വിവാഹ ചിത്രങ്ങള്‍ സിനിമാ സ്‌റ്റൈലില്‍ ഗംഭീരമാക്കാം; വിവാഹ ഫോട്ടാ ഷൂട്ടുകളിലെ പുത്തന്‍ ട്രെന്‍ഡുകള്‍

സന്തോഷ നിമിഷങ്ങള്‍ ഓര്‍മയില്‍ എന്നും കാത്തു സൂക്ഷിക്കാന്‍ ആരാണ് ഇഷ്ടപ്പെടാത്തത്. അവയില്‍ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്നതു കൂടിയാണെങ്കിലോ. അവയുടെ ചിത്രങ്ങളും വീഡിയോ ഇല്ലാതെ ആലോചിക്കാന്‍ പോലും വയ്യ. വിവാഹ വേളകളിലെ മനോഹര ചിത്രീകരണം പുതിയ തലങ്ങളിലേക്ക് ചേക്കേറിയിരിക്കുകയാണ്. പുത്തന്‍ രീതികളിലുടെയും ആശയങ്ങളിലുടെയുമാണ ആധുനിക ക്യാമറക്കണ്ണുകള്‍ ചലിക്കുന്നത്. അത്തരത്തിലുള്ള വ്യത്യസ്തതകളോടു തന്നെയാണല്ലോ ആള്‍ക്കാര്‍ക്കും പ്രിയം. അതിനു വേണ്ടി എത്ര പണം ചിലവാക്കാനും റെഡി. പ്രീ വെഡ്ഡിങ് ഷൂട്ട്, വെഡ്ഡിങ് ഡേ ഷൂട്ട്, പോസ്റ്റ് വെഡ്ഡിങ് ഷൂട്ട് ഇങ്ങനെ നീളുന്നു പരിപാടികള്‍.

ഏരിയല്‍ ഷോട്ടും കാന്‍ഡിഡ് ഫോട്ടോഗ്രഫിയും

ചില വിവാഹ വീഡിയോകള്‍ വധൂവരന്മാരുടെ ഏരിയല്‍ ഷോട്ടിലൂടെയായിരിക്കും തുടങ്ങുക. സിനിമയിലെ നടന്റെയോ നടിയുടെയോ ഇന്‍ഡ്രോ സീനുകള്‍പോലെ. നിരനിരയായി നിന്ന് ഫോട്ടോ എടുത്തു പോകുന്ന കാലം കഴിഞ്ഞു. ഇപ്പോള്‍ കാന്‍ഡിഡ് ഫോട്ടോഗ്രഫിയുടെ കാലമാണ്. ഫോട്ടോഗ്രാഫര്‍മാരുടെ ഒരു ഗ്രൂപ്പാണ് വരിക. ചടങ്ങുകളുടെ ഫോട്ടോകള്‍ എടുക്കാന്‍ ഒരാള്‍, അതേസമയം ചുറ്റും നടക്കുന്ന രസകരമായ മുഹൂര്‍ത്തങ്ങള്‍ ഒപ്പിയെടുക്കാനൊരാള്‍ അങ്ങനെ പോകുന്നു നിര. ഫോട്ടോ എടുക്കാനായി ഫോട്ടോ ബൂത്ത് വിത് പ്രോപ്സ്, സെല്‍ഫി സ്റ്റേഷന്‍, ലൈവായി സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്യാനായി ഫ്രീ വൈ-ഫൈ, ടച്ച് സ്‌ക്രീന്‍ എല്ലാം ഒരുക്കിയിരിക്കും.

ഫസ്റ്റ്ലുക്ക് ഫോട്ടോസ്

അണിഞ്ഞൊരുങ്ങിയിറങ്ങുമ്പോള്‍ പകര്‍ത്തുന്ന “ഫസ്റ്റ് ലുക്ക്” ഫോട്ടോസ് ഇപ്പോള്‍ ട്രെന്‍ഡാണ്. സെലിബ്രിറ്റികളുടെ കല്യാണങ്ങള്‍ക്കാണ് ആദ്യമിത് നമ്മള്‍ കണ്ടത്. ഇപ്പോള്‍ ഇതും സാധാരണമായിരിക്കുന്നു. വിവാഹ ദിവസം ഒരുങ്ങിയെത്തുന്ന വധുവിനും വരനും ഏറ്റവും ഇഷ്ടം തങ്ങളുടെ പോര്‍ട്രേറ്റ് ഫോട്ടോസായിരിക്കും. മാതാപിതാക്കളുമായുള്ള ഇമോഷണല്‍ മൊമന്റ്സും ഇതിലുള്‍പ്പെടുത്തുന്നു. ഒപ്പം തന്നെ കല്യാണ തിരക്കിനിടയില്‍ സംഭവിക്കുന്ന ചെറിയ അബദ്ധങ്ങള്‍, രസകരമായ കളികള്‍. സ്‌ക്രിപ്റ്റും വോയ്സോവറും കൂടിയുണ്ടെങ്കില്‍ സംഭവം ഉഷാറായി.

തീം ഫോട്ടോസ്

കല്യാണം കഴിഞ്ഞ് റിസപ്ഷനും കഴിഞ്ഞ് പൊടിയും തട്ടിപോകുന്ന ഫോട്ടോഗ്രാഫേഴ്സും വീഡിയോഗ്രാഫേഴ്സും ഇന്നു ചുരുക്കമാണ്. ഏതുതരത്തിലുള്ളതെന്ന ചോയ്സ് നമ്മുടേതാണ്. വെഡ്ഡിങ് ഷൂട്ടിന് ലൊക്കേഷന്‍ തേടി ചിലര്‍ ദൂര സ്ഥലങ്ങളിലേക്ക് പോകുന്നതും ഇന്ന് ട്രെന്‍ഡായിരിക്കുന്നു. ഹിറ്റായ സിനിമാഗാനം ചിത്രീകരിച്ച അതേ ലൊക്കേഷനില്‍ അതേ വസ്ത്രങ്ങളിഞ്ഞ് അതേ ഗാനത്തിന് ചുവടുവെക്കുന്നു. ഒരു നിമിഷം ഇതു സിനിമയാണോ എന്നു ചിന്തിച്ചുപോയാല്‍ അത്ഭുതപ്പെടാനില്ല.

ഷെയര്‍ ചെയ്യാന്‍ ടീസറുകള്‍

ചില ഫോട്ടോഗ്രാഫര്‍മാര്‍ വെഡ്ഡിങ് പാര്‍ട്ടിയുടെ ഫോട്ടോകള്‍ എടുത്ത് അതില്‍ ഗ്രാഫിക്സ് ചേര്‍ത്ത് രസകരമാക്കുന്നുണ്ട്. സ്റ്റില്‍ ഫോട്ടോകളെടുത്ത് അനിമേറ്റ് ചെയ്തുണ്ടാക്കുന്നതിനെ -സ്റ്റോപ് മോഷന്‍ വെഡ്ഡിങ് ഫോട്ടോ ഫിലിം എന്നാണ് വിളിക്കുന്നത്. ചിലപ്പോള്‍ വെഡ്ഡിങ് വീഡിയോ മൂഴുവനിരുന്നു കാണാന്‍ നേരമുണ്ടായെന്നു വരില്ല. അതു കൊണ്ടു തന്നെ ഈ വീഡിയോയുടെ ഷോര്‍ട്ട് കട്ട് അഥവാ വെഡ്ഡിങ് ഹൈലൈറ്റ്സ് ആണിന്ന് താരം. സിനിമ റിലീസാകുന്നതിന് മുമ്പ് തയാറാക്കുന്ന ട്രെയിലര്‍ പോലെ. അതു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാല്‍ പിന്നെ ഫുള്‍ വേര്‍ഷനുള്ള കാത്തിരിപ്പിലാകും കാണുന്നവര്‍.