‘പാർട്ടിവിരുദ്ധമായി ഒന്നുമുണ്ടായിരുന്നില്ല, ‘കള്ളൻ വിജയൻ’ അനുയോജ്യമായ തലക്കെട്ടെന്ന് ലേഖകൻ’; വിശദീകരണം തേടി എം സ്വരാജ്
സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ വാരാന്തപ്പതിപ്പു വിവാദത്തിൽ വിശദീകരണം തേടി റസിഡൻ്റ് എഡിറ്റർ എം സ്വരാജ്. വാരാന്തപ്പതിപ്പിൻ്റെ ചുമതലയുള്ള പത്രാധിപരോടാണ് വിശദീകരണം തേടിയത്. വാരാന്തപ്പതിപ്പിലെ ലേഖനത്തിനു ‘കള്ളൻ വിജയൻ’ എന്നു തലക്കെട്ടു നൽകിയതിനെ ചൊല്ലിയുണ്ടായ വിവാദത്തിലാണ് നടപടി. വിഎസിനെക്കുറിച്ചുള്ള അനുസ്‌മരണ കവർ സ്‌റ്റോറി ഉൾപ്പെടുന്ന വാരാന്തപ്പതിപ്പ് ഞായറാഴ്‌ച പ്രസിദ്ധീകരിക്കാതിരുന്നതു സാങ്കേതികപ്പിഴവാണെന്നാണു സ്വരാജ് മാധ്യമങ്ങളോടു വിശദീകരിച്ചിരുന്നത്.
കള്ളൻ വിജയൻ എന്നറിയപ്പെടുന്ന നാടകപ്രവർത്തകനെക്കുറിച്ചുള്ള ലേഖനത്തിന് അനുയോജ്യമായ തലക്കെട്ട് അതു തന്നെയായിരുന്നെന്നും ലേഖകൻ നൽകിയ തലക്കെട്ട് അതേപടി ഉപയോഗിച്ചെന്നുമുള്ള വിശദീകരണമാണു നൽകിയത്. ലേഖനത്തിലോ തലക്കെട്ടിലോ പാർട്ടിവിരുദ്ധമായി ഒന്നുമുണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി.
പ്രസിൽ അച്ചടിയുമായി ബന്ധപ്പെട്ടുൾപ്പെടെ പ്രശ്‌നമുണ്ടായെന്നും ന്യായീകരിച്ചിരുന്നു. പുറമേക്കു പറയുന്ന വാദത്തിനു വിരുദ്ധമാണ്, ലേഖനത്തെച്ചൊല്ലി വാരാന്തപ്പതിപ്പിൻ്റെ ചുമതലക്കാരനോടു വിശദീകരണം തേടിയ നടപടി. അച്ചടക്ക നടപടിയുമുണ്ടാകുമെന്നാണു വിവരം. ഒരുദിവസം വൈകി ഇന്നലെ വാരാന്തപ്പതിപ്പു പുറത്തിറങ്ങിയത് ഈ ലേഖനം ഒഴിവാക്കിയാണ്. നാളെ ചേരുന്ന സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റിൽ എം.സ്വരാജ് വിവാദത്തെക്കുറിച്ചു വിശദീകരിക്കും.
ടി ജി മോഹന്‍ദാസിൻ്റെ ജാമ്യം: പൊലീസിന് വീഴ്ച സംഭവിച്ചു; നോട്ടീസ് നൽകാതെയുള്ള അറസ്റ്റ് നിയമ വിരുദ്ധമെന്ന് കോടതി
‘മുൻ കായിക മന്ത്രിക്ക് റെഡ് കാർഡ്’; മെസ്സിയുടെ കേരള സന്ദർശനത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പ്