ല പാണ്ഡിത്യമുണ്ടായിരുന്നു. കവിയൂര്‍ പരമേശ്വരന്‍ മൂസതിന്റെ കീഴില്‍ വൈദ്യവും അഭ്യസിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റ് പരീക്ഷ പാസായപ്പോള്‍ തിരുവനന്തപുരത്തെത്തി പ്രാക്ടീസ് തുടങ്ങി.

തുള്ളല്‍ക്കഥകളിലായിരുന്നു പ്രധാന കമ്പം. കിട്ടാവുന്ന പുസ്തകങ്ങളൊക്കെ സംഘടിപ്പിച്ച് വായിക്കുകയും അഭിനയിക്കുകയും ചെയ്തുപോന്നു. അച്ഛനും അമ്മയും മരിച്ചതോടെ തീര്‍ത്തും നിസഹായനായ പത്മനാഭന്‍ ഗ്രന്ഥരചനയിലേക്കു തിരിഞ്ഞു. ആദ്യ കൃതി ബാലിവിജയം എന്ന തുള്ളല്‍ കൃതിയായിരുന്നു. പിന്നീട് ധര്‍മ്മഗുപ്ത വിജയം ആട്ടക്കഥ എഴുതി. അറുപതോളം കൃതികള്‍ അദ്ദേഹം രചിച്ചു. ചുറ്റുപാട് മുഴുവന്‍ ഭ്രാന്തനെന്ന് അപഹസിച്ചപ്പോഴും, മേല്‍ക്കുമേല്‍ ദുരന്തങ്ങള്‍ വന്നപ്പോഴും തന്റെ പ്രവൃത്തിയില്‍ ശ്രീകണ്‌ഠേശ്വരം മുഴുകി. പത്രങ്ങളിലും മാസികകളിലുംനിന്നും പദങ്ങള്‍, പദവ്യുല്‍പത്തി, ചരിത്രം എന്നിവ കണ്ടെത്തി നിഘണ്ടുനിര്‍മ്മാണം തുടങ്ങി. 1895 മുതല്‍ 1923 വരെയുള്ള കാലഘട്ടം ഒട്ടവധി ക്ലേശങ്ങളിലൂടെ, നിരവധി വൈതരണികള്‍ താണ്ടിയാണ് നിഘണ്ടുനിര്‍മ്മാണം പൂര്‍ത്തിയായത്.

1930 ഒക്ടോബര്‍ 20 ന് എഴുതിയ മുഖവുരയില്‍ ശ്രീകണ്‌ഠേശ്വരം അത് സൂചിപ്പിക്കുന്നുണ്ട്

“സുഖം എന്ന പദത്തിന്റെ അര്‍ത്ഥം എന്റെ നിഘണ്ടുവില്‍ കൊടുത്തിട്ടുണ്ടെന്നുവരികിലും പരമാര്‍ത്ഥത്തില്‍ അതെങ്ങനെയിരിക്കുമെന്ന് ഞാന്‍ ഇതുവരെ അറിഞ്ഞിട്ടുള്ളവനല്ല. എന്റെ കുടുംബക്കാരും ബന്ധുകളും അതിന് സാക്ഷികളാകുന്നു”.

മറ്റൊരു സന്ദര്‍ഭത്തില്‍ അദ്ദേഹം കുറിക്കുന്നു.

“താരാവലിയെ മുദ്രണം ചെയ്ത് വാണിജ്യയില്‍ സമധികമായ ലാഭത്തെ സമ്പാദിക്കണമെന്ന് വിചാരിക്കാതെ കുലങ്കൂഷമായ ഭാഷാസാഹിത്യ ഭാഷാസാഹിത്യപരിചയത്തിനു പര്യാപ്തമാകണമെന്നുമാത്രം ഉദ്ദേശിച്ച് 1072 മുതല്‍ 1106 വരെ 34 സംവത്സരം ശബ്ദതാരാവലിയിലേക്ക് ചെലവാക്കിയതിന്റെ ശേഷവും എന്റെ ഹൃദയത്തിനുതന്നെ സംതൃപ്തി വന്നിട്ടിലെന്നുള്ളതും, പെട്ടെന്ന് ഒരു നിഘണ്ടു പുറപ്പെടുവിച്ചുകളയാം എന്ന് വിചാരിക്കുന്നവര്‍ ഓര്‍മ്മിക്കേണ്ടതാകുന്നു”.

ജീവിതം തന്ന താഡനങ്ങളോരോന്നും ഏറ്റുവാങ്ങുമ്പോഴും ശ്രീകണ്‌ഠേശ്വരം ശബ്ദങ്ങളെ സ്വരൂപിച്ചു, അടുക്കി വെച്ചു. അനേകജീവിതരാശിക്ക് ഉപയോഗത്തിനുതകുന്ന വലിയ ഭാഷാസേവനം നിര്‍വഹിച്ചു. നാനാദേശ -കാലങ്ങളില്‍ വ്യവസ്ഥപ്പെടുത്തുന്ന വാക്കുകളെ തനിക്ക് മുന്നേ മെരുക്കാന്‍ പുറപ്പെട്ടവരെ ശ്രീകണ്‌ഠേശ്വരം സ്മരിക്കുന്നുണ്ട്. റിച്ചാര്‍ഡ് കോളിന്‍സിനെയും, ഗുണ്ടര്‍ട്ടിനെയും, ബെയ്‌ലിയെയും, ഗോവിന്ദപിള്ളയെയും ആദരവോടെ സ്മരിച്ചാണ് പത്മനാഭപിള്ള മുഖവുര കുറിക്കുന്നത്.

സരസ്വതിവിലാസം പ്രസ്സില്‍ 1895ല്‍ ആണ് ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള നിഘണ്ടുനിര്‍മ്മാണത്തിനായി വായന തുടങ്ങിയത്. 1897ല്‍ എഴുത്ത് തുടങ്ങി. ദീര്‍ഘവര്‍ഷങ്ങളുടെ പ്രയത്‌നഫലമായി 1917-ല്‍ “ശബ്ദതാരാവലി”യുടെ കൈയ്യെഴുത്തുപ്രതി പൂര്‍ത്തിയായി. പക്ഷെ ഉള്ളടക്കത്തിന്റെ ബാഹുല്യം കാരണം അത്ര വലിയൊരു പുസ്തകം അച്ചടിക്കാന്‍ അക്കാലത്തെ പ്രസാധകരാരും തയ്യാറായില്ല. അതിനാല്‍ ശബ്ദതാരാവലി ചെറിയ ഭാഗങ്ങളായി മാസിക പോലെ തുടര്‍ച്ചയായി പ്രസിദ്ധപ്പെടുത്താന്‍ ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ള തീരുമാനിച്ചു. ചാലക്കമ്പോളത്തിലെ പുസ്തകവ്യാപാരിയായ ജെ. കേപ്പയുമായി ചേര്‍ന്ന് സരസ്വതിവിലാസം പ്രസ്സില്‍ 1917 നവംബര്‍ 13 ന് പദ്മനാഭപിള്ള “ശബ്ദതാരാവലി”യുടെ ആദ്യലക്കം മാസികാരൂപത്തില്‍ പുറത്തിറക്കി. 500 കോപ്പികളാണ് അടിച്ചത്. 22 രൂപ ആയിരുന്നു വില. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അത്ര ഓരോരോ ലക്കങ്ങളായി ശബ്ദതാരാവലിയുടെ ഒന്നാം പതിപ്പ് പുറത്ത് വന്നു കൊണ്ടിരുന്നു. ഒന്നാം പതിപ്പിന്റെ ഈ രീതിയിലുള്ള പ്രസിദ്ധീകരണ പ്രക്രിയ പൂര്‍ത്തിയാവാന്‍ ഏതാണ്ട് അഞ്ച് വര്‍ഷം എടുത്തു. 1923 മാര്‍ച്ച് 16 ന് അവസാനത്തേതായിപുറത്തുവന്നതോടെ “ശബ്ദതാരാവലി”യുടെ ഒന്നാം പതിപ്പ് പൂര്‍ത്തിയായി. ഈ 22 ലക്കങ്ങളിലും കൂടെ മൊത്തം 1584 താളുകള്‍ ആയിരുന്നു ഒന്നാം പതിപ്പിന് ഉണ്ടായിരുന്നത്.

ഉളളൂരിനെപ്പോലെ, കേസരിയെപ്പോലെ, മാര്‍ക്‌സിനെപ്പോലെ ചുറ്റുപാടുകളെല്ലാം നിരന്തരം വേട്ടയാടുമ്പോഴും, ജീവിതം അല്ലലുകളുടെ നടനവേദിയാകുമ്പോഴും ഒരു ദൃഢനിശ്ചയം കൈവിടാതെ കാത്ത ശ്രീകണ്‌ഠേശ്വരത്തെ ഓര്‍ക്കുക, ശബ്ദതാരാവലിയെ പുതിയ ശബ്ദങ്ങളാല്‍ പുതുക്കുക എല്ലാം മനുഷ്യരെ ശബ്ദ വ്യവസ്ഥകളെ ഉള്‍ക്കൊള്ളാവുന്ന ഇടത്തിലേക്ക് പരിഷ്‌കരിക്കുക എന്നത് തന്നെയാണ് ശതാബ്ദി വേളയില്‍ ചെയ്യാവുന്ന കാര്യം.

എആറിനെ ആശാന്‍ പ്രരോദനത്തില്‍ സ്മരിച്ച വരികള്‍ ശ്രീകണ്‌ഠേശ്വരം ജി പത്മനാഭപിള്ളയ്ക്കുള്ള ആദരം കൂടിയാണ്

“”ക്ഷീണിക്കാത്ത മനീഷയും മഷിയുണ-

ങ്ങീടാത്ത പൊന്‍പേനയും

വാണിക്കായ് തനിയേയുഴിഞ്ഞു വരമായ്

നേടീ ഭവാന്‍ സിദ്ധികള്‍””