നിങ്ങൾ ഏതു പ്രായം തിരഞ്ഞെടുക്കും ?  

ഡോ. ക്ലെയർ മേത്ത

ഇനിയുള്ള ജീവിതത്തിൽ ഒരു പ്രായത്തിൽ രന്നെ തുടരാൻ കഴിയുമെങ്കിൽ നിങ്ങൾ ഏതു പ്രായം തിരഞ്ഞെടുക്കും ?

ശ്രമകരമായ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിവായി കൂട്ടുകാരോടെപ്പം കളിച്ചുനടക്കുകയും ഗുണനപ്പട്ടിക പഠിക്കുകയും ചെയ്യുന്ന ഒരു ഒൻപത് വയസ്സുകാരൻ/കാരി ആകുമോ ?

അതോ എവിടെയും യാത്രചെയ്യാനുള്ള ധൈര്യവും സന്നദ്ധതയും പ്രകടിപ്പിക്കുന്ന, സുഹൃത്തുക്കളോടൊപ്പം യാത്രചെയ്യുന്നതിനും  പബ്ബുകളിലും ക്ലബ്ബുകളിലും തിമിർക്കാനും കഴിയുന്ന ഇരുപതുകളുടെ തുടക്കത്തിലോ ?

പാശ്ചാത്യലോകം യുവപ്രായത്തെയാണ് പലപ്പോഴും മാതൃകയാക്കുന്നത്. എന്നാൽ അതിനെയും അതിശയപ്പെടുത്തിക്കൊണ്ട് അടുത്തിടെ നടന്ന ഒരു വോട്ടെടുപ്പിൽ കൂടുതലാളുകളും ഒൻപത് വയസ്സോ ഇരുപത്തി മൂന്നു വയസ്സോ അല്ല തിരഞ്ഞെടുത്തത് മറിച്ച് 36 ആയിരുന്നു !

തീർച്ചയായും ഒരു ഡെവലപ്മെന്റ് സൈക്കോളജിസ്റ്റ് എന്ന നിലയിൽ അത് വളരെ അർത്ഥങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് എനിക്ക് അറിയാൻ സാധിച്ചു. അങ്ങനെ കഴിഞ്ഞ നാലുകൊല്ലമായി ഞാൻ 30 കളിലും 40 കളിലും നിൽക്കുന്ന മനുഷ്യരെ പഠിച്ചു കൊണ്ടിരിക്കുകയാണ്. പലരും കരുതുന്നതിലപ്പുറം ആ പ്രായം നേരിടുന്ന വെല്ലുവിളികളും സഫലീകരണവും എത്ര പ്രാധാന്യമുള്ളതെന്ന് മനസ്സിലാക്കാനും ഞങ്ങളെ പ്രാപ്തരാക്കി.

തേടലിന്റെയും കരുതലിന്റെയും സംഘട്ടനം

സ്വയം മുപ്പതുകളുടെ അവസാനത്തിൽ നിൽക്കുന്ന ഒരു ഗവേഷക എന്ന നിലയിൽ എനിക്ക് എന്റെ പ്രായത്തെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ആവശ്യമാണെന്ന് തോന്നി. മറ്റാരും ഈ പ്രായം പഠനത്തിന് തിരഞ്ഞെടുത്തിട്ടില്ല എന്നത് എന്നെ അല്പം കുഴപ്പിച്ചതാണ്. വീട് സ്വന്തമാക്കുക, വിവാഹം കഴിക്കുക, വിവാഹമോചനം നേടുക, ഭാവിയെ കരുപ്പിടിപ്പിക്കുക, പുതിയ തൊഴിലിൽ ചേക്കേറുക, കുട്ടികൾ ജനിക്കുക അല്ലെങ്കിൽ കുട്ടികൾ വേണ്ടെന്നു വെയ്ക്കുക ഇങ്ങനെ പലതും ഈ പ്രായത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്.

എന്തിനെക്കുറിച്ചെങ്കിലും പഠിക്കുന്നതിനായി അതിനൊരു പേര് കൊടുക്കുന്നത് നല്ലതാണ്. അങ്ങനെ സഹപ്രവർത്തകരുമായി ചേർന്ന് ഞാൻ 30 നും 45 നും മദ്ധ്യത്തിലുള്ള പ്രായത്തിന് “സ്ഥാപിത യൗവനം” (Established Adulthood) എന്ന് പേര് കൊടുത്തു. ഇപ്പോൾ നൂറോളം പേരുടെ അഭിമുഖങ്ങൾ നടത്തുകയും 600 പേരുടെ സർവേ ഡാറ്റ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.

സന്തോഷവാന്മാരും എന്നാൽ വെല്ലുവിളികളെ നേരിടുന്നവരുമായ ഈ ഗ്രൂപ്പിലേക്കാണ് വ്യാപകമായ ഒരന്വേഷണത്തിനായി ഞങ്ങൾ ഇറങ്ങിത്തിരിച്ചത്. ജീവിതത്തെ സുരക്ഷിതമാക്കുന്ന ഒരു തൊഴിലിൽ ഉറയ്ക്കുക, കുടുംബവും സുഹൃദ്ബന്ധങ്ങളും ബലപ്പെടുത്തുക, ശാരീരികമായും വൈജ്ഞാനികമായും ഉന്നതി പ്രാപിക്കുക തുടങ്ങിയ കാര്യങ്ങളിൽ ജീവിതം അവർക്ക് അനുകൂല പ്രതികരണങ്ങൾ നല്കിയിട്ടുണ്ടാകണം എന്ന് ഞങ്ങൾ കണക്കുകൂട്ടി എന്നാൽ ഒപ്പം വെല്ലുവിളികളും. ഞങ്ങൾ പ്രതീക്ഷിച്ച പ്രധാന വെല്ലുവിളി തൊഴിലും കരുതലുമാണ്. എന്നു  പറഞ്ഞാൽ ഒരാളുടെ  പ്രൊഫഷൻ ആവശ്യപ്പെടുന്ന കൂടുതൽ അദ്ധ്വാനവും അയാളുടെ സംരക്ഷണത്തിൽ കഴിയുന്നവരുടെ ആവശ്യകതകളും തമ്മിലുള്ള സംഘട്ടനമാണ്. അതായത് തൊഴിലാകുന്ന ഗോവണിയിൽ മുകളിലേക്ക് കയറാൻ കൂടുതൽ അദ്ധ്വാനം ആവശ്യമായി വരുമ്പോൾത്തന്നെ കുട്ടികളെ പരിപാലിക്കുക, ജീവിതപങ്കാളിക്കുവേണ്ടിയും മാതാപിതാക്കൾക്കുവേണ്ടിയും കരുതൽ കൊടുക്കേണ്ടതിന് കൂടുതൽ സമയവും ശ്രദ്ധയും ചെലുത്തേണ്ടി വരുന്നു എന്നതാണ്.

എന്നിട്ടും ഞങ്ങൾ  ഡാറ്റ നോക്കാൻ തുടങ്ങിയപ്പോൾ,  കണ്ടെത്തിയ കാര്യങ്ങൾ ഞങ്ങളെ അത്ഭുതപ്പെടുത്തി. അതെ, അക്കാര്യങ്ങളിൽ അവർ ആവേശഭരിതരാണ്  മാത്രമല്ല വളരെ കുറച്ച് സമയത്തിനുള്ളിൽ‌ വളരെയധികം കാര്യങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്‌തു. കൂട്ടത്തിൽ അധികമായ സംതൃപ്തിയെക്കുറിച്ച് അവർ സംസാരിച്ചു. അവരെ സമ്മർദ്ദത്തിലാക്കുന്ന കാര്യങ്ങൾ പോലും അവർക്ക് സന്തോഷം നൽകുന്നു.

ഉദാഹരണത്തിന്, 44 കാരനായ യുയിംഗ് പറഞ്ഞു, “ഈ കാലഘട്ടത്തിൽ സങ്കീർണ്ണമായ പലതുമുണ്ടെങ്കിലും  ഇപ്പോൾ എനിക്ക് വളരെ സന്തോഷമുണ്ട്”. 39 കാരിയായ നീന “വന്യമായി സന്തോഷിക്കുന്നു” എന്ന് സ്വയം വിശേഷിപ്പിച്ചു. (ഗവേഷണ പ്രോട്ടോക്കോൾ ആവശ്യപ്പെടുന്നതുപോലെ ഇവിടെ വ്യാജനാമങ്ങൾ ഉപയോഗിച്ചിരിക്കുന്നു)

ഡാറ്റയെ ഞങ്ങൾ‌ കൂടുതൽ‌ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ‌, മറ്റേതൊരു പ്രായത്തേക്കാളും 36 വയസ്സ് തുടരാൻ‌ ആളുകൾ‌ താൽ‌പ്പര്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമായിത്തുടങ്ങി. ആളുകൾ അത് അവരുടെ ജീവിതത്തിന്റെ ഉത്കർഷഭാഗമായും അനുഭങ്ങളുടെ ഉത്തുംഗമായും വിശേഷിപ്പിച്ചു.   കരിയറും ബന്ധങ്ങളും വികസിപ്പിക്കുന്നതിനായി വർഷങ്ങളോളം പ്രവർത്തിച്ചതിനുശേഷം ഒടുവിൽ  എത്തിയെന്ന തോന്നൽ അവരിൽ കാണപ്പെട്ടു.  36 കാരനായ മാർക്ക് പറഞ്ഞു “കാര്യങ്ങൾ കൂടുതൽ ശരിയായി അനുഭവപ്പെടുന്നു. ഞാൻ ഒരു മെഷീൻ ഒരുമിച്ച് ചേർത്തിട്ടുണ്ട്.  ഒടുവിൽ ആവശ്യമായ ഭാഗവും ചേർത്തത് ഇപ്പോഴാണ്.”

ആശ്വാസത്തിന്റെ നെടുവീർപ്പ്

ഇരുപതുകൾ മുതൽ അവർ പരിശ്രമിച്ചുകൊണ്ടിരുന്ന കരിയർ, ബന്ധങ്ങൾ, പൊതു ജീവിത നൈപുണ്യം എന്നിവ ശേഖരിച്ചുവെച്ചതായി തോന്നുന്നതിനൊപ്പം കൂടുതൽ ആത്മവിശ്വാസമുണ്ടായ പ്രായം അതായിരുന്നു എന്നും  തങ്ങളെ നന്നായി സ്വയം മനസ്സിലാക്കാൻ പ്രാപ്തമാക്കിയത് ഏറെക്കുറെ ആ സമയത്തായിരുന്നു എന്നും പലരും പ്രതികരിച്ചു.

ജോഡി എന്ന സ്ത്രീ തന്റെ ഇരുപതുവയസ്സിനു ശേഷം  36 ൽ നേടിയ അവളുടെ ജ്ഞാനത്തെ കൂടുതൽ വിലമതിക്കുന്നത്രെ. ഇരുപതുകളുടെ സ്വാതന്ത്ര്യത്തിനു ശേഷം ഒരു ദശാബ്ദക്കാലത്തെ അനുഭവമാണ് ഇപ്പോൾ ലഭിച്ചത്.  (ഇരുപതുകളിൽ നിങ്ങൾ നിങ്ങളെക്കുറിച്ച് കണ്ടെത്തിയതെന്തോ അത് തെറ്റാകണമെന്നും നിർബന്ധമില്ല. )

ഇരുപതുകളിൽ നിങ്ങൾക്ക് ആവശ്യമുള്ളത് എന്തെന്നും ആവശ്യമില്ലാത്തത് എന്താണെന്നും തിരിച്ചറിയാൻ സാധിക്കും. അങ്ങനെ നിങ്ങൾ മുപ്പതുകളിലേക്ക് പോകുന്നു. മാസത്തിൽ അര ഡസനിലധികം സമയം അത്തരം കാര്യങ്ങൾക്കായി നിങ്ങൾ ചെലവഴിക്കില്ല കാരണം അതേക്കുറിച്ച് നിങ്ങൾക്ക് ധാരണയുണ്ട്. “നോ താങ്ക്സ് “എന്ന് പറയാൻ കഴിയുകയും ചെയ്യുന്നു. ആവശ്യമില്ലാത്ത ആളുകളെ ഒഴിവാക്കി ആവശ്യമുള്ളവരുമായി കൂടുതൽ അടുക്കുകയും ചെയ്യുന്നു.

ഞങ്ങൾ‌ അഭിമുഖം നടത്തിയ മിക്ക മുതിർന്നവരും അവരുടെ ഇരുപതുകളിലുള്ളതിനേക്കാൾ‌ 30 കളിൽ‌ അവർ‌ സന്തുഷ്ടരാണെന്ന് തിരിച്ചറിഞ്ഞു, മാത്രമല്ല അവർ‌ അഭിമുഖീകരിക്കാൻ‌ തുടങ്ങുന്ന ശാരീരിക വാർദ്ധക്യത്തിൻറെ ചില ലക്ഷണങ്ങളെക്കുറിച്ച്  ചിന്തിക്കുന്നതിനെ ഇത് സ്വാധീനിച്ചു. ആരോഗ്യകരമായ വാർദ്ധക്യത്തിനായുള്ള തയ്യാറെടുപ്പ് ചിന്തിച്ചുതുടങ്ങി എന്നർത്ഥം. ഉദാഹരണത്തിന്, 37 കാരിയായ ലിസ പറഞ്ഞു, “എനിക്ക് ശാരീരികമായി മടങ്ങാൻ കഴിയുമെങ്കിലും എനിക്ക് വൈകാരികമായും മാനസികമായും മടങ്ങേണ്ടിവന്നാൽ… ഒരു വഴിയുമില്ല. ”

എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല.

ഞങ്ങളുടെ ഗവേഷണം ചില മുൻ ധാരണകളോടെ വേണം വായിക്കുന്നതിന്.
ഞങ്ങളുടെ ചോദ്യങ്ങൾ ചോദിക്കപ്പെട്ടത് വടക്കേ അമേരിക്കയിലെ മധ്യവർഗ്ഗത്തിന് ഇടയിലാണ്. അതിൽ ഭൂരിഭാഗം പേരും വെളുത്ത വർഗ്ഗക്കാർ ആയിരുന്നു. തൊഴിലാളി വർഗ്ഗത്തിന് പ്രത്യേകിച്ചും വ്യവസ്ഥാപിതമായ വംശീയത പതിറ്റാണ്ടുകൾ കാണേണ്ടിവന്നവരുടെ കാര്യം ഇങ്ങനെ ആയിരിക്കണമെന്നില്ല. ഇപ്പോൾ കോവിഡ് പാൻഡെമിക്കിന്റെ സാഹചര്യത്തിൽ കരുതലിന്റെ  ഉത്തരവാദിത്തം ഏറിനിൽക്കുമ്പോൾ മാറ്റമുണ്ടാകാം. സന്തതീമാതാപിതാക്കളെ സംരക്ഷിക്കാൻ ആവശ്യമായ അതീവ ശ്രദ്ധയും ഉത്കണ്ഠയും ശരിയായ ഉത്തരം ലഭിക്കുന്നതിന് തടസ്സമാകാം.

പ്രായമായവർ  മടങ്ങിവരാൻ ആഗ്രഹിക്കുന്നതും താരതമ്യേന സ്വതന്ത്രമായ  ഇരുപതുകളിലേക്കല്ല മറിച്ച് ഉത്തരവാദിത്വം കൂടുതലുള്ള മുപ്പതുകളിലേക്കാണ്. ഇത് സാവകാശത്തിൽ സംഭവിക്കുന്നതാണ്. കൈലിൻ ഷെയ്‌ഫറിന്റെ ഈയിടെയിറങ്ങിയ   But You’re Still So Young എന്ന പുസ്തകത്തിൽ ആളുകൾ അവരുടെ മുപ്പതുകളെ പര്യവേഷണം ചെയ്യുന്നത് വിവരിച്ചിരിക്കുന്നു. പുതിയ തൊഴിൽ സാഹചര്യം തേടൽ, ബന്ധങ്ങൾ ഉറപ്പിക്കൽ, സൃഷ്ടിപരമായ ക്ഷമത ഇത്തരം വിഷയങ്ങളെല്ലാം അവർ പറഞ്ഞുപോകുന്നുണ്ട്.

ഞങ്ങൾ നടത്തിയ അന്വേഷണവും മിസ് ഷെഫറിന്റെ പുസ്തകവും ഒരു തുടക്കം മാത്രമാണെന്ന് ഞാനും സഹപ്രവർത്തകരും കരുതുന്നു. സ്ഥാപിത യൗവ്വനത്തെക്കുറിച്ച്, അത് നൽകിയ വെല്ലുവിളികളെയും  പ്രതിഫലങ്ങളെയും കുറിച്ച് സ്വയം കൂടുതൽ അറിയുന്നതിനും നല്ല ഓർമ്മകൾ മാത്രമല്ല പിൽക്കാലജീവിതത്തിന് അടിത്തറയിടുന്നതിനുള്ള ഒരുക്കങ്ങളും  ഉറപ്പാക്കാൻ സഹായിക്കുമെന്നുറപ്പാണ്.

കടപ്പാട്: ഡോ. ക്ലെയർ മെഹ്ത | സ്ക്രോൾ
———————————
സ്വതന്ത്രവിവർത്തനം : സാലിഹ് റാവുത്തർ