Tuesday, 11 August 2026
‘Honest storytelling is a powerful means of change
10:14:04 AM IST
Life

‘മിന്നൽ’ റോയ്’ 7 ഏഴ് തവണ ഇടിമിന്നലേറ്റിട്ടും അതിജീവിച്ച മനുഷ്യൻ!

SHARE

പ്രകൃതിയിലെ ഏറ്റവും ശക്തവും പ്രവചനാതീതവുമായ ശക്തികളിൽ ഒന്നാണ് മിന്നൽ. ശക്തമായ മഴയിലും കാറ്റിലും ഒക്കെ മിന്നൽ അടിച്ചേക്കുമെന്ന പേടി നമ്മളിൽ മിക്കവർക്കും ഉണ്ടായിട്ടുണ്ടാകും. വാസ്തവത്തിൽ 80 വർഷത്തെ ആയുസ്സിൽ ഇടിമിന്നൽ ഏൽക്കാനുള്ള സാധ്യത 10,000-ത്തിൽ 1 ആണെന്നാണ് പറയുന്നത്. എന്നാൽ ഈ കണക്കുകൂട്ടലുകളൊക്കെ തെറ്റിച്ച ഒരാൾ ഭൂമിയിലുണ്ടായിരുന്നു. അമേരിക്കയിലെ വിർജീനിയയിൽ നിന്നുള്ള ഇയാൾക്ക് മിന്നൽ ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിച്ച ഒരു സംഭവമായിരുന്നില്ല. അത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി തന്നെ മാറിയിരുന്നു എന്ന് വേണമെങ്കിൽ പറയാം.

35 വർഷത്തിനിടെ ഏഴ് വ്യത്യസ്ത മിന്നലാക്രമണങ്ങളെ അതിജീവിച്ച്, ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വിചിത്രവും ഞെട്ടിക്കുന്നതുമായ ലോക റെക്കോർഡുകളിൽ ഒന്നിന്റെ ഉടമയാണ് മുൻ യുഎസ് പാർക്ക് റേഞ്ചറായ റോയ് സി. സള്ളിവൻ. ശാസ്ത്രജ്ഞർ ഇപ്പോഴും മിന്നലിന്റെ സ്വഭാവത്തെക്കുറിച്ച് പഠിക്കുന്നുണ്ടെങ്കിലും സള്ളിവന് എങ്ങനെ അല്ലെങ്കിൽ എന്തുകൊണ്ട് ഇത്രയധികം തവണ ഇടിമിന്നലേറ്റു എന്ന് ആർക്കും വിശദീകരിക്കാൻ കഴിയില്ല. പക്ഷേ അസാധ്യമെന്ന് തോന്നുന്ന അതിജീവനത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിൽ ഒന്നാണ് അദ്ദേഹത്തിന്റെ കഥ.

സഹ റേഞ്ചർമാർ അദ്ദേഹത്തെ ‘സ്പാർക്ക് റേഞ്ചർ’ എന്നാണ് വിളിച്ചിരുന്നത്. മിന്നലുമായുള്ള ഏറ്റുമുട്ടലുകൾ അദ്ദേഹത്തിന് ഗിന്നസ് റെക്കോർഡിൽ ഇടം നേടി കൊടുക്കുകയും ചെയ്തു. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, റോയ് സള്ളിവന്റെ അതിശയിപ്പിക്കുന്ന യാത്ര ആരംഭിച്ചത് 1942 ഏപ്രിലിലാണ്. വിർജീനിയയിലെ ഷെനാൻഡോ നാഷണൽ പാർക്കിൽ ജോലി ചെയ്യുന്നതിനിടെ കത്തുന്ന വാച്ച് ടവറിൽ നിന്ന് രക്ഷപ്പെടുന്നതിനിടെ ഒരു മിന്നൽപ്പിണർ അദ്ദേഹത്തിന്റെ വലതു കാലിൽ കൊണ്ടു. അതായിരുന്നു ഇടിമിന്നലേറ്റ ഒരു സംഭവം!

ആ അപകടം അദ്ദേഹത്തിന് പൊള്ളലേൽക്കാനും കാലിലെ പെരുവിരൽ നഖം നഷ്ടപ്പെടാനും കാരണമായി. മിക്ക ആളുകളുടെയും മരണത്തിന് അതൊരു കാരണമായി തീർന്നിരിക്കാം, പക്ഷേ റോയിക്ക് അതൊരു തുടക്കം മാത്രമായിരുന്നു. 1969 ജൂലൈയിൽ, ഒരു ട്രക്ക് ഓടിക്കുമ്പോൾ അദ്ദേഹത്തിന് രണ്ടാമത്തെ തവണ മിന്നലേറ്റു. ഇത് അദ്ദേഹത്തെ ബോധരഹിതനാക്കുകയും പുരികങ്ങൾ പൊള്ളുകയും റിസ്റ്റ് വാച്ച് കരിച്ചു കളയുകയും ചെയ്തു. ഒരു വർഷത്തിനുശേഷം 1970 ജൂലൈയിൽ പൂന്തോട്ടത്തിൽ വച്ച് അദ്ദേഹത്തിന് വീണ്ടും ഒരു മിന്നലേറ്റു. ഇത്തവണ ഇടതു തോളിലാണ് മുറിവേറ്റത്.

പിന്നീട്, 1972 ഏപ്രിലിൽ ജോലിസ്ഥലത്ത് ഒരു ഗാർഡ്ഹൗസിൽ ആയിരിക്കുമ്പോൾ, വീണ്ടും ഇടിമിന്നലേറ്റ് അദ്ദേഹത്തിന്റെ മുടിക്ക് തീപിടിച്ചു. അടുത്ത വർഷം 1973 ഓഗസ്റ്റിൽ അദ്ദേഹം കാറിലിരിക്കുമ്പോൾ വീണ്ടും ഇതേ കാര്യം സംഭവിച്ചു. ആ അപകടത്തിൽ അദ്ദേഹത്തിന്റെ കാലുകൾ പൊള്ളുകയും രണ്ടാമത്തെ തവണയും മുടി കരിയുകയും ചെയ്തു.

1976 ജൂണിൽ നടന്നുകൊണ്ടിരിക്കുമ്പോഴാണ് റോയ്ക്ക് ആറാമത്തെ തവണ മിന്നലേറ്റത്. ഇതിൽ കണങ്കാലിന് പരിക്കേൽക്കുകയും മുടി വീണ്ടും പൊള്ളുകയും ചെയ്തു. 1977 ജൂണിൽ ഒരു ബോട്ടിൽ മീൻ പിടിക്കുമ്പോൾ ഇടിമിന്നലേറ്റ് റോയിയുടെ നെഞ്ചും വയറും പൊള്ളലേറ്റു. ഈ ഭയാനകമായ അനുഭവങ്ങൾക്കിടയിലും റോയ് അവയെയെല്ലാം അതിജീവിച്ചു എന്നതാണ് അത്ഭുതപ്പെടുത്തുന്നത്. 1983-ൽ 71-ാം വയസ്സിൽ അദ്ദേഹം സ്വാഭാവിക മരണമടഞ്ഞു. റോയിയുടെ ഭാര്യയ്ക്കും ഒരിക്കൽ തുണി അലക്കിക്കൊണ്ടിരുന്നപ്പോൾ ഇടിമിന്നലേറ്റു. പക്ഷേ ആ സമയത്ത് റോയ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

മിന്നലിൽ നിന്നുള്ള സുരക്ഷ ഒരു തമാശയല്ല. വീടിനുള്ളിൽ തന്നെ തുടരുന്നത് മിന്നലിൽ നിന്നും രക്ഷ നേടാൻ സഹായിക്കും എങ്കിലും ഇതും ഉറപ്പു നൽകുന്നില്ല. മരങ്ങൾ പോലുള്ള ഉയരമുള്ള വസ്തുക്കളിൽ നിന്ന് പെട്ടെന്ന് മാറിനിൽക്കുക, കൈകൾ കൊണ്ട് ചെവികൾ പൊത്തിപ്പിടിച്ച് കാലുകൾ ചേർത്തുവെച്ച് കുനിഞ്ഞ് ഇരിക്കുക എന്നിവയൊക്കെയാണ് രക്ഷ നേടാനുള്ള വഴികൾ. ഒരിക്കലും മലർന്ന് കിടക്കരുത് കാരണം അത് നിങ്ങളുടെ അപകടസാധ്യത വർദ്ധിപ്പിക്കും.

s
ന്യൂസ് ഡെസ്ക്
View all posts →