പി എം ശ്രീയിൽ യുഡിഎഫിന്റെ വൻ ചുവടുമാറ്റം; പഴയ നിലപാട് വിഴുങ്ങി സർക്കാർ, ധാർമ്മിക കുരുക്കിൽ പ്രതിപക്ഷവും
കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പി.എം ശ്രീ (PM SHRI) കേരളത്തിൽ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് മാറ്റി യു.ഡി.എഫ് സർക്കാർ. സാമ്പത്തിക പ്രതിസന്ധിയും കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ നേരത്തെ കരാർ ഒപ്പിട്ടുവെന്ന സാങ്കേതികത്വവും ചൂണ്ടിക്കാട്ടിയാണ് പദ്ധതിയുമായി മുന്നോട്ടുപോകാൻ യു.ഡി.എഫ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ഇതേ പദ്ധതിയെ ‘കാവിവൽക്കരണം’ എന്ന് ആരോപിച്ച് ശക്തമായി എതിർത്ത യു.ഡി.എഫിന്റെ ഇപ്പോഴത്തെ ചുവടുമാറ്റം അവരുടെ രാഷ്ട്രീയ സത്യസന്ധതയെയാണ് ചോദ്യം ചെയ്യുന്നത്.
യു.ഡി.എഫിന്റെ ഈ രാഷ്ട്രീയ നിലപാടുമാറ്റം കേവലം ഭരണപരമായ പ്രായോഗികതയല്ല, മറിച്ച് വലിയൊരു നയപരമായ മലക്കംമറിച്ചിൽ കൂടിയാണ്. മുൻ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കരാർ ഒപ്പിട്ടതിനെതിരെ രൂക്ഷമായ കടന്നാക്രമണമായിരുന്നു യു.ഡി.എഫ് നടത്തിയത്. എന്നാൽ അധികാരത്തിലെത്തി മാസങ്ങൾ പിന്നിടുമ്പോൾ പഴയ നിലപാടുകൾ കാറ്റിൽപ്പറത്തി കേന്ദ്ര പദ്ധതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം.
അതേസമയം, വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ സി.പി.എമ്മിനും ധാർമ്മികമായി കഴിയാത്ത അവസ്ഥയാണ്. കാരണം, കഴിഞ്ഞ ഇടതു സർക്കാരിന്റെ കാലത്ത് മന്ത്രിസഭയെ പോലും അറിയിക്കാതെയാണ് ഈ കരാറിൽ ഒപ്പുവെച്ചത്. എൽ.ഡി.എഫ് ഭരണകാലത്ത് എന്തിന് കരാർ ഒപ്പിട്ടു എന്ന ചോദ്യത്തിന് കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന് വ്യക്തമായ മറുപടി നൽകാൻ സാധിച്ചിരുന്നില്ല.
മുൻ സർക്കാർ ഒപ്പുവെച്ച ധാരണാപത്രം നിയമപരമായി തങ്ങളെ കെട്ടിയിട്ടിരിക്കുകയാണെന്നാണ് യു.ഡി.എഫ് വാദിക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ വർഗീയ അജണ്ടകൾക്ക് യു.ഡി.എഫ് കീഴടങ്ങുകയാണെന്ന് പ്രതിപക്ഷം തിരിച്ചടിക്കുന്നു. സംസ്ഥാനത്തിന്റെ സിലബസ് സ്വാതന്ത്ര്യവും വിദ്യാഭ്യാസ രംഗത്തെ മതേതര സ്വഭാവവും ഈ സാഹചര്യത്തിൽ എത്രത്തോളം സംരക്ഷിക്കപ്പെടുമെന്നത് വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.
പദ്ധതിയുമായി മുന്നോട്ടുപോകാൻ യു.ഡി.എഫ് മുന്നണിയിൽ നിന്ന് പച്ചക്കൊടി ലഭിച്ചതോടെ, വിശദമായ റിപ്പോർട്ട് സമർപ്പിക്കാനായി മന്ത്രിസഭാ ഉപസമിതിയുടെ അവസാന യോഗം ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് ചേരും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കൺവീനറായ സമിതിയിൽ മന്ത്രിമാരായ റോജി എം. ജോൺ, പി.സി. വിഷ്ണുനാഥ്, എം. ലിജു എന്നിവരാണ് മറ്റ് അംഗങ്ങൾ. മന്ത്രി എം. ലിജു മാത്രമാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിൽ യോഗത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുള്ളത്. ഉപസമിതി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ച ശേഷം അടുത്ത മന്ത്രിസഭാ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.
അതേസമയം, കേന്ദ്ര ഫണ്ട് അല്ലെങ്കിൽ മുൻ സർക്കാർ ഒപ്പിട്ടുപോയി തുടങ്ങിയ സാങ്കേതിക ന്യായങ്ങൾ പറഞ്ഞ് ഹിന്ദുത്വ അജണ്ടയായ പി.എം ശ്രീ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയെ സംഘ്പരിവാറിന് തീറെഴുതുന്ന നടപടിയാണിതെന്നും, സംസ്ഥാന വിഹിതം തടയുന്ന കേന്ദ്ര നടപടിയെ ജനകീയമായും നിയമപരമായും ചെറുക്കാനുള്ള ഇച്ഛാശക്തിയാണ് യു.ഡി.എഫ് സർക്കാർ കാണിക്കേണ്ടതെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ വ്യക്തമാക്കി.
കേരള ‘കേരളം’ ആയി; സംസ്ഥാനത്തിന്റെ പേര് മാറ്റ ബിൽ രാജ്യസഭയില് പാസായി
‘വരാത്ത മെസ്സി വരുമെന്ന് പറഞ്ഞ സമയത്ത് ആരായിരുന്നു മുഖ്യമന്ത്രി? ഉത്തരം പറയേണ്ടിവരും’; കെ മുരളീധരൻ