Tuesday, 11 August 2026
‘Honest storytelling is a powerful means of change
06:09:04 AM IST
National

മോദിയുടെ വീഡിയോ നീക്കിയതിൽ മിണ്ടാതെ സക്കർബർഗ്; ഇന്ത്യയോട് മാപ്പ് പറഞ്ഞത് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിൽ മാത്രം.

Saj Kurian 6 August 2026, 9:30 am
SHARE

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്നും നീക്കം ചെയ്ത സംഭവത്തിൽ മെറ്റ മേധാവി മാർക്ക് സക്കർബർഗ് ഇതുവരെ ഇന്ത്യയോട് മാപ്പ് പറഞ്ഞില്ല.

മോദിയുടെ വീഡിയോ പിൻവലിച്ചതിൽ മൂന്ന് ദിവസത്തിനകം സക്കർബർഗ് മാപ്പ് പറയണമെന്ന് പാർലമെന്ററി സമിതി കർശനമായി ആവശ്യപ്പെട്ടതിന് പിന്നാലെ മെറ്റയുടെ മാപ്പപേക്ഷ പുറത്തുവന്നിരുന്നു.

എന്നാൽ പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിനല്ല, മറിച്ച് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ഡീപ്‌ഫെയ്ക്കുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തടയുന്നതിൽ വീഴ്ചപറ്റിയതിനാണ് ഇപ്പോൾ സക്കർബർഗ് മാപ്പ് പറഞ്ഞിരിക്കുന്നത്.


​ചോദ്യപ്പേപ്പർ ചോർച്ച തടയാൻ കർശന നടപടിയുണ്ടാകുമെന്ന് രാജ്യത്തെ യുവാക്കൾക്ക് ഉറപ്പുനൽകിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച വീഡിയോയാണ് ഫേസ്ബുക്കിൽ നിന്നും അടുത്തിടെ അകാരണമായി നീക്കം ചെയ്യപ്പെട്ടത്.

ഇതിനെത്തുടർന്ന് മെറ്റയുടെ പ്രതിനിധികളെ പാർലമെന്ററി സമിതി വിളിച്ചുവരുത്തി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. സക്കർബർഗ് മൂന്ന് ദിവസത്തിനകം നേരിട്ട് മാപ്പ് പറയണമെന്നും സമിതി ആവശ്യപ്പെട്ടിരുന്നു.

ഈ വിവാദം കൊടുമ്പിരികൊള്ളുന്നതിനിടയിലാണ് മറ്റൊരു വിഷയത്തിൽ സക്കർബർഗിന്റെ മാപ്പപേക്ഷ വന്നിട്ടുള്ളത്. പ്രധാനമന്ത്രിയുടെ വീഡിയോ വിഷയത്തിൽ സക്കർബർഗ് ഇതുവരെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.


​അതേസമയം, കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ലൈംഗിക ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിൽ തങ്ങൾക്ക് വലിയ വീഴ്ച പറ്റിയെന്ന് കേന്ദ്ര സർക്കാരിനെ മെറ്റ അറിയിച്ചു. മെറ്റ ഗ്ലോബൽ അഫയേഴ്സ് മേധാവി ജോയൽ കാപ്ലനും സംഘവും കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവുമായും മറ്റ് ഐടി മന്ത്രാലയ ഉദ്യോഗസ്ഥരുമായും നടത്തിയ ചർച്ചയിലാണ് കമ്പനി പ്രതിനിധികൾ ഇക്കാര്യം സമ്മതിച്ചത്.


​ചില പ്രത്യേക നിയമവിരുദ്ധ ഉള്ളടക്കങ്ങൾ നിശ്ചിത വിഭാഗം ഉപയോക്താക്കളിലേക്ക് എത്തിക്കാനായി (പെയ്ഡ് പ്രൊമോഷൻ) വലിയ തോതിൽ പണം കൈപ്പറ്റിയിട്ടുണ്ടെന്നും കമ്പനി പ്രതിനിധികൾ സർക്കാരിന് മുന്നിൽ സമ്മതിച്ചിട്ടുണ്ട്.

കുട്ടികൾ ഉൾപ്പെട്ട ലൈംഗിക വീഡിയോകൾ ഇൻസ്റ്റാഗ്രാം പ്രോത്സാഹിപ്പിക്കുന്നതായി നേരത്തെ ബിബിസി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കേന്ദ്ര സർക്കാർ മെറ്റയ്ക്ക് നോട്ടീസ് അയച്ചു. ഈ വിഷയത്തിലാണ് മെറ്റ ഇപ്പോൾ ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.

ഇതിനുമുൻപ് വാട്സാപ്പ് യൂസർനെയിം വിഷയത്തിലും മെറ്റ സർക്കാരിന്റെ നോട്ടപ്പുള്ളിയായിരുന്നു.
​പാർലമെന്ററി സമിതി കർശന നിർദേശം നൽകിയിട്ടും രാജ്യത്തെ പ്രധാനമന്ത്രിയുടെ വീഡിയോ നീക്കിയതിൽ വിശദീകരണം നൽകാതെ മറ്റു വിഷയങ്ങളിൽ മാത്രം മാപ്പ് പറയുന്ന മെറ്റയുടെ നിലപാടിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.

s
Saj Kurian
View all posts →