എന്താണ് ഗ്രീന്‍ ഫംഗസ്? എങ്ങനെ പ്രതിരോധിക്കാം? ലക്ഷണങ്ങള്‍ ഇവയൊക്കെ, അറിയാം

രാജ്യത്ത് കോവിഡ് മുക്തര്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ “ഗ്രീന്‍ ഫംഗസ്” സ്ഥിരീകരിച്ചത് ഭീതിയുണര്‍ത്തുന്നു. ബ്ലാക്ക്, വൈറ്റ്, യെല്ലോ എന്നീ മാരകമായ വൈറസുകള്‍ക്ക് പുറമേയാണ് ഗ്രീന്‍ ഫംഗസ് എന്ന പുതിയ ഫംഗല്‍ ബാധ കണ്ടെത്തിയിരിക്കുന്നത്. മധ്യപ്രദേശുകാരനായ 34 വയസ്സുള്ള വ്യക്തിയിലാണ് ഗ്രീന്‍ ഫംഗസ് ബാധ കണ്ടെത്തിയിരിക്കുന്നത്.

എന്താണ് ഗ്രീന്‍ ഫംഗസ്?

ബ്ലാക്ക് ഫംഗസിന് സമാനമായ രീതിയില്‍ കോവിഡ് ബാധിതരിലോ അല്ലെങ്കില്‍ കോവിഡ് രോഗമുക്തരിലോ കാണപ്പെടുന്ന കടുത്ത അണുബാധയാണ് ഗ്രീന്‍ ഫംഗസ്. ആസ്പര്‍ഗില്ലോസിസ് (Aspergillosis) എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. രോഗബാധിതനായ വ്യക്തിയില്‍ കടുത്ത പനി, മൂക്കില്‍ നിന്നുള്ള രക്തസ്രാവം എന്നിവയാണ് ലക്ഷണങ്ങളായി കണ്ടെത്തിയിട്ടുള്ളത്.

രോഗപ്രതിരോധ ശേഷി ദുര്‍ബലമായവര്‍ അല്ലെങ്കില്‍ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ഈ ഫംഗസ് ബാധയെ വളരെയധികം ശ്രദ്ധിക്കണം. ഗ്രീന്‍ ഫംഗസ് അലര്‍ജി, ശ്വാസകോശ അണുബാധ, മറ്റ് അവയവങ്ങളിലും അണുബാധ ഉണ്ടാക്കുന്നു. തുടക്കത്തില്‍ തന്നെ കൃത്യമായ പരിചരണം ലഭിച്ചാല്‍ ഈ രോഗാവസ്ഥയെ ഇല്ലാതാക്കാന്‍ സാധിക്കും.

ലക്ഷണങ്ങള്‍:

വളരെ അധികം കഠിനമായ പനിയും, മൂക്കില്‍ നിന്നുള്ള രക്തസ്രാവവുമാണ് നിലവില്‍ കണ്ട പ്രധാന ലക്ഷണം. ഇതോടൊപ്പം നെഞ്ച് വേദനയും, ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ടും, ചുമക്കുമ്പോള്‍ രക്തം വരുന്നതും ലക്ഷണങ്ങളും ഉണ്ടാവും. കോവിഡ് രോഗമുക്തര്‍ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

പരിശോധന നടത്തുമ്പോള്‍ മെഡിക്കല്‍ ചരിത്രം, ശാരീരിക പരിശോധനകള്‍, ലാബ് പരിശോധനകള്‍, അപകട സാധ്യതകള്‍ എന്നിവയെല്ലാം പരിശോധിക്കേണ്ടതാണ്. എക്സറേ, സിടി സ്‌കാന്‍ പോലുള്ളവയും ചില അവസരങ്ങളില്‍ ആവശ്യമായി വന്നേക്കാം. കൊവിഡ് രോഗം ബാധിച്ച വ്യക്തികളില്‍ ആദ്യം തന്നെ രക്തപരിശോധന നടത്തണം.

എങ്ങനെ പ്രതിരോധിക്കാം:

Read more

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കണം. ഏതെങ്കിലും തരത്തിലുള്ള അലര്‍ജികള്‍ ഉള്ള വ്യക്തികള്‍ കൂടുതല്‍ ശ്രദ്ധിക്കണം. കോവിഡിനെ പ്രതിരോധിക്കാനുള്ള സുരക്ഷിത മാഗങ്ങളെല്ലാം ശ്രദ്ധിക്കണം. ഖനന സൈറ്റുകളില്‍ ജോലി ചെയ്യുന്നവരെങ്കില്‍ എന്‍95 മാസ്‌ക് തന്നെ ധരിക്കാന്‍ ശ്രദ്ധിക്കണം.